തിരുവനന്തപുരം: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പുതിയ വിവാദത്തിന് പിന്നിലെ ലക്ഷ്യം കോടിയേരി ബാലകൃഷ്ണനോ പാർട്ടി കേരളഘടകമോ? സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടാമൂഴത്തിന് കോടിയേരിക്ക് മുന്നിൽ കാര്യമായ തടസ്സങ്ങളുമില്ല. എന്നിരിക്കെയാണ് അദ്ദേഹത്തിെൻറ മകനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി പുറത്തുവന്നിരിക്കുന്നത്. സ്വന്തം തട്ടകമായ കണ്ണൂർ, പ്രവർത്തന ജില്ലയായ തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ല സമ്മേളനങ്ങൾ നടക്കാനിരിക്കെ പുറത്തുവന്ന ഇൗ വിവാദം സമ്മേളനങ്ങളിൽ കോടിയേരിയെ കൂടുതൽ പ്രതിരോധത്തിലാക്കും. കഴിഞ്ഞ 12 ജില്ല സമ്മേളനങ്ങളിലും കാര്യമായ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടില്ലാത്ത സംസ്ഥാന നേതൃത്വത്തിന് ശേഷിക്കുന്ന സമ്മേളനങ്ങളിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കേണ്ടിവരും. കോടിയേരി ബാലകൃഷ്ണെൻറ മക്കൾക്കെതിരെ നേരത്തേയും ചില പരാതികൾ ഉയർന്നിരുെന്നങ്കിലും രേഖാമൂലം പരാതി ലഭിക്കുന്നത് ഇത് ആദ്യമാണ്. പാർട്ടി നേതാക്കളുടെയും മക്കളുടെയും ആർഭാട ജീവിതവും വിവാഹ ധൂർത്തുമൊക്കെ നേരത്തേതന്നെ പാർട്ടിയിൽ ചർച്ചയായിരുെന്നങ്കിലും സാമ്പത്തിക തട്ടിപ്പ് പരാതി ഇതാദ്യമാണ്.
കോടിയേരിയുടെ മകനെതിരായ പരാതിക്കുപിന്നിൽ പാർട്ടിക്കുള്ളിൽനിന്നുള്ള നീക്കമുണ്ടോയെന്ന സംശയവും ശക്തമാണ്. ഫെബ്രുവരി അവസാനം സി.പി.എം സംസ്ഥാന സമ്മേളനം നടക്കുകയാണ്. കോടിയേരിതന്നെ വീണ്ടും സെക്രട്ടറിയാകുമെന്ന് ഏറക്കുറെ ഉറപ്പുമാണ്. ആ സാഹചര്യത്തിൽ അതിന് തടയിടാനുള്ള നീക്കമാണോ പുതിയ വിവാദത്തിനു പിന്നിലെന്ന സംശയമുണ്ട്. പാർട്ടിക്കുള്ളിൽതന്നെ സെക്രട്ടറി സ്ഥാനം സ്വപ്നം കാണുന്ന പ്രമുഖർക്ക് ഇതിനു പിന്നിൽ എന്തെങ്കിലും കൈയുണ്ടോയെന്ന സംശയം സംസ്ഥാന നേതൃത്വത്തിനുമുണ്ട്. സംശയമുന കേന്ദ്രനേതൃത്വത്തിന് നേർക്കും നീളുന്നുണ്ട്. കോൺഗ്രസ് ബന്ധം വേണോയെന്നതിെൻറ പേരിൽ ദേശീയതലത്തിൽതന്നെ സി.പി.എമ്മിലെ ചേരിതിരിവ് ശക്തമായ സാഹചര്യത്തിലാണ് പരാതിക്കത്ത് പുറത്തുവന്നത് എന്നതിനാലാണിത്.
കുടുംബവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോടിയേരി പലകുറി പ്രതിരോധത്തിലായിട്ടുള്ളതാണ്. പൂമൂടൽ വിവാദം, വ്യവസായികളുമായുള്ള ബന്ധം, ആഡംബരകാറിെല യാത്ര തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. അതിൽനിന്നൊക്കെ വിദഗ്ധമായി ഒഴിഞ്ഞുമാറിയിട്ടുമുണ്ട്. എന്നാൽ, ഇക്കുറി ന്യായീകരിച്ച് നിൽക്കാൻ ഏറെ പണിപ്പെടേണ്ടി വരും. കോടിയേരിയുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് മക്കൾ സമ്പാദ്യമുണ്ടാക്കിയതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പാർട്ടി വേദികളിൽ വിശദീകരിക്കേണ്ടിയും വരും. മകെൻറ വിഷയമാണിതെന്നും പാർട്ടി നേതൃത്വത്തിന് എതിരെയുള്ളതല്ല എന്നുമൊക്കെ േകാടിയേരിയും മറ്റു നേതാക്കളും വിശദീകരിക്കുന്നുണ്ടെങ്കിലും വിഷയം പാർട്ടിയെ ഉലച്ചിട്ടുണ്ട്.
ഇൗ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച പരാതി പുറത്തുവന്നയുടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എ.കെ.ജി സെൻററിൽ കൂടിക്കാഴ്ച നടത്തിയത്. കോടിയേരിയുടെ മകൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ സാഹചര്യത്തിൽ പാർട്ടി മറുപട ി നൽകേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. ബി.ജെ.പി േകന്ദ്ര നേതൃത്വംതന്നെ ഇൗ വിഷയത്തിൽ ഇടെപട്ടത് വരും ദിവസങ്ങളിൽ ഇൗ വിഷയം ബി.ജെ.പി രാഷ്ട്രീയമായിതന്നെ കൈകാര്യം ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ദേശീയതലത്തിൽതന്നെ ഇൗ വിഷയം രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടിവരും. യു.ഡി.എഫും ബി.ജെ.പിയും ഇത് രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിൽ ഉടൻ നടക്കാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ വ്യാപക ചർച്ചയാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.