മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കൊങ്കണ്‍ മേഖലയിലെ വിഷയങ്ങള്‍ സഖ്യകക്ഷികളായ ബി.ജെ.പിക്കും ശിവസേനക്കുമിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നു. നാണാര് എണ്ണ ശുദ്ധീകരണശാല, പി.എം.സി ബാങ്ക് മരവിപ്പിക്കല്‍, ആരെയ കോളനി മരംമുറി എന്നിവയാണ് ഇരു പാര്‍ട്ടിക്കാരെയും രണ്ടു തട്ടില്‍ നിർത്തുന്നത്. എണ്ണ ശുദ്ധീകരണശാല കൊങ്കണില്‍നിന്ന് മാറ്റുമെന്ന് വാക്ക് നൽകിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സേനയുമായി ബി.ജെ.പി സഖ്യത്തിലായത്. എന്നാല്‍, പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മുംബൈയിലെ പി.എം.സി ബാങ്ക് തട്ടിപ്പ് ബി.ജെ.പിയില്‍തന്നെ ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്. ബാങ്കിെൻറ ഡയറക്ടര്‍മാരിലൊരാള്‍ ബി.ജെ.പി എം.എല്‍.എയുടെ മകനാണ്.
കേസുമായി പൊലീസിനെ സമീപിച്ചത് മുന്‍ ബി.ജെ.പി എം.പി കിരിത് സോമയ്യയാണ്. മെട്രൊ ട്രെയിന്‍ ഷെഡ് നിര്‍മിക്കാന്‍ ആരെയ കോളനിയില്‍നിന്ന് 2000ലേറെ മരങ്ങള്‍ മുറിച്ചതിന് എതിരെ ശിവസേന രംഗത്തുണ്ട്. പരിസ്ഥിതി വകുപ്പും മുംബൈ നഗരസഭയും കൈയിലുണ്ടായിട്ടും മരംമുറി തടുക്കാതിരുന്ന ശിവസേന ജനം ഇളകിയതോടെയാണ് മരംമുറിക്ക് എതിരെ രംഗത്തുവന്നത്.
മുംബൈ, പാല്‍ഗര്‍, താണെ, റായ്ഗഡ്, രത്നഗിരി, സിന്ധ്ദുര്‍ഗ് ജില്ലകളാണ് കൊങ്കണ്‍ ബെൽറ്റിലുള്ളത്. സംസ്ഥാനത്തെ 288 മണ്ഡലങ്ങളില്‍ 75 എണ്ണം ഈ മേഖലയിലാണ്. മുംബൈ നഗരത്തില്‍ 36 സീറ്റുകളാണുള്ളത്. കൊങ്കണിലെ കങ്കവലിയില് നാരായണ്‍ റാണെയുടെ മകനും സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എയുമായ നില്ഷ് റാണെക്ക് ബി.ജെ.പി ടിക്കറ്റ് നല്കിയതും ശിവസേനക്ക് അംഗീകരിക്കാനായിട്ടില്ല. മുന്‍ ശിവസേനക്കാരനാണ് റാണെ. ഉദ്ധവിെൻറ നേതൃത്വത്തെ ചോദ്യം ചെയ്താണ് സേനവിട്ടത്. നിതേഷിന് എതിരെ പത്രിക നൽകിയ വിമതനോട് ശിവസേന മൃദുസമീപനമാണ് കൈക്കൊണ്ടത്. നവിമുംബൈയില്‍ സേനവിട്ട് എന്‍.സി.പിയില്‍ ചേരുകയും ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാവുകയും ചെയ്ത ഗണേഷ് നായികിനെയും സേന അംഗീകരിച്ചിട്ടില്ല.
എന്നാല്‍, സേന-ബി.ജെ.പി ചേരിപ്പോര് മുതലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. പ്രമുഖ എം.എല്‍.എമാരെയും നേതാക്കളെയും ബി.ജെ.പിയും സേനയും റാഞ്ചിയെടുത്തത് പ്രതിപക്ഷ സഖ്യത്തിന് ക്ഷീണമാണ്. കൊങ്കണ്‍ ബെൽറ്റിലെ പ്രകടനം ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കും. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച ബി.ജെ.പി 25 ഉം ശിവസേന 28 ഉം ആണ് നേടിയത്. കോണ്‍ഗ്രസ് ആറും എന്‍.സി.പി എട്ടുമായി തകരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.