ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ ബി.ജെ.പി അട്ടിമറിച്ചത് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. 17 ഭരണപക്ഷ എം.എൽ.എമാരുടെ രാജി താനോ സംസ്ഥാന നേതൃത്വമോ അറിഞ്ഞതല്ലെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ മേൽനോട്ടത്തിലായിരുന്നെന്നും യെദിയൂരപ്പ പറഞ്ഞു. ഒക്ടോബർ 26ന് ഹുബ്ബള്ളിയിൽ ബി.ജെ.പി കല്യാണ കർണാടക മേഖല നേതാക്കളുടെ യോഗത്തിലായിരുന്നു തുറന്നുപറച്ചിൽ. ഇതിെൻറ വിഡിയോ കഴിഞ്ഞദിവസം പുറത്തായതോടെ മുഖ്യമന്ത്രിയും ബി.ജെ.പിയും പ്രതിരോധത്തിലായി. അയോഗ്യതക്കെതിരെ വിമത എം.എൽ.എമാർ നൽകിയ കേസിൽ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് വിഡിയോ പുറത്തായത്.
തങ്ങളുടെ ആരോപണങ്ങൾക്കുള്ള തെളിവാണ് പുറത്തുവന്നതെന്നും അമിത് ഷായും കർണാടകയിലെ ബി.ജെ.പി സർക്കാറും രാജിവെക്കണമെന്നും കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടിക്ക് ശനിയാഴ്ച വൈകീട്ട് കോൺഗ്രസ് നേതാക്കൾ ഗവർണർ വാജുഭായി വാലയെ കണ്ടു. അമിത് ഷാക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നിവേദനം നൽകും.
സുപ്രീംകോടതിയിൽ വിഡിയോ സമർപ്പിച്ചതായും കേസിൽ സുപ്രധാന തെളിവാണിതെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ രാജിയാണ് ഭരണത്തിലേറാൻ സഹായിച്ചതെന്നും അതിനുള്ള ബഹുമാനം നൽകണമെന്നുമാണ് പറഞ്ഞതെന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.
അവർ രണ്ടു മാസത്തോളം മുംബൈയിൽ കഴിഞ്ഞത് രഹസ്യമല്ല. സുപ്രീംേകാടതി വിധി വരുംവരെ വിമതരുമായി ബന്ധപ്പെട്ട കാര്യത്തിൽ ചർച്ച വേണ്ടതില്ലെന്നാണ് സൂചിപ്പിച്ചതെന്നും യെദിയൂരപ്പ പറഞ്ഞു. 17 എം.എൽ.എമാരുടെ രാജിയെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് സഖ്യസർക്കാർ വീണത്. എം.എൽ.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം മുൻ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയിരുന്നു. ഇതിലെ 15 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിമതരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടിയിൽ കലഹത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.