ബംഗളൂരു: വോട്ടു ചെയ്യാത്തവരുടെ കൈകാലുകൾ കെട്ടിക്കൊണ്ടുവന്ന് ബി.ജെ.പിക്ക് വോട്ടുചെയ്യിപ്പിക്കാൻ പ്രവർത്തകരോട് ആഹ്വാനംചെയ്ത ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പ വെട്ടിലായി. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയുള്ള വിവാദ പരാമർശം ബി.ജെ.പിക്കെതിരെയുള്ള പ്രചാരണ ആയുധമായി കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് യെദിയൂരപ്പ പ്രതിരോധത്തിലായത്. പരാമർശം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി യെദിയൂരപ്പ രംഗത്തെത്തി.
കർണാടകയിലെ കിട്ടൂർ നിയമസഭ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി മഹന്തേഷ് ദൊഡ്ഡഗൗഡറിന് വേണ്ടി വോട്ട് ചെയ്യിപ്പിക്കാനാണ് യെദിയൂരപ്പയുടെ ആഹ്വാനം. ബെളഗാവി ജില്ലയിലെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ യെദിയൂരപ്പയുടെ വിവാദ പരാമർശം.
‘‘ഇപ്പോൾ നിങ്ങൾ വിശ്രമിക്കരുത്, ചിലർ വോട്ടു ചെയ്യുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, അവരുടെ വീടുകളിലേക്ക് പോയി കൈയും കാലും കെട്ടി മഹന്തേഷ് ദൊഡ്ഡഗൗഡറിന് അനുകൂലമായി വോട്ടുചെയ്യാനായി കൂട്ടിക്കൊണ്ടുവരുക’’ എന്നായിരുന്നു യെദിയൂരപ്പ പറഞ്ഞത്. കോൺഗ്രസ് ഇപ്പോൾ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും സിദ്ധരാമയ്യ ചാമുണ്ടിയിലും ബദാമിയിലും തോൽക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. എന്നാൽ, യെദിയൂരപ്പയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ മുതിർന്ന നേതാവ് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
കന്നഡിഗരുടെ കൈയിൽനിന്നും പരാജയം രുചിക്കുകയാണെന്ന ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പ്രസ്താവനയെന്നും യെദിയൂരപ്പ ജനാധിപത്യത്തെ അപമാനിച്ചിരിക്കുകയാണെന്നും വോട്ടർമാർ ബി.ജെ.പിയെ തോൽപിക്കുമെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. പരാമർശം വിവാദമായതിെൻറ പശ്ചാത്തലത്തിൽ തെൻറ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്തു. കർഷക ഗ്രാമത്തിൽനിന്നും വരുന്ന താൻ ഗ്രാമീണ ഭാഷയിൽ ഇങ്ങനെയാണ് സംസാരിക്കുകയെന്നും അത് ചിലർക്ക് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ പ്രചാരണത്തിനെത്തി യെദിയൂരപ്പയെ പുകഴ്ത്തിയ അന്നുതന്നെയുണ്ടായ വിവാദം ബി.ജെ.പിക്കും ക്ഷീണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.