മലപ്പുറം: മലപ്പുറത്തിെൻറ മണ്ണിൽ താമരക്ക് അത്ര വേരോട്ടമില്ല. തെരഞ്ഞെടുപ്പുകളിലൊക്കെയും മത്സരിക്കുന്നുണ്ടെങ്കിലും ഇതൾ വിടർത്താനാകാതെ നിൽക്കാൻ മാത്രമാണ് വർഷങ്ങളായി വിധി. അടുത്തിടെ രൂപവത്കരിച്ച ചെറുപാർട്ടികൾ പോലും ശ്രദ്ധേയപ്രകടനം നടത്തുമ്പോൾ പ്രാദേശിക തലങ്ങൾക്കപ്പുറം വളരാൻ ദേശീയ പാർട്ടിക്കായില്ല. എങ്കിലും വാടാതെ, തളരാതെ തങ്ങളിവിടെയുണ്ടെന്ന് ഓരോ തെരഞ്ഞെടുപ്പുകളിലും തെളിയിക്കുന്നു ബി.ജെ.പി. 64,705 വോട്ടാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ബിജെ.പിക്ക് ലഭിച്ചത്.
അന്നത്തെ അതേ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് തന്നെയാണ് ഇത്തവണയും രംഗത്ത്. വോട്ട് വർധിപ്പിക്കുക മാത്രമല്ല, എം.പിയായി ഡൽഹിയിൽ നരേന്ദ്രമോദിക്ക് കൂട്ടാകുകയെന്നത് തന്നെയാണ് ഇത്തവണ ശ്രീപ്രകാശിെൻറ ലക്ഷ്യം. ആ മോഹസാക്ഷാത്കാരത്തിന് ചില അനുകൂല ഘടകങ്ങൾ ഇത്തവണയുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിൽ മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രഭരണവും തന്നെ. മോദിയെ പുകഴ്ത്തുന്നതിലൂടെ മാത്രം മലപ്പുറത്ത് വോട്ട് വീഴില്ലന്ന് പാർട്ടിക്കറിയാം. അതിന് ചില ചേരുവകൾ കൂടി ചേർത്തുവെച്ചാണ് ശ്രീപ്രകാശിെൻറ വോട്ടഭ്യർഥന. ഇടക്ക് ബീഫിൽ തട്ടി ‘കൈപൊള്ളി’യെങ്കിലും അതിനെ മറികടക്കുന്ന അടവുകൾ അങ്കത്തട്ടിൽ ഒരുങ്ങിക്കഴിഞ്ഞു. വികസന സ്വപ്നങ്ങളും ഇടതിെൻറയും വലതിെൻറയും നയവൈകല്യങ്ങളും ഉറക്കെപ്പറഞ്ഞാണ് മീനച്ചൂടിൽ തിളക്കുന്ന വെയിലിൽ ശ്രീപ്രകാശ് ജനങ്ങൾക്കരികിലെത്തുന്നത്.
കുടിവെള്ളം വരും ആശുപത്രിയും...
പാണ്ടിക്കാടെ വീട്ടിൽനിന്ന് ശ്രീപ്രകാശ് വ്യാഴാഴ്ച വോട്ടഭ്യർഥനക്കിറങ്ങിയത് രാവിലെ 7.30ന്. ആദ്യം സന്ദർശിച്ചത് മണ്ഡലത്തിലെ പ്രധാന വ്യക്തികളെ. മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്ത് ജങ്ഷനിൽ നിന്നായിരുന്നു തുടക്കം. ചുറ്റും കൂടിയവരോട് വോട്ടഭ്യർഥിക്കുന്നതിനൊപ്പം കേരളത്തിലെ ഇടത്, വലത് മുന്നണികളെ കുടഞ്ഞും കേന്ദ്രഭരണത്തെ പുകഴ്ത്തിയുമുള്ള വാക്കുകൾ. പ്രചാരണം ഉദ്ഘാടനം ചെയ്തത് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. ശേഷം അടുത്ത സ്വീകരണകേന്ദ്രമായ പൊട്ടിയോടത്താലിലേക്ക്.
പത്തുമണിക്ക് നിശ്ചയിച്ച സ്ഥലത്ത് എത്തിയത് ഉച്ചക്ക് 12ന്. തിരക്കിനിടെ പ്രഭാതഭക്ഷണം കഴിച്ചത് ഇപ്പോൾ. വെയിൽ ചൂടുപിടിച്ച് തുടങ്ങിയതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം സ്ഥാനാർഥി വിഷയമാക്കി. വിജയിച്ചുവന്നാൽ കേന്ദ്രപദ്ധതികൾ ഉപേയാഗിച്ച് സമഗ്ര കുടിവെള്ള പദ്ധതി, മണ്ഡലത്തിൽ മികച്ച ആതുരാലയം എന്നീ വാഗ്ദാനങ്ങൾ. ശേഷം തുറന്ന വാഹനത്തിൽ കീഴാറ്റൂർ ജങ്ഷനും പിന്നിട്ട് ആക്കപ്പറമ്പിലേക്ക്. ഇതിനിടെ അതുവഴി വന്ന അങ്കമാലി എം.എൽ.എ റോജി എം. ജോണിന് വാഹ്നത്തിൽ നിന്നിറങ്ങി കൈകൊടുക്കാനും കുശലം പറയാനും സമയം കണ്ടെത്തി. ആക്കപ്പറമ്പിൽ സ്ഥാനർഥിയെ എതിരേറ്റത് ബാൻഡ് വാദ്യങ്ങൾ.
അന്ന് മൂന്നാമൻ, ഇനി ഒന്നാമനാകണം
2014ൽ മണ്ഡലത്തിൽ മൂന്നാമനായിരുന്നു, ഉപതെരഞ്ഞെടുപ്പിൽ പക്ഷേ, ഒന്നാമനെത്തുമെന്ന് ശ്രീപ്രകാശിെൻറ ഉറപ്പ്. രണ്ട് വർഷം മുമ്പ് പാർട്ടി തനിച്ചാണ് മത്സരിച്ചത്. ഇത്തവണ മുന്നണിയുടെ കൂട്ടുണ്ട്. ബി.ഡി.ജെ.എസ് പിന്തുണ വലിയ ശക്തിയാണ്. നാട്ടുകാരനാണെന്ന മുൻഗണന ജനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. ജനങ്ങളുടെ സമീപനം മാറിയിട്ടുണ്ടെന്നും മുസ്ലിങ്ങളുടെയും ന്യൂനപക്ഷ വിഭാഗത്തിെൻറയും പിന്തുണയുണ്ടെന്നും ആത്മവിശ്വാസം. യാത്രക്കിടെ സ്ഥാനാർഥി കൈയുയർത്തിക്കാട്ടിയവരൊക്കെ തിരിച്ചും അഭിവാദ്യങ്ങൾ നൽകുന്നു. ഇതൊക്കെ വോട്ടാകുമോയെന്ന ചോദ്യത്തിന് പ്രതീക്ഷ തെറ്റില്ലെന്ന് മറുപടി. 10,656 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേരി ശ്രീപ്രകാശിന് നൽകിയത്.
മാപ്പിളപ്പാട്ടിെൻറ ഇൗണം, മലപ്പുറം ‘ടച്ച്’
അപ്പങ്ങളെമ്പാടും ചുട്ടമ്മായി, മരുമോനെ വീട്ടില് വിളിച്ചമ്മായി..’ ഇൗ മാപ്പിളപ്പാട്ടിനെ മലപ്പുറത്തുകാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. ആ ഇൗണത്തിൽ മലപ്പുറത്ത് ഇപ്പോൾ മറ്റൊരു പാട്ടുകേൾക്കാം. ‘നാട്ടാരെ വോട്ടുകൾ ചെയ്തീടേണേ...’ ജില്ലയുടെ മനസ്സറിഞ്ഞാണ് ബി.ജെ.പി പ്രചാരണം. പ്രചാരണ ഗാനത്തിൽ മാത്രമല്ല, സ്ഥാനാർഥിക്കൊപ്പമുള്ള നേതാക്കളിലുമുണ്ട് ആ മലപ്പുറം ‘ടച്ച്’. വ്യാഴാഴ്ച മഞ്ചേരി മണ്ഡലത്തിൽ ശ്രീപ്രകാശിനായി പ്രചാരണത്തിനെത്തിയവരിൽ കൂടുതൽ സംസാരിച്ചത് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസും എൽ.ജെ.പി നേതാവ് എം. മെഹബൂബും ബി.ഡി.ജെ.എസ് അംഗങ്ങളുമാണ്.
പ്രതീക്ഷകളിലേക്ക് കണ്ണെറിഞ്ഞ്
മഞ്ചേരി മണ്ഡലത്തിൽ വ്യാഴാഴ്ച ശ്രീപ്രകാശിന് സ്വീകരണം നൽകിയത് 19 ഇടങ്ങളിൽ. നിശ്ചയിച്ചുറപ്പിച്ച സ്ഥലങ്ങൾക്ക് പുറമെ മറ്റിടങ്ങളിലും ഇറങ്ങാനും വോട്ട് ചോദിക്കാനും സ്ഥാനാർഥി സമയം കണ്ടെത്തി. പാണ്ടിക്കാട്ടും മഞ്ചേരിയിലും ജനം കൂടി. വോട്ട് പ്രതീക്ഷകളിലേക്ക് കണ്ണെറിഞ്ഞ് സ്ഥാനാർഥി അവർക്കൊപ്പമെല്ലാം ചേരാൻ സമയം കണ്ടെത്തി. ഇതിനടിയിൽ ‘സെൽഫി’യും. മഞ്ചേരി ടൗണിലായിരുന്നു വ്യാഴാഴ്ചത്തെ സമാപനം.
കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ബി.ജെ.പി ദേശീയസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ള, ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻ ബാബു, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എൽ.ജെ.പി സംസ്ഥാന പ്രസിഡൻറ് എം. മെഹ്ബൂബ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ എന്നിവർ വിവിധ ഇടങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.