കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വമായ കെ.ആർ. ഗൗരി യമ്മയെക്കുറിച്ച് ഓർക്കാൻ എെൻറ മനസ്സിൽ ധന്യമായ ഒട്ടേറെ സ്മരണകളുണ്ട്. യാത്രാ സൗകര്യങ്ങളൊന്നും ഇന്നത്തെപ്പോലെ ഇല്ലാത്ത പഴയ ആലപ്പുഴയിലെ അത്രക്കും അടുത്തെന്ന് പറയാൻ പറ്റാത്ത രണ്ട് പ്രദേശങ്ങളിൽനിന്നാണ് ഞങ്ങൾ രണ്ടുപേരും വരുന്നത്. എന്നിട്ട ും ചെറുപ്പത്തിൽതന്നെ ഗൗരിയമ്മയെ എനിക്ക് നേരിട്ട് അറിയാമായിരുന്നുവെന്നതാണ് ഏറ ്റവും കൗതുകകരം. വാസ്തവം പറഞ്ഞാൽ അവരുടെ വിദ്യാർഥി ജീവിത കാലഘട്ടത്തിൽതന്നെ എനിക ്ക് അടുത്ത പരിചയമുണ്ടായിരുന്നു. അതിന് വഴിയൊരുക്കിയത് എെൻറ ജ്യേഷ്ഠസഹോദര ിയായ സരോജിനിയും (പിതാവിെൻറ അനുജെൻറ മകൾ). അവരുടെ ഏറ്റവും അടുത്ത സുഹൃത്തായിരു ന്നു ഗൗരിയമ്മ. ആലപ്പുഴ പട്ടണത്തിൽനിന്ന് അധികം ദൂരെയല്ലാത്ത എെൻറ തറവാടായ മംഗലത്തുവീട്ടിൽ ചേച്ചിയെ കാണാൻ അവർ അടിക്കടി വരുമായിരുന്നു. കൂട്ടുകുടുംബമായിരുന്നതിനാൽ സഹോദരങ്ങൾ എല്ലാവരും തമ്മിൽ അത്രക്കും അടുപ്പമായിരുന്നു. പിൽക്കാലത്ത് തിരുവനന്തപുരം ഗവ.വിമൻസ് കോളജിലെ മലയാളവിഭാഗം പ്രഫസറായ സരോജിനി അക്കൻ എന്നെ ഏറെ സ്വാധീനിച്ചയാളായിരുന്നു. പ്രത്യേകിച്ചും സാഹിത്യത്തോട് ആഭിമുഖ്യം സൃഷ്ടിച്ചതിൽ അവർക്ക് നല്ല പങ്കുണ്ടായിരുന്നു. സരോജിനി ചേച്ചിയെ അക്കനെന്ന് വിളിച്ചിരുന്നതുപോലെ ഗൗരിയമ്മെയയും കുട്ടിക്കാലത്ത് ഞങ്ങളൊക്കെ സ്നേഹപൂർവം ഗൗരിയക്കനെന്നായിരുന്നു വിളിച്ചിരുന്നത്. എന്നെക്കാൾ 10 വയസ്സിന് മൂത്ത അവർ വാസ്തവത്തിൽ ഏറെ സ്നേഹവും ബഹുമാനവും ഒക്കെയുള്ള ജ്യേഷ്ഠത്തിയുടെ സ്ഥാനത്തുനിന്നായിരുന്നു പെരുമാറിയത്.
എറണാകുളത്തെ കോളജ് പഠനത്തിനുശേഷം ഗൗരിയമ്മ തിരുവനന്തപുരത്ത് നിയമപഠനത്തിന് പോയതും അഭിഭാഷകയായതും പിന്നീട് പാർട്ടി പ്രവർത്തകയായതും എല്ലാം ഇന്നലെയെന്നപോലെ മനസ്സിലുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിൽ തൊഴിലാളികളായ നിരവധി സ്ത്രീകളുണ്ടെങ്കിലും ഗൗരിയമ്മയെപ്പോലെ അഭ്യസ്തവിദ്യയായ സ്ത്രീ സജീവമായി പ്രവർത്തിക്കുന്നത് വേറിട്ട സംഭവം തന്നെയായിരുന്നു. ആദ്യകാലത്തുതന്നെ അവരുടെ ധാരാളം പ്രസംഗങ്ങൾ കേൾക്കാൻ അവസരം ലഭിക്കുകയുണ്ടായി.സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അടുക്കോടെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കും. പ്രസംഗത്തിെൻറ മറ്റൊരു പ്രത്യേകത കൂടുതൽപേരെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള കാര്യങ്ങൾ അതിലുണ്ടാകുമെന്നതാണ്. തന്നെയുമല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരെ സംഘടിപ്പിക്കാനുള്ള അനിതര സാധാരണമായ സവിശേഷ സിദ്ധിയുടെ ഉടമയായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിലേക്ക് നിരവധിേപരെ കൈപിടിച്ച് കൊണ്ടുവരാൻ ഗൗരിയമ്മയുടെ പ്രസംഗത്തിനും പ്രവർത്തനങ്ങൾക്കും സാധിച്ചുവെന്നതിൽ സംശയമില്ല. സ്ത്രീ ശാക്തീകരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അത്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ജനങ്ങളെ അവർ സംഘടിപ്പിച്ചു.
ഗൗരിയമ്മയുടെ കാർക്കശ്യ സ്വഭാവത്തെക്കുറിച്ചൊന്നും എനിക്ക് പണ്ട് വലിയ തിട്ടമുണ്ടായിരുന്നില്ല. പിന്നീടാണ് അതേക്കുറിച്ചൊക്കെ കേൾക്കാനിട വന്നത്. നിശ്ചയമായും അത് അവർ പുലർത്തിവന്ന സത്യസന്ധതയുെടയും നിശ്ചയദാർഢ്യത്തിെൻറയുമൊെക്ക പ്രതിഫലനം തന്നെയാണ്.
1959ലെ കാർഷികബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. അതിവിദഗ്ധമായാണ് അവർ കാർഷിക ബിൽ പൈലറ്റ് ചെയ്തത്. അവരുടെ ഭരണനൈപുണ്യം കിടയറ്റതായിരുന്നു. ഓരോ കാര്യത്തിലും അവർ പുലർത്തിയിരുന്ന സൂക്ഷ്മതയും കണിശതയും അതിെൻറ സാക്ഷ്യപത്രങ്ങളായിരുന്നു.
നിലവിൽ ഗൗരിയമ്മ സി.പി.എമ്മിൽ അല്ലെങ്കിലും കമ്യൂണിസ്റ്റായി തന്നെയാണ് ശതാബ്ദിവേളയിലും അവർ ജീവിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഐ.എ.എസുകാരുൾപ്പെടെ എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും അവരെ നിലക്ക് നിർത്താൻ ഗൗരിയമ്മ കാണിച്ച നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടുകൾ മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ല.
ടി.വി. തോമസുമായുള്ള വിവാഹശേഷം ഗൗരിയമ്മയെ തിരുവനന്തപുരത്തുവെച്ച് കണ്ടത് ഓർമയിൽ വരുന്നു. എെൻറ പിതാവിൻെറ ജ്യേഷ്ഠൻെറ മകനായ അന്നത്തെ പി.എസ്.സി ചെയർമാനായിരുന്ന വി.കെ. വേലായുധെൻറ അതിഥിയായി നവദമ്പതികൾ എത്തുേമ്പാൾ ഞാനും അവിടെയുണ്ടായിരുന്നു.
സരോജിനി അക്കൻ മരിച്ച വേളയിലും ഗൗരിയമ്മയെത്തിയിരുന്നു. 99ാം പിറന്നാളിനുശേഷം ഞങ്ങൾ തമ്മിൽ ഒരിക്കൽ കാണുകയുണ്ടായി. ഞങ്ങളുടെ കുടുംബപ്പേര് മംഗലത്ത് എന്നാണെന്ന് കൃത്യമായി ഓർത്താണ് അന്ന് അവർ സംസാരിച്ചത്. സൂക്ഷ്മ ബുദ്ധിയുള്ള ഗൗരിയമ്മക്ക് ഓർമശക്തിയിൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നതിെൻറ തെളിവാണത്. പഴയ സഹപാഠിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുള്ള ഓർമകൾ ചിലപ്പോഴെങ്കിലും അവർ അയവിറക്കാറുണ്ട്. ചാത്തനാട്ടെ വീട്ടിലെത്തുേമ്പാഴൊക്കെ സ്നേഹത്തോടെ രുചിയുള്ള നല്ല ഭക്ഷണം അവർ വിളമ്പാറുണ്ട്. സ്നേഹ വായ്പ്പോടെ കൂടെനിന്ന് വിളമ്പിത്തരുന്നതും വലിയ അനുഭവമാണ്.
ഒടുവിൽ തമ്മിൽ കണ്ടപ്പോൾ തന്നെ കാണാൻ വരാത്തതിൻെറ പരിഭവം പറയുകയുണ്ടായി. കാഴ്ച കുറവാണെന്നും കേൾവിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഞാൻ പറഞ്ഞ് തീരും മുമ്പേ ഗൗരിയമ്മയുടെ പ്രതികരണം വന്നു... ‘‘അതൊന്നും എന്നോട് പറയേണ്ട. വല്ല ഡോക്ടർമാരോടും പറഞ്ഞാൽ മതി’’ -അത് കേട്ട് ചിരിക്കാതിരിക്കാനായില്ല. പ്രായത്തിെൻറ ശാരീരിക അവശതകളെയെല്ലാം ഇത്തരത്തിൽ നർമബോധമടക്കമുള്ള കാര്യങ്ങളാൽ അതിസമർഥമായി അതിജീവിക്കാൻ അവർക്ക് കഴിയുന്നു. ജീവിതത്തെ സൃഷ്ടിപരമായി ഈ പ്രായത്തിലും നോക്കിക്കാണാൻ അവർക്ക് കഴിയുന്നുവെന്നത് വലിയൊരു കാര്യം തന്നെയാണ്. സത്യം പറഞ്ഞാൽ ഗൗരിയമ്മെയക്കാൾ 10 വയസ്സിന് ഇളപ്പമുള്ള എനിക്ക് അത്ര കണ്ട് കഴിയുന്നില്ലെന്നുതന്നെ പറയേണ്ടി വരും.
തയാറാക്കിയത്:
വി.ആർ. രാജമോഹൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.