പാലക്കാട്: പാർട്ടി ജീവനക്കാരൻ ചാനൽ ചർച്ചകളിൽ വരുന്നതിനെച്ചൊല്ലി ബി.ജെ.പിയിൽ വിവാദം. ബി.ജെ.പി സംസ്ഥാന മീഡിയ കോഓഡിനേറ്റർ ആർ. സന്ദീപ് ചാനൽ ചർച്ചകളിൽ സജീവമാകുന്നത് തടയണമെന്ന് ഒരുവിഭാഗം നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. പാർട്ടി സംസ്ഥാന വക്താവ് കൂടിയായ ജെ.ആർ. പത്മകുമാറിനെ ചാനൽ ചർച്ചകളിൽനിന്ന് വിലക്കിയെന്ന പ്രചാരണത്തിന് പിറകെയാണ് സംസ്ഥാന പ്രസിഡൻറിന് ഏറെ അഭിമതനായ മീഡിയ കോഓഡിനേറ്ററെ ചർച്ചക്ക് അയക്കുന്നതിനെ ചൊല്ലിയുള്ള വിവാദം.
ശമ്പളം പറ്റി ജോലിചെയ്യുന്ന വ്യക്തിയെ ഔദ്യോഗികമായി ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നതിലെ ശരികേട് ചൂണ്ടിക്കാട്ടി വി. മുരളീധരെൻറ അനുയായികൾ വേണ്ടിവന്നാൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സാധ്യതയുണ്ട്. ചർച്ചകളിൽ പങ്കെടുത്ത മീഡിയ കോഓഡിനേറ്റർ അവയുടെ ലിങ്കുകൾ വാട്സ്ആപ് ഗ്രൂപ്പുകളിലൂടേയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടേയും പ്രചരിപ്പിക്കുന്നതും മുരളീധരൻ വിഭാഗം ആയുധമാക്കുന്നു. എന്നാൽ ‘അന്തിച്ചർച്ച’ വിവാദത്തോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.
വി. മുരളീധരൻ ഒഴിഞ്ഞ് കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡൻറായ ശേഷമാണ് മീഡിയ കോഒാഡിനേറ്റർ ഉൾെപ്പടെ നിരവധി തസ്തികകൾ സൃഷ്ടിച്ച് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഇത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പാർട്ടി പ്രവർത്തകരെ ഉപയോഗിക്കുന്നതിന് പകരം പ്രഫഷനലുകളെ പണം കൊടുത്ത് നിയമിക്കുന്നത് നല്ല കീഴ്വഴക്കമല്ല എന്നായിരുന്നു വിമർശനം. സംഘടന ബന്ധമുള്ളവരെ മാത്രമാണ് നിയമിച്ചതെന്ന വാദമുയർത്തി നേതൃത്വം ചെറുത്തു. എന്നാൽ, പാർട്ടി നേതാക്കൾ പങ്കെടുക്കേണ്ട ചർച്ചയിൽ ജീവനക്കാർ എത്തിത്തുടങ്ങിയതോടെ എതിർപ്പ് വീണ്ടും ശക്തമായി. പത്മകുമാറിനെ ചാനൽ ചർച്ചകളിൽനിന്ന് മാറ്റി നിർത്തണമെന്ന് ആർ.എസ്.എസ് നേതൃത്വത്തെക്കൊണ്ട് പറയിച്ചത് കുമ്മനത്തിെൻറ ഓഫിസാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.