ആലപ്പുഴ: കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ മരണത്തെ തുടർന്ന് ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് അണിയറയിൽ ചർച്ചകൾ സജീവമായി. ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ മുന്നണികൾ കണക്കുകൂട്ടലുകൾ ആരംഭിച്ചു. സിറ്റിങ് സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സി.പി.എമ്മിന്. സ്ഥാനാർഥി ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് പാർട്ടിയിൽ ധാരണയുണ്ടായിട്ടില്ല. ചൊവ്വാഴ്ച സമാപിച്ച പാർട്ടിയുടെ ജില്ല സമ്മേളനം നടക്കുന്ന വേളയിലാണ് എം.എൽ.എയുടെ മരണം.
അഖിലേന്ത്യ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യം മുൻനിർത്തി എ.െഎ.സി.സി സെക്രട്ടറികൂടിയായ പി.സി. വിഷ്ണുനാഥിന് തന്നെയായിരിക്കും നറുക്ക് വീഴുക. ജന്മനാടായ വെണ്മണിയുൾപ്പെടുന്ന മണ്ഡലത്തിൽ ബി.ജെ.പി നേതാവ് പി.എസ്. ശ്രീധരൻ പിള്ള നേടിയ 42,000 വോട്ടുകളാണ് ചെങ്ങന്നൂരിൽ കോൺഗ്രസിന് കഴിഞ്ഞ തവണ തിരിച്ചടിയായത്. മുൻ മാവേലിക്കര എം.എൽ.എയും മണ്ഡലത്തിലെ വോട്ടറുംകൂടിയായ യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളിക്കും സീറ്റിലൊരു കണ്ണുണ്ട്.
സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ മുമ്പ് മണ്ഡലത്തിൽ പരാജയപ്പെട്ടയാളാണ്. രണ്ടാം തവണയും പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം സ്ഥാനാർഥിയാകില്ല. അതേസമയം മുൻ എം.പി സി.എസ്. സുജാത, മുൻ എം.എൽ.എ സി.കെ. സദാശിവൻ തുടങ്ങിയവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. ഒപ്പം മാന്നാർ ഏരിയ സെക്രട്ടറിയും മാവേലിക്കര എ.ആർ സ്മാരക ചെയർമാനുമായ പ്രഫ. പി.ഡി. ശശിധരൻ, മുൻ ഏരിയ സെക്രട്ടറി എം. ശശികുമാർ എന്നിവരുടെ പേരുകളും പറഞ്ഞുേകൾക്കുന്നുണ്ട്.
പി.എസ്. ശ്രീധരൻ പിള്ള തന്നെയായിരിക്കും മിക്കവാറും ബി.ജെ.പി സ്ഥാനാർഥി. സി.പി.എം സ്ഥാനാർഥി സി.എസ്. സുജാതയാണെന്നുവന്നാൽ വനിത നേതാവ് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്നും പറയുന്നു. ഇതിനിടെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന മറ്റൊരു നിർദേശവും പാർട്ടിയിൽ സജീവമാണ്. എം.ടി. രമേശിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.