തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ എം. വിൻസെൻറ് എം.എൽ.എയുടെ രാജി ആവശ്യം തള്ളി കോൺഗ്രസ്. കേസിനും അറസ്റ്റിനും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കാനാണ് പാർട്ടി തീരുമാനം. വീട്ടമ്മയുടെ പരാതി ഉയർന്ന സാഹചര്യത്തിൽ ധാർമികത മുൻനിർത്തി പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കിയെങ്കിലും എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടെന്ന കെ.പി.സി.സി പ്രസിഡൻറിെൻറ നിലപാട് പാർട്ടിയുടെ പിന്തുണ വിൻസെൻറിനുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്.
എം.എൽ.എ അടക്കം ഇടപെട്ട രാഷ്ട്രീയ ഗൂഢാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ട് എന്നകാര്യം കെ.പി.സി.സി പ്രസിഡൻറ് വാർത്തസമ്മേളനത്തിൽ പലവട്ടം ആവർത്തിച്ചതിന് പിന്നാലെ പരാതിക്കാരിയുടെ സഹോദരിയടക്കം എം.എൽ.എക്ക് അനുകൂലമായി രംഗത്തെത്തിയത് ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള പിടിവള്ളിയാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. പാർട്ടിയിലെ മുതിർന്ന നേതാവും എം.എൽ.എയുമായ കെ. മുരളീധരൻ വിൻസെൻറിനെ ജയിലിൽ സന്ദശിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ ചില ഇടത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിെര സമാന ആരോപണമുയർന്നപ്പോഴും അറസ്റ്റ് ഉണ്ടായില്ലെന്നുള്ളത് എടുത്തുകാട്ടി, രാജി ആവശ്യപ്പെടുന്ന ഭരണമുന്നണിക്ക് മറുപടി നൽകാനാണ് പാർട്ടിയുടെ നീക്കം.
എം.എൽ.എയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് അനാവശ്യ ധിറുതി കാട്ടിയെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. എ.കെ. ശശീന്ദ്രനും ജോസ് തെറ്റയിലിലിനുമെതിരെ ആരോപണമുയർന്നപ്പോൾ എം.എൽ.എ സ്ഥാനം രാജിവെച്ചില്ലെന്നതും നേതാക്കൾ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയെങ്കിലും സ്ത്രീ സുരക്ഷ ഉയർത്തിക്കാട്ടി മുന്നോട്ട് പോകുന്ന പാർട്ടിക്കും മുന്നണിക്കും ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന് ഇപ്പോഴത്തെ നിലപാട് എത്രത്തോളം സഹായകരമാകുമെന്ന ചോദ്യം പാർട്ടിക്കുള്ളിൽതെന്ന ഉയരുന്നുണ്ട്.
വിശേഷിച്ചും നിയമസഭ സമ്മേളനം ആസന്നമായ സാഹചര്യത്തിൽ. പ്രധാനമായും സഭയിലെ പരിമിതമായ അംഗബലം, ഉപതെരഞ്ഞെടുപ്പിലെ വിജയ സാധ്യത എന്നിവ കൂടി കണക്കിലെടുത്താണ് നേതൃത്വം ധിറുതി പിടിച്ച് എം.എൽ.എയിൽനിന്ന് രാജി ആവശ്യപ്പെടേണ്ടെന്ന തീരുമാനത്തിലെത്തിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.