പത്തനംതിട്ട: മൂന്നാർ പ്രശ്നത്തിൽ പരാതി നൽകിയവരെ ചർച്ചക്ക് വിളിച്ചതിലൂടെ മുറിവേറ്റ സി.പി.െഎ, തങ്ങളുടെ കൈവശമുള്ള റവന്യൂ, സർവേ വകുപ്പുകൾ ഉപയോഗിച്ച് തിരിച്ചടിക്കാൻ ഒരുങ്ങുന്നു. മൂന്നാർ മേഖലയിലെ കൈവശ ഭൂമിയെക്കുറിച്ച് വിശദ പരിശോധനക്കാണ് ആലോചന. ഭൂമി സർവേ നടത്തുന്നതിനെ തടയാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
മൂന്നാർ ഉൾപ്പെടുന്ന കണ്ണൻ ദേവൻ, സമീപത്തെ പള്ളിവാസൽ, ആനവിരട്ടി, ചിന്നക്കനാൽ, ബൈസൺവാലി, പൂപ്പാറ തുടങ്ങിയ വില്ലേജുകളിലെ ഭൂമി കൈയേറ്റങ്ങൾ, കൈവശങ്ങൾ എന്നിവ പരിശോധിക്കുമെന്നറിയുന്നു. ഇൗ മേഖലയിലെ വ്യാജപട്ടയങ്ങൾ സംബന്ധിച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പി.സി. സനൽകുമാർ 2006ൽ നൽകിയ റിപ്പോർട്ടിെൻറ തുടർച്ചയെന്ന നിലയിൽ റവന്യൂ, സർവേ സംഘത്തെ ഇതിനായി നിയോഗിക്കും. കെ.ഡി.എച്ച് വില്ലേജിലെ പല റിസോർട്ടുകളും ആനവിരട്ടി വില്ലേജിലെയും മറ്റും സർവേ നമ്പറുകളിലെ പട്ടയങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുന്നാറിലെയടക്കം പല റിസോർട്ടുകളും പ്രവർത്തിക്കുന്നതും സമീപ പ്രദേശങ്ങളിലെ സർവേ നമ്പറുകളിൽ വാങ്ങിയ പട്ടയത്തിെൻറ മറവിലാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഒാഫിസും റിസോർട്ടിനും പട്ടയം വാങ്ങിയത് മറ്റൊരു സർവേ നമ്പറിലാണെന്നും പറയുന്നു. പതിച്ചു കൊടുക്കാൻ നിർദേശിക്കപ്പെട്ട ഭൂമിയുടെ സർവേ നമ്പറിെൻറ പേരിൽ വാങ്ങിയ പട്ടയം ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് ഭൂമി കൈവശപ്പെടുത്തി കെട്ടിടം നിർമിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. പുഴയുടെ 50 വാരക്കുള്ളിൽ ഭൂമി പതിച്ചുനൽകാൻ പാടില്ലെന്നിരിക്കെ, പുഴ നികത്തി കെട്ടിടങ്ങൾ ഉയർന്നതും ഇത്തരത്തിൽ മറ്റ് സർവേ നമ്പറുകളിലെ പട്ടയത്തിെൻറ മറവിലാണ്.
വൈദ്യുതി ബോർഡിെൻറ ജലസംഭരണികളുടെ വൃഷ്ടി പ്രദേശത്തും പട്ടയം സംഘടിപ്പിച്ച് റിസോർട്ടുകൾ നിർമിച്ചിട്ടുണ്ട്. ചിന്നക്കനാൽ വില്ലേജിലെ വൻകിട ൈകയേറ്റങ്ങൾ കിലോമീറ്ററുകൾ അകലെയുള്ള ഭൂമിയുടെ പട്ടയം ഉപയോഗിച്ചാണെന്ന് റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളും പതിച്ചു നൽകാൻ പാടില്ലാത്ത ഭൂമി സ്വന്തമാക്കി മറ്റ് സർവേ നമ്പറുകളുടെ പട്ടയം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് സർവേ നമ്പർ മാറ്റി കിട്ടുന്നതിന് ഇവർ അപേക്ഷ നൽകുകയാണ് ചെയ്യുക.
അപകട ഭീഷണി ഉയർത്തുന്ന തരത്തിൽ നിലക്കൊള്ളുന്ന റിസോർട്ടുകളുടെ കാര്യത്തിൽ ആവശ്യമെങ്കിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ സേവനം പ്രയോജനപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ൈകയേറ്റ മേഖലകളിലെ റവന്യൂ ഒാഫിസുകൾ ശക്തിപ്പെടുത്താനും തീരുമാനിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.