കോഴിക്കോട് : എം.പി. വീരേന്ദ്രകുമാറിെൻറ ഇടതുമുന്നണി പ്രവേശനം, സി.പി.ഐയുമായുള്ള തർക്കങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട് എന്നിവരെ പങ്കെടുപ്പിച്ചു സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ പ്രത്യേക യോഗം വ്യാഴാഴ്ച. ജനതാദൾ യു കേരള ഘടകത്തെ എൽ.ഡി.എഫിൽ എത്തിക്കുന്നതു സംബന്ധിച്ച് ഇതിനകം രണ്ടുവട്ടം വീരേന്ദ്രകുമാറുമായി പാർട്ടി ചർച്ച നടത്തിക്കഴിഞ്ഞു. യു.ഡി.എഫ് തൽപരരായ കുറച്ചുപേർ മുന്നണി മാറ്റത്തെ എതിർക്കുന്നുണ്ടെങ്കിലും ദളിലെ ഭൂരിഭാഗം പ്രവർത്തകരും വീരേന്ദ്രകുമാറിനൊപ്പം വരുമെന്നാണ് സി.പി.എമ്മിെൻറ കണക്കുകൂട്ടൽ. കോഴിക്കോട്, വടകര ലോക്സഭ സീറ്റുകളിൽ എൽ.ഡി.എഫിനു ഇതു ഗുണം ചെയ്യുമെന്നു പാർട്ടി കരുതുന്നു.
സാങ്കേതികമായി ചില പ്രശ്നങ്ങൾ മുന്നണി മാറ്റത്തിനു തടസ്സമായി നിൽക്കുന്നുണ്ട്. ജനതാദൾ യു ദേശീയ നേതൃത്വവുമായി വീരേന്ദ്രകുമാർ ബന്ധം വിച്ഛേദിച്ചതിനാൽ പുതിയ പാർട്ടി രൂപവത്കരിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ വേണം. ജനതാദൾ എസിെൻറ കേന്ദ്ര നേതൃത്വത്തെ ഇടപെടുവിച്ചു ഇരുദളിെൻറയും ലയനം സാധ്യമാക്കാമോ എന്നാണ് സി.പി.എം ആരായുന്നത്. പി.ബി അംഗങ്ങളെ ഈ ചുമതല ഏൽപിക്കാനാണ് ഉദ്ദേശിക്കുന്നത്. ദേവഗൗഡയുമായി അവർ ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.സി.പി.ഐയുമായുള്ള തർക്കങ്ങൾ പരിഹരിച്ചു മുന്നണിയെ സുഗമമായി മുന്നോട്ടു നയിക്കുന്നതിനും കേന്ദ്ര നേതൃത്വത്തിെൻറ സഹായം തേടും.
അതിെൻറ ഭാഗമായി ജനറൽ സെക്രട്ടറി അടക്കം നേതാക്കൾ സി.പി.ഐയുടെ കേന്ദ്ര നേതാക്കളുമായി സംസാരിക്കും. സി.പി.ഐയുമായുള്ള ഭിന്നത സർക്കാറിെൻറ പ്രവർത്തനത്തെ വരെ ബാധിക്കുന്ന സ്ഥിതിയിലേക്ക് വളർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടലിനു സി.പി.എം മുൻകൈയെടുക്കുന്നത്.ഇരു പാർട്ടികളുടെയും സമ്മേളനം നടക്കുന്നതു കൊണ്ടാണ് ചെറിയ തർക്കങ്ങൾപോലും വലുതായി വളരുന്നതെന്നാണ് സി.പി.എം വിലയിരുത്തുന്നത്. പ്രാദേശിക തലത്തിൽ ഇതിനകം വലിയ അകൽച്ച ഉണ്ടായിക്കഴിഞ്ഞു. മാധ്യമങ്ങൾ ഇതു പരമാവധി പെരുപ്പിക്കുകയും യു.ഡി.എഫ് രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്യുന്നു.
സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നതു വരെ കാര്യങ്ങൾ എത്തിയതിനാൽ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലക്ക് എൽ.ഡി.എഫിലെ ഐക്യം നിലനിർത്താൻ മുന്നിട്ടിറങ്ങാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. കെ.എം. മാണിയുടെ കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് വരാൻ ഒരുക്കമാണെങ്കിലും തൽക്കാലം അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിലില്ലെന്നാണ് നേതാക്കളിൽ നിന്നുള്ള വിവരം. എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ഔദ്യോഗികമായി മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇടതുമുന്നണി ഇക്കാര്യം പരിഗണിച്ചിട്ടുപോലുമില്ല. മുന്നണിയിൽ ചർച്ച ചെയ്യാതെ സി.പി.എം ഒറ്റക്ക് അതിനു ഇറങ്ങി പുറപ്പെടില്ലെന്നും പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.