തിരുവനന്തപുരം: ജനതാദൾ യുവിന് എൽ.ഡി.എഫിലേക്ക് മടങ്ങിവരാൻ തടസ്സമൊന്നുമില്ലെന്നും എം.പി. വീരേന്ദ്രകുമാർ നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ചർച്ച മതിയെന്നും സി.പി.എം. ജില്ല സമ്മേളനങ്ങൾ പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യാനും രണ്ടു ദിവസമായി ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. കോൺഗ്രസുമായി ദേശീയതലത്തിൽ ബന്ധമുണ്ടാക്കുന്നതിനോട് സെക്രേട്ടറിയറ്റ് യോഗം വിയോജിപ്പ് പ്രകടിപ്പിച്ചു. ഏരിയ സമ്മേളനങ്ങൾ മികച്ച രീതിയിൽ നടത്താൻ സാധിച്ചുവെന്ന് വിലയിരുത്തിയ യോഗം ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സ്വരൂപിക്കാനും തീരുമാനിച്ചു.
ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയംപോലെ തന്നെ കോൺഗ്രസിെൻറ ഉദാരവത്കരണ, സാമ്പത്തിക നയങ്ങളും എതിർക്കപ്പെടേണ്ടതുണ്ട്. ദേശീയതലത്തിൽ കോൺഗ്രസുമായി മുന്നണി ബന്ധം സ്ഥാപിക്കുന്നുവെങ്കിൽ അത് കേരളം ഉൾപ്പെടെ പാർട്ടിക്ക് വേരോട്ടമുള്ള സ്ഥലങ്ങളിൽ ദോഷംചെയ്യും. തെരഞ്ഞെടുപ്പ് സഖ്യവും രാഷ്ട്രീയ സഖ്യവും രണ്ടും രണ്ടാണ്. ആ രീതിയിൽ വേണം കാര്യങ്ങളെ കാണേണ്ടതെന്നാണ് സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ. എം.പി. വീേരന്ദ്രകുമാർ നേതൃത്വം നൽകുന്ന ജെ.ഡി.യു ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എം.പി സ്ഥാനം മൂന്ന് ദിവസത്തിനുള്ളിൽ രാജിെവക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ വീരേന്ദ്രകുമാർ രാജിെവച്ചിട്ടുമില്ല. ഭാവിയിൽ ഇക്കാര്യങ്ങളിൽ ചർച്ച ആവശ്യമായി വന്നാൽ അതിന് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
ഞായറാഴ്ച എൽ.ഡി.എഫ് സംസ്ഥാന സമിതി യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മുന്നണി വിപുലീകരണം ഉൾപ്പെടെ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. വീരേന്ദ്രകുമാർ മടങ്ങിയെത്തുന്നതിനോട് എൽ.ഡി.എഫിലെ ഘടകകക്ഷികളിൽനിന്ന് കാര്യമായ എതിർപ്പുണ്ടാകില്ലെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. ജനതാദൾ എസിൽ ലയിച്ചോ, സ്വന്തം പാർട്ടിയെന്ന നിലയിലോ ജെ.ഡി.യുവിന് മുന്നണിയിലേക്ക് എത്താം. ഇനി എം.പി. വീരേന്ദ്രകുമാറിെൻറ രാജിയാകും തുടർനടപടികളിലേക്ക് കാര്യങ്ങൾ നീക്കുക. എന്നാൽ, മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനോട് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനോട് സി.പി.എമ്മിനുള്ളിലും എതിർപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.