കോഴിക്കോട് : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ച പാർട്ടിയിലെ തെറ്റുതിരുത്തൽ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ഭാവിയിലേക്ക്. സി.പി.എമ്മിൽ നേതാക്കൾ തമ്മിലുള്ള കിടൽമൽസരത്തിന്റെ ഭാഗമായിട്ടാണ് വിവാദ റിസോർട്ട് സംബന്ധിച്ച് വിഷയം സംസ്ഥാന കമ്മറ്റിയിലെത്തിയത്. പഴയതുപോലെ പാർട്ടിയിൽ സമവായ ശ്രമം നടത്തുന്നതിന് കോടിയേരി ബാലകൃഷ്ണനില്ല. അതിനാൽ ഇരുചേരികളും തമ്മിലുള്ള കുടിപ്പക വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പാർട്ടിയിലെ മുതലാളിത്ത പാതക്കാരും സോഷ്യലിസ്റ്റ് പാതക്കാരും തമ്മിലുള്ള വൈരുധ്യം സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ഉണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ സ്വത്ത് സംമ്പാദനത്തെയും മൂലധന സ്വരൂപണത്തെയും പാർട്ടിയിലെ സോഷ്യലിസ്റ്റ് പാതക്കാർ എന്നും എതിർത്തിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംബന്ധിച്ചിടത്തോളം മുതലാളിത്തത്തിനെതിരായി നിരന്തരം ആശയസമരം നടത്തിയത് ഇ.എം.എസാണ്. ഈ ചരിത്രം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തെറ്റുതിരുത്തൽ രേഖയുമായി രംഗത്തിറങ്ങിയത്. പാർട്ടിയിലെ മുതലാളിത്ത പാതക്കാർക്കെതിരായ തിരുത്തലാണ് പാർട്ടി ലക്ഷ്യംവെക്കുന്നതെന്ന് ചുരുക്കം.
ഇ.പി ജയരാജന്റെ മകന്റെ വിവാദ റിസോർട്ട് സംസ്ഥാന കമ്മിറ്റിയൽ വിഷയമായി വന്നതിന്റെ ഉറവിടം തെറ്റുതിരിത്തൽ രേഖയാണ്. ഇ.പിയെ സംബന്ധിച്ചിടത്തോളം റിസോർട്ട് നിമാർണത്തിന്റെ ഓരോ ഘട്ടത്തിലും അനുമതി വാങ്ങിയിരുന്നു. അന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും എതിർപ്പുമായി മുന്നോട്ട് വന്നിരുന്നില്ല. ജില്ലയിൽ ഉയർന്ന ആരോപണങ്ങൾക്കെല്ലാം മറുപടിയും നൽകി.
പ്രദേശികമായി ശാസ്ത്ര സാഹിത്യ പരിഷത് പ്രതിഷേധം ഉയർത്തിയെങ്കിലും സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിൽ ഇപ്പോഴാണ് വിഷയമായത്. ഇത് പല നേതാക്കൾക്കും എതിരായി ഉയരുന്ന കുന്തമുനയുടെ തുക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് തിരുത്തൽ നടപടി സ്വീകരിക്കുമെന്നാണ്. ഒരർഥത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞതിന് അറം പറ്റിയെന്ന് പറയാം. പാർട്ടിക്ക് അകത്തുള്ള നേതാക്കളുടെ ബൂർഷ്വാ വ്യാമോഹങ്ങളെ തിരുത്താൻ സെക്രട്ടറിക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.
പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള കിടമൽസരമാണ് റിസോർട്ട് നിർമാണവും സ്വത്ത് സമ്പാദനവും സംസ്ഥാന കമ്മിറ്റിയിലെത്തിയച്ചതെന്ന് വാദിക്കുന്നവരുണ്ട്. വിവാദമുണ്ടാകുമ്പോൾ ബൂർഷ്വാ സ്വഭാവം ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പിണറായിക്ക് ശേഷം ആരാണ് പാർട്ടിയെ നയിക്കുക എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. പലനേതാക്കളും അണിയറയിൽ അതിനുള്ള പടയൊരുക്കം തുടങ്ങിയെന്നാണ് പൊതു വിലയിരുത്തൽ.
കളത്തിൽ പാറയിൽ രമേശും ഇ.പിയുടെ മകനുമാണ് റിസോർട്ടിന്റെ ആദ്യത്തെ രണ്ട് ഡയക്ടർമാർ. പിന്നീടാണ് മറ്റ ഡയറക്ടർമാർ അതിലേക്ക് വന്നത്. ഇ.പി മന്ത്രിയായരിക്കുമ്പോഴാണ് കുന്നിടിച്ചത്. റിസോർട്ടിന്റെ പ്രധാന നടത്തിപ്പുകാരനാണ് ഇ.പിയുടെ മകനെന്ന വാർത്ത ആർക്കും നിഷേധിക്കനാവില്ല. പരിഷത് വിഷയം ചൂണ്ടിക്കാണിച്ച് എട്ട് വർഷത്തിന് ശേഷമാണ് സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവ് ആരോപണം ഉന്നയിച്ചത്.
ആരോപണം എഴുതിക്കിട്ടിയാൽ അന്വേഷണം നടത്താമെന്ന പാർട്ടി സെക്രട്ടറിയുടെ മറുപടിയിൽ ചില നീക്കങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. എറണാകുളം മുൻ ജില്ലാ സെക്രട്ടറി ഗോപികോട്ടമുറക്കലിന്റെ അനുഭവം പാട്ടിക്ക് മുന്നിലുണ്ട്. അതിൽ മുന്നംഗ കമ്മിറ്റി അന്വേഷിച്ച് നടപടി എടുത്തു. കോട്ടമുറക്കലിനെ പ്രഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തു. ഇ.പി ജയരാജൻ പാർട്ടിയിലെ ദൈവ പുത്രനല്ലെന്നാണ് ചില പാർട്ടി സഖാക്കൾ അടക്കം പറയുന്നത്. ഏറിയും കുറഞ്ഞും പാർട്ടി നേതാക്കൾ തുടരുന്ന ബൂർഷ്വാ ജീവിതത്തിലേക്കാണ് തെറ്റുതരുത്തൽ രേഖ പാഞ്ഞു ജ്വലിക്കുന്നത്. അത് പല തലകളും ഉരുളുന്നതിലേക്ക് നയിക്കുമോ? അതല്ല ചായക്കോപ്പയിലെ കൊടുങ്കാറ്റായി തീരുമോയെന്ന് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.