കോഴിക്കോട്: കറന്‍സി നിരോധനത്തിന്‍െറ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചു നീങ്ങുമ്പോള്‍ ബി.ജെ.പി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കള്ളപ്പണ സൂക്ഷിപ്പുകേന്ദ്രങ്ങളായാണ് ബി.ജെ.പി ആക്ഷേപിക്കുന്നത്. ഇതിന്‍െറ പേരില്‍ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായ ഭിന്നതയുമുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഹകരണ സ്ഥാപനങ്ങള്‍ സി.പി.എമ്മിന്‍െറ നിയന്ത്രണത്തിലാണെന്നതാണ് അതിനെതിരെ നീങ്ങാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, യു.ഡി.എഫ് കക്ഷികളും ബി.ജെ.പിയും ഭരിക്കുന്ന സഹകരണ ബാങ്കുകളും സംഘങ്ങളും സംസ്ഥാനത്തുണ്ട്. ബി.ജെ.പിക്കാരായ എത്രയോ പേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. സംഘ്പരിവാറുകാര്‍ സഹകരണ സ്ഥാപനങ്ങളില്‍ ഓഹരി എടുക്കാതെയോ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാതെയോ മാറിനില്‍ക്കുന്നില്ല. കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ മേഖലയില്‍ എല്ലാ വിഭാഗം ജനങ്ങളും ഭാഗഭാക്കാവുന്നുമുണ്ട്. അവരുടെ കൂട്ടത്തില്‍ സംഘ്പരിവാറുകാരുമുണ്ട്. വസ്തുത ഇതായിരിക്കെ, സഹകരണ സ്ഥാപനങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനകളാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നടത്തുന്നത്.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നോട്ടുകള്‍ മാറിവാങ്ങാനും അക്കൗണ്ടില്‍ പണം അടക്കാനും ക്യൂ നില്‍ക്കുന്നവരെല്ലാം ബി.ജെ.പി നേതാക്കളുടെ കണ്ണില്‍ കള്ളപ്പണക്കാരാണ്. പാര്‍ട്ടിയുടെ ഏക എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത് മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്നാണ്. മലയാളികളെ സുഖലോലുപരും ധൂര്‍ത്തന്മാരുമായാണ് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടിയുടെ മറ്റു പല നേതാക്കളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരുത്തരവാദ പ്രസ്താവനകളാണ് നടത്തുന്നത്.
നോട്ടുകള്‍ പൊടുന്നനെ പിന്‍വലിക്കുകയും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്തതോടെ പരിഭ്രാന്തിയിലായ ജനങ്ങളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായക്കാര്‍ ബി.ജെ.പിയിലുണ്ട്. കറന്‍സി നിരോധനത്തെ തുടര്‍ന്ന് സംജാതമായ സാമ്പത്തിക മാന്ദ്യം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ അതീവ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപക്ഷത്തുനിന്ന് അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി പുറംതിരിഞ്ഞുനില്‍ക്കുക മാത്രമല്ല, കള്ളപ്പണക്കാരെന്ന് ആക്ഷേപിക്കുക കൂടിയാണ് ചെയ്യുന്നത്. കറന്‍സി നിരോധനത്തെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുന്നുമുണ്ട്.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് എം.പിമാരെ അയക്കണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമെങ്കിലും ആകണമെന്നും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് അമിത് ഷാ ടാര്‍ഗറ്റ് കൊടുത്തിട്ടുണ്ട്. അതിനുവേണ്ടി ജനകീയ അടിത്തറ വിശാലമാക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് കറന്‍സി നിരോധനത്തിലൂടെ സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.