മുംബൈ: സ്വേച്ഛാധിപത്യത്തിന് ബദലില്ലെന്നും അതിനെ പിഴുതെറിയുക മാത്രമാണ് വഴിയെന്നും ശിവസേന (ബാലാസാഹിബ്) നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നിന്ന് വീശിത്തുടങ്ങുന്ന കാവിക്കൊടുങ്കാറ്റിൽ ഡൽഹിയിലെ സ്വേച്ഛാധിപത്യം തകരുമെന്നും ഉദ്ധവ് പറഞ്ഞു. മുംബൈയിലെ വസതിയായ മാതോശ്രീയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ്.
'ഇൻഡ്യ സഖ്യത്തെ കുറിച്ചും എം.വി.എ സഖ്യത്തെ കുറിച്ചും സഖ്യത്തിനകത്തുള്ളവർക്ക് തന്നെ സംശയമുണ്ട്. എന്നാൽ ഇവിടെ മറ്റെന്ത് ബദലാണുള്ളത്? സ്വേച്ഛാധിപത്യത്തിനും ബദലില്ല. അതിനെ പിഴുതെറിയുക മാത്രമാണ് ആദ്യത്തെ മാർഗം. അതാണ് നമുക്ക് ചെയ്യാനുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊങ്കൺ മേഖല ഞാൻ സന്ദർശിച്ചിരുന്നു. അവിടെ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. നിസർഗയും ടുക്ടെ കൊടുങ്കാറ്റും കൊങ്കൺ തീരത്ത് ആഞ്ഞടിച്ചതാണ്. എന്നാൽ, കഴിഞ്ഞ നാല് ദിവസം കൊങ്കൺ തീരത്ത് മറ്റൊരു കാവിക്കൊടുങ്കാറ്റാണ് ഞാൻ കണ്ടത്. ആ കാവിക്കൊടുങ്കാറ്റ് ഡൽഹിയിലെത്തും' -ഉദ്ധവ് പറഞ്ഞു.
ദുരന്ത കാലങ്ങളിൽ രാജ്യത്തിന് മഹാരാഷ്ട്ര വഴികാട്ടാറുണ്ടെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇപ്പോഴത്തെ ദുരന്ത സാഹചര്യത്തിലും മഹാരാഷ്ട്ര രാജ്യത്തിന് വഴികാട്ടും. സ്വേച്ഛാധിപത്യത്തെ കുഴിച്ചുമൂടുന്ന വഴിയാകും അത് -ഉദ്ധവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.