കുഴഞ്ഞ മണ്ണ്; ഡല്‍ഹിയില്‍ കണ്ണ്

അലഹബാദ്​: ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട വിജ്ഞാപനം ചൊവ്വാഴ്ച ഇറങ്ങും. 403ല്‍ 73 സീറ്റിലേക്ക് മത്സരിക്കുന്നവര്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ചയാണ് സമയം. ഏഴു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് എട്ടിനു മുമ്പ് നടക്കും. മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ വോട്ടെണ്ണും. ഒട്ടും നേരം കളയാനില്ളെന്ന് ഓരോ പാര്‍ട്ടിക്കും അറിയാം. പക്ഷേ, എല്ലാവരും ഡല്‍ഹിയിലേക്ക് നോക്കിയിരിക്കുന്നു. 

കണ്ണ് തെരഞ്ഞെടുപ്പു കമീഷനിലേക്കാണ്. സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം കിട്ടാന്‍ പോകുന്നത് അച്ഛനോ മകനോ? രണ്ടുപേര്‍ക്കുമില്ലാതെ ആ ചിഹ്നം കമീഷന്‍ മരവിപ്പിച്ചെന്നും വരാം. അടിച്ചുപിരിയാന്‍ ഉറച്ചുനില്‍ക്കുന്ന മുലായവും അഖിലേഷും ഒപ്പം തെരഞ്ഞെടുപ്പു കമീഷനും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കാത്തുകെട്ടിനില്‍ക്കാതെ ഒരു പാര്‍ട്ടിക്കും രക്ഷയില്ല. വോട്ടറും ആശയക്കുഴപ്പത്തിലാണ്. തിങ്കളാഴ്ചയെങ്കിലും തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസം. 
യു.പിയുടെ മണ്ണ് കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. അച്ഛനെ പിന്തള്ളി അഖിലേഷ് സ്വന്തം നിലക്ക് മുന്നോട്ടുപോയാല്‍ എല്ലാ പാര്‍ട്ടികളും മനക്കണക്ക് വെട്ടിത്തിരുത്തേണ്ടി വരും. ജാതി സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സഖ്യസാധ്യതകളുമൊക്കെ അരിച്ചുപെറുക്കേണ്ടിവരും. 
അച്ഛനും മകനും പൊരുത്തപ്പെട്ടു ജീവിക്കാന്‍ തീരുമാനിച്ചാല്‍, കണക്ക് മറ്റൊന്നാകും. അതുകൊണ്ട് സാഹചര്യങ്ങള്‍ക്കൊത്ത് അളന്നുമുറിക്കേണ്ട ബദല്‍ സ്ഥാനാര്‍ഥിപ്പട്ടിക കൂടി എല്ലാ പാര്‍ട്ടികളും തയാറാക്കുന്നുണ്ട്. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിത്തിരകൊണ്ട് 80ല്‍ 71 സീറ്റു പിടിച്ച ബി.ജെ.പി സമാജ്വാദി പാര്‍ട്ടിയെയും ബി.എസ്.പിയെയും മറിച്ചിടാനുള്ള കരുനീക്കത്തിലാണ്. 14.22 കോടി വോട്ടര്‍മാരുള്ള ഏറ്റവും വലിയ സംസ്ഥാനത്തിന്‍െറ ഭരണം പിടിച്ചടക്കിയാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പിന്‍െറ ഗതികൂടി നിശ്ചയിക്കാം. 

മോഹത്തിനൊത്തു കാര്യങ്ങള്‍ നീക്കാന്‍ കടമ്പ പലതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിടിച്ച 71 സീറ്റെന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 337 സീറ്റിനു തുല്യമാണ്. അവിടങ്ങളില്‍ നിര്‍ത്താന്‍ പറ്റിയ ജനസമ്മതിയുള്ള സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെങ്കില്‍ തീരെയില്ല. നരേന്ദ്ര മോദിയുടെ നിരന്തര പ്രചാരണം, പാര്‍ട്ടിയും അടിയൊഴുക്കും നിയന്ത്രിക്കാന്‍ അമിത് ഷായുടെ പക്കലുള്ള തന്ത്രങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ബി.ജെ.പിയുടെ നില്‍പ്. ബ്രാഹ്മണ, ബനിയ, രജപുത്ര, നിഷാദ്, യാദവേതര, ജാതവേതര വിഭാഗങ്ങളെല്ലാം 2014ലെപ്പോലെ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി കേന്ദ്രഭരണം പിടിച്ചതിന്‍െറ പകിട്ടു കണ്ട് തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയിലേക്ക് ചാടിയ എം.എല്‍.എമാര്‍ ഒരു ഡസന്‍ വരും. കൂടുതല്‍ പരിക്കേറ്റത് ബി.എസ്.പിക്കാണ്. പാര്‍ട്ടിയില്‍ നെടുംതൂണായിനിന്ന സ്വാമിപ്രസാദ് മൗര്യയടക്കം 13 പേരാണ് ബി.ജെ.പിയില്‍ ചേക്കേറിയത്.

മുന്‍ പി.സി.സി പ്രസിഡന്‍റ് റീത ബഹുഗുണ ജോഷിയും ആറ് എം.എല്‍.എമാരുമാണ് കോണ്‍ഗ്രസിനെ പറ്റിച്ചത്. രാഷ്ട്രീയ ലോക്ദളിനെ നയിക്കുന്ന അജിത്സിങ്ങിന് പാര്‍ട്ടിയുടെ നിയമസഭ നേതാവിന്‍െറതന്നെ കൂറുമാറ്റമാണ് കാണേണ്ടിവന്നത്. ഭരണകക്ഷിയായിട്ടുപോലും സമാജ്വാദി പാര്‍ട്ടിക്കും നഷ്ടപ്പെട്ടു, മൂന്ന് എം.എല്‍.എമാരെ. ഇതെല്ലാം കഴിഞ്ഞിട്ടും 403 സീറ്റിലും പറ്റിയ സ്ഥാനാര്‍ഥികളില്ല എന്നതാണ് ബി.ജെ.പിയുടെ സ്ഥിതി. പ്രതിമാസം 5,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ് മുക്കാല്‍പങ്ക് യു.പിക്കാരുമെന്നിരിക്കേ, മോദിയുടെ പ്രതിച്ഛായ ഇടിച്ച നോട്ട് അസാധുവാക്കല്‍ അടക്കമുള്ള സംഭവ പരമ്പരകള്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി ഇനിയെന്താക്കുമെന്ന ചിന്ത മറുകണ്ടം ചാടിയവരെ അലട്ടുകയും ചെയ്യുന്നു.

224 സീറ്റു പിടിച്ച് മായാവതിയെ 2012ല്‍ അധികാരത്തില്‍നിന്നിറക്കിയ സമാജ്വാദി പാര്‍ട്ടി ഭരണവിരുദ്ധ വികാരംമൂലം 2017ല്‍ വീണ്ടും ജയിക്കാമെന്ന പ്രതീക്ഷയില്ലാതെയാണ് മുന്നോട്ടു നീങ്ങിയത്. എന്നാല്‍, അഖിലേഷ് സ്വന്തം കാലില്‍നില്‍ക്കുന്നുവെന്ന് വന്നതോടെ, വോട്ടര്‍മാരുടെ ചിന്താഗതിയില്‍ പ്രകടമായ മാറ്റമുണ്ട്. മുലായത്തിന്‍െറയും പിന്നണിക്കാരായ അമര്‍സിങ്, ശിവ്പാല്‍ തുടങ്ങിയവരുടെയും ഉഡായിപ്പുകള്‍ ഇല്ലാത്ത മെച്ചപ്പെട്ട ഭരണം യുവനേതാവ് നല്‍കുമെന്നൊരു പ്രതീക്ഷ യാദവരും ന്യൂനപക്ഷങ്ങളുമൊക്കെ അടങ്ങുന്ന സമാജ്വാദി പാര്‍ട്ടി വോട്ടര്‍മാര്‍ക്കിടയില്‍ വളര്‍ന്നു. 

അഖിലേഷുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കലശലായ താല്‍പര്യമുണ്ട്. കഴിഞ്ഞതവണ കിട്ടിയ 28 സീറ്റുപോലും ചതുഷ്കോണ മത്സരത്തിന്‍െറ തീവ്രതയില്‍ തങ്ങള്‍ക്ക് കിട്ടില്ളെന്നതു മാത്രമല്ല കാരണം. അഖിലേഷിന്‍െറ ഇമേജ്, അഖിലേഷിന്‍െറ ഭാര്യ ഡിംപിളും നെഹ്രുകുടുംബക്കാരി പ്രിയങ്ക വാദ്രയും തോളില്‍ ¥ൈകയിടുന്ന പ്രചാരണം എന്നിവയെല്ലാം മൈലേജ് കൂട്ടുമെന്നും അധികാരത്തില്‍ പങ്കാളിയാകാന്‍ അവസരം വരുമെന്നുമാണ് ചിന്ത. 

അതുപക്ഷേ, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറിക്കുമോ,   തരംഗംപോലെ ഒന്നിപ്പിക്കുമോ എന്നതാണ് സമസ്യ. മുസഫര്‍നഗറും ദാദ്രിയുമടക്കം സമാജ്വാദി പാര്‍ട്ടി ഭരണത്തിലിരിക്കേ നടന്ന പലതിലും മനംനൊന്ത ന്യൂനപക്ഷങ്ങളും പതിവ് വോട്ടുബാങ്കായ ദലിത് വിഭാഗങ്ങളും ബി.ജെ.പി-സമാജ്വാദി പാര്‍ട്ടി-മോദി വിരുദ്ധരും ഒത്തുചേരുമ്പോള്‍ ഇക്കുറി മായാവതിയുടെ ബി.എസ്.പിക്ക് സാധ്യത വര്‍ധിച്ച നേരത്താണ് സമാജ്വാദി പാര്‍ട്ടിയിലെ സംഭവവികാസവും പുതിയ സഖ്യസാധ്യതകളും. 
അഖിലേഷ് കരുത്തനാകുന്നുവെന്നു കരുതി, മുലായം ഒന്നുമല്ലാതായി പോകുന്നില്ല. വോട്ടു ചിതറാം. എന്നാല്‍, യു.പിയില്‍ അടിവേരുകളുള്ള മുലായം ചോര്‍ത്തുന്ന സീറ്റെണ്ണം കോണ്‍ഗ്രസ് സഖ്യം വഴി പരിഹരിച്ചെടുക്കാമെന്ന കണക്കുകൂട്ടല്‍ അഖിലേഷിനുണ്ട്. 
ജാതിയും മോദിയും നോട്ട് കെടുതിയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിനാണ് യു.പി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതിനിടയില്‍, യു.പി ബി.ജെ.പിക്ക് കീഴടങ്ങാതിരിക്കാനുള്ള ജീവന്മരണ പോരാട്ടമാണ് മറ്റെല്ലാ പാര്‍ട്ടികളും നടത്തുന്നത്.

Tags:    
News Summary - up elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.