എക്സാലോജിക് - സി.എം.ആർ.എൽ :കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നിൽക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി പിണറായിക്ക് മുന്നിൽ തിരുവായിക്ക് എതിർവായില്ലാത്ത അവസ്ഥയിലായി നിൽക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സർക്കാരും ഇത്രത്തോളം അധഃപതിച്ച കാലഘട്ടമുണ്ടായിട്ടില്ല.

ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താൽ എല്ലാ സത്യങ്ങളും പുറത്ത് വരും. ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതതെന്നു തെളിയക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ആശയം പരാജയപ്പെട്ടതു പോലെ കേരളത്തിലും സമാനമാറ്റം വൈകാതെ നമുക്ക് കാണാനാകും. കേന്ദ്രത്തിനെതിരെ വാതോരാതെ കുറ്റം പറഞ്ഞ് കൊണ്ടിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ വിനീത വിധേയനായി. കേരളത്തിന്റെ വികാരം പറയേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിന് നന്ദി പറയുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷത്തെ വിളിച്ചതതെന്നും ചെന്നിത്തല പരിഹസിച്ചു.

എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തി. എന്തിനാണ് മുഖ്യമന്ത്രി ഇനി ഡൽഹിയിൽ പോയി സമരം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. മുഖത്ത് നോക്കി പറയാൻ അവസരം കിട്ടിയിട്ട് ഒരക്ഷരം ഉരിയാടത്തതിൻ്റെ ഗുട്ടൻസ് എല്ലാപേർക്കും മനസിലാകും. മുഖ്യമന്ത്രി ബംഗാൾ യാത്ര റദ്ദ് ചെയ്ത് പ്രധാനമന്ത്രിയെ സ്വികരിക്കാൻ പോയതും പിന്നിട് യാത്ര അയക്കാൻ പോയതിൽ നിന്ന് ഒരു പാട് കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിയും.

ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളും കണ്ടെത്തെലുമെല്ലാം നാടകം മാത്രമാണ് .ഇതിന്റെ തുടർച്ചയായ മറ്റൊരു നാടകമാണ് ഡൽഹി സമരവും. എക്കാലവും മോദിയും പിണറായിയും ജനങ്ങളുടെ കണ്ണിൽ പെട്ടിയിട്ട് ഭരിക്കാമെന്ന ധാരണയൊന്നും വേണ്ട. 2021ൽ ഒരു കൈപ്പിഴ പറ്റിയതിൻ്റെ കുറ്റബോധത്തിലാണ് കേരള ജനത. ഇക്കാര്യങ്ങൾ പാർലമെൻറ് ഇലക്ഷൻ കഴിയുമ്പോൾ പിണറായിക്ക് ബോധ്യമാകുമെന്ന് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Exalogic - CMRL: Ramesh Chennithala says that the Central Committee and the Politburo are playing tricks on each other

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.