വടകര: വ്യാജ രസീത് വിഷയത്തിൽ ബി.ജെ.പി നേതൃത്വം മുഖംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം തിരിച്ചടിയാകുന്നു. വിഷയം പുറത്തറിയിച്ചെന്ന് ആരോപിച്ച് കൈയേറ്റത്തിന് വിധേയനായ ബി.ജെ.പി മയ്യന്നൂർ ബൂത്ത് പ്രസിഡൻറും വടകര എം.എച്ച്.ഇ.എസ് കോളജ് അധ്യാപകനുമായ ടി. ശശികുമാർ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തനിക്കെതിരായുള്ള ആരോപണം ശരിയല്ലെന്ന് കാണിച്ച് ജില്ല, സംസ്ഥാന നേതൃത്വത്തിന് കത്തുനൽകിയിട്ടും അനുകൂല മറുപടിയോ അന്വേഷണമോ നടന്നില്ല. നാലുവർഷമായി പ്രവർത്തകനായും രണ്ടുവർഷമായി ബൂത്ത് പ്രസിഡൻറായും പ്രവർത്തിക്കുന്ന തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജിയെന്ന് ശശികുമാർ പറഞ്ഞു. വ്യാജ രസീത് ഉപയോഗിച്ചാണ് എം.എച്ച്.ഇ.എസ് കോളജിൽ നിന്നുൾപ്പെടെ പണപ്പിരിവ് നടത്തിയത്. മാധ്യമങ്ങൾക്കുൾപ്പെടെ ലഭിച്ച രസീതുകളിലൊന്ന് ഈ കോളജിേൻറതായിരുന്നു.
ഇത് പുറത്തെത്തിയത് ശശികുമാർ മുഖേനയാണെന്നാണ് ആരോപണം. ഇതേകുറിച്ച് അന്വേഷിക്കാനെത്തിയ ബി.ജെ.പി കുറ്റ്യാടി മണ്ഡലം നേതാക്കൾ തന്നെ കൈയേറ്റം ചെയ്തെന്ന് കാണിച്ച് ശശികുമാർ പയ്യോളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് 15പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന്, കോളജിൽനിന്നും ശശികുമാറിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബി.ജെ.പി ബൂത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. പാർട്ടിയുടെ ഭീഷണിമൂലം തിരിച്ചെടുക്കാൻ കോളജ് അധികൃതർ തയാറാവുന്നില്ല. തന്നെ ബലിയാടാക്കി നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്ന് ശശികുമാർ പറഞ്ഞു.
ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ നിരന്തരം ചിലർ ഭീഷണിപ്പെടുത്തുകയാണെന്നും ഇതുസംബന്ധിച്ച പരാതി പൊലീസ് മേധാവികൾക്കും മറ്റും ഉടൻ നൽകുമെന്നും ശശികുമാർ പറഞ്ഞു. കുടുംബത്തോടെ ഇല്ലാതാക്കുമെന്നാണ് ഭീഷണി. രസീത് വിഷയത്തിൽ പരാതി നൽകിയത് വടകരയിലെ പ്രസ് ഉടമയാണ്. നേരത്തേയും ഈ പ്രസിൽ നിന്നും വ്യാജ രസീത് അടിച്ച് പലതവണ പണപ്പിരിവ് നടത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം നടത്തിയ ബി.ജെ.പി യോഗത്തിൽ കൗണ്ടർ ഫോയിൽ കാണിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം നേതൃത്വം തള്ളുകയായിരുന്നു. ഈ ശൈലിയിൽ അമർഷമുള്ള നിരവധി പ്രവർത്തകരുണ്ട്.
പുതിയ സാഹചര്യത്തിൽ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരുപറയാതെ നേരിെൻറ പക്ഷത്ത് ചേർന്ന് പ്രവർത്തിക്കുമെന്നും ശശികുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആർ.എസ്.എസ് ആയഞ്ചേരി മണ്ഡലം മുൻ കാര്യവാഹ് മോഹൻദാസ് മംഗലാടും പങ്കെടുത്തു. ബി.ജെ.പിയിലും ആർ.എസ്.എസിലും സവർണമേൽക്കോയ്മയാണുള്ളതെന്നും പാർട്ടിയിൽനിന്നു മാറിനിന്നത് ഇത്തരം കാരണങ്ങളാലാണെന്നും മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.