കോണ്‍ഗ്രസ് വിട്ട എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേരുമെന്ന് യെദിയൂരപ്പ

ബംഗളൂരു: കോണ്‍ഗ്രസ് വിട്ട മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എസ്.എം. കൃഷ്ണ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ. കൃഷ്ണ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇത് എപ്പോഴുണ്ടാകുമെന്ന് വ്യക്തമായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഉടന്‍ തീരുമാനമുണ്ടാകും. പാര്‍ട്ടിയില്‍ ചേരുമെന്നത് നൂറു ശതമാനം സത്യമാണെന്നും അദ്ദേഹം ബംഗളൂരുവില്‍ പറഞ്ഞു.  ഇതിനോട് കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചാണ് കഴിഞ്ഞയാഴ്ച കൃഷ്ണ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്‍െറ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ കൃഷ്ണയെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാനത്തിന്‍െറ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ സമയം ചോദിച്ചെങ്കിലും വിസമ്മതിക്കുകയാണുണ്ടായത്. പാര്‍ട്ടി വിടാനുള്ള തീരുമാനത്തിനുപിന്നാലെ ബി.ജെ.പിയും ജനതാദള്‍-എസും കൃഷ്ണയെ തങ്ങളുടെ കൂടാരത്തിലത്തെിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

സംസ്ഥാനത്തെ പ്രബലരായ വൊക്കലിംഗ സമുദായത്തില്‍നിന്നുള്ള കൃഷ്ണയുടെ സാന്നിധ്യം പാര്‍ട്ടിക്ക് കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുന്നതിനാല്‍ ആ സ്ഥാനത്തേക്കു പരിഗണിച്ചേക്കുമെന്നും വരുംദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും കൃഷ്ണ തള്ളിയിട്ടുണ്ട്. മാണ്ഡ്യയെ പ്രതിനിധാനംചെയ്ത് പലതവണ എം.പിയായ കൃഷ്ണ 1999 മുതല്‍ 2004 വരെയാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.

2009 മുതല്‍ 2012 വരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നെങ്കിലും രാജിവെക്കേണ്ടിവന്നു. പിന്നീട് പാര്‍ട്ടി കാര്യമായ പദവികളും ചുമതലകളും നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മാത്രം ബാക്കിനില്‍ക്കെ മുന്‍ മന്ത്രി ശ്രീനിവാസ പ്രസാദിനുപിന്നാലെ കൃഷ്ണയും പാര്‍ട്ടി വിട്ടത് സംസ്ഥാന കോണ്‍ഗ്രസിന് കനത്ത ആഘാതമാണുണ്ടാക്കിയത്. 

Tags:    
News Summary - Former Union Minister SM Krishna is Joining BJP, Says Yeddyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.