ജയലളിതയുടെ ജന്മദിനത്തിൽ നിർണായക പ്രഖ്യാപനമുണ്ടാകും -ദീപാ ജയകുമാര്‍

ചെന്നൈ: പൊതു പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുമെന്ന് സൂചന നല്‍കി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ രംഗത്തെത്തി. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും. ജീവിതത്തിൽ പുതിയ യാത്രക്കാണ് താൻ തുടക്കമിടുന്നത്. അമ്മ കാണിച്ച പാത പിന്തുടരുമെന്നും അവർ വ്യക്തമാക്കി. തമിഴ് രാഷ്ട്രീയത്തിൽ ധാരാളം മാറ്റങ്ങൾ കാണുന്നു. താൻ നേതൃ സ്ഥാനത്തേക്ക് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും യുവജനങ്ങൾ. അവരുടെ വിശ്വാസത്തെ സംരക്ഷിക്കാൻ താനുണ്ടാകുമെന്നും ദീപ പറഞ്ഞു. ദീപയുടെ രാഷ്ട്രീയ പ്രവേശം തമിഴ് മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് നൽകിയത്.

രാവിലെ എം.ജി.ആര്‍ - ജയലളിതാ സ്മാരകങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ദീപ നിലപാട് വ്യക്തമാക്കിയത്. പ്രധാന ചടങ്ങുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞ നേതാക്കളുടെ ശവകുടീരങ്ങള്‍ സന്ദശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുക എന്ന തമിഴ് രാഷ്ട്രീയ പാരമ്പര്യമാണ് ദീപ അനുകരിച്ചത്. ജയലളിത ഇത് പിന്‍പറ്റിയിരുന്നു. അണ്ണാഡി.എം.കെ  സ്ഥാപകനായ എം.ജി.ആറിന്‍െറ ജന്മശതാബ്ദി ദിനം കൂടിയായ ഇന്ന് അവര്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. എം.ജി.ആര്‍- ജയലളിത അണ്ണാ ഡി.എം.കെ എന്നാകും പാര്‍ട്ടിയുടെ പേരത്രെ. ജനങ്ങളുടെ പുരോഗതിക്കായി ജയലളിത ഏറ്റെടുത്ത ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അതു നിറവേറ്റുമെന്നും ചെന്നൈ ടി.നഗറിലെ വസതിക്കുമുന്നില്‍ തടിച്ചുകൂടിയ അണ്ണാഡി.എം.കെ പ്രവര്‍ത്തകരോട് പറഞ്ഞു. 
 


ജയലളിതയെ പോലെ സാരി അണിഞ്ഞാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിതയെ പോലെ സാദ്യശ്യമുള്ള ദീപ അമ്മയുടെ പിന്‍ഗാമിയാകണമെന്ന് ഒരു വിഭാഗം അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവരികയാണ്.  പൊങ്കല്‍ ദിനമായ കഴിഞ്ഞദിവസങ്ങളില്‍ ധാരാളം പ്രവര്‍ത്തകരാണ് ഇവരുടെ വസതിയിലേക്ക് എത്തിയത്. അസംതൃപ്തരായ അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ദീപയുടെ പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത് വരുന്നു.


പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി ചുമതലയേറ്റ ജയലളിതയുടെ തോഴി ശശികലാ നടരാജനോട് അഭിപ്രായവ്യത്യാസമുള്ളവരാണ് വിമത നീക്കങ്ങള്‍ക്ക് പിന്നിൽ. സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ എം.ജി.ആറിന്‍െയും ജയലളിതയുടെയും പേരില്‍ ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അണ്ണാഡി.എംകെ മുന്‍ എം.എല്‍.എ എ. സൗന്ദര രാജന്‍െറ നേതൃത്വത്തില്‍ രൂപം കൊണ്ട ‘ജയദീപ പേരവൈ’ എന്ന സംഘടന ഇന്ന് തിരുച്ചിറപ്പള്ളിയില്‍ പ്രകടനം നടത്തും. അണ്ണാ എം.ജി.ആര്‍ ദ്രാവിഡ മുന്നേറ്റ കഴകം എന്നപേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ചെന്നൈയില്‍ ഒരു വിഭാഗം  രംഗത്തത്തെി. കെ. മുരുകനാണ് പ്രസിഡന്‍റ്. ഇതിനിടെ ശശികലയുടെ ബന്ധുവും മുന്‍ എം.പിയുമായ ദിവാകരനെതിരെ ശക്തമായ ആരോപണവുമായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.പി മുനിസാമി പത്രസമ്മേളനം നടത്തി. ശശികലക്കും അവരോടൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കുമെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ദിനം പ്രതി എതിര്‍പ്പ് ശക്തമായി വരുന്നുണ്ട്. 

Tags:    
News Summary - Jayalalithaa's niece Deepa Jayakumar to launch party today?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.