കെ-റെയിൽ പ്രൊജക്ട് കൺസൽട്ടൻസി നിയമന നീക്കം റദ്ദാക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കെ-റെയിൽ പ്രൊജക്ടിൽ ഭൂമി ഏറ്റെടുക്കാൻ കൺസൽട്ടൻസിയെ നിയമിക്കാനുള്ള ഇടതു സർക്കാർ നീക്കം റദ്ദാക്കണമെന്നും നിലവിലെ സാമൂഹ്യ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കെ- റെയിൽ പ്രൊജക്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ജന ജീവിതം സാധാരണ ഗതിയിലായതിന് ശേഷം ജനപ്രതിനിധികളുമായും പാർട്ടി നേതൃത്വങ്ങളുമായും ചർച്ച ചെയ്തും ജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പറിയാതെയാണ് ഗതാഗത വകുപ്പ് കൺസൾട്ടൻസിയെ നിയമിക്കാൻ നീക്കം നടത്തുന്നത്.

പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നിലവിൽ നിയമമുണ്ടായിരിക്കെ അത് മറികടന്ന് കോർപ്പറേറ്റ് ഗുണ്ടാ സംഘങ്ങളെ ജനങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കാൻ നിയോഗിക്കുകയാണ് സർക്കാർ. വൻകിട പദ്ധതികൾക്കാവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കെ-റെയിൽ പ്രൊജക്ടുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തി നിലവിലുള്ള റെയിൽ സംവിധാനങ്ങളെ ആധുനിക വത്കരിച്ച് യാത്രയുടെ വേഗത വർദ്ധിപ്പിക്കാനുള്ള സാധ്യതക്ക് ശ്രമിക്കാതെയാണ് ഈ പദ്ധതി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യ നിയന്ത്രണ കാലത്ത് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ ശ്രമം ദുരുദ്ദേശപരമാണ്.

പദ്ധതി നിർമ്മാണത്തിനാവശ്യമായ പ്രകൃതി വിഭവങ്ങളുടെ തോത് നിലവിൽ തന്നെ പാരിസ്ഥിതിക ഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ ഗുരുതരമായി ബാധിക്കും. വലിയ തോതിൽ പാറ ഖനനമടക്കം നടത്തേണ്ട സ്ഥിതി വിശേഷമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയമടക്കമുള്ള ഭീഷണികൾ നിലനിൽക്കേ ഇത്തരം ഒരവസ്ഥയെ കേരളത്തിന് താങ്ങാനാവില്ല. ജനസാന്ദ്രതയേറിയ കേരളത്തിൽ പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുമ്പോൾ പതിനായിരങ്ങളെ കൂടിയിറക്കേണ്ടി വരും.

കുടിയൊഴിപ്പിക്കേണ്ടി വന്നാൽ തന്നെ അത്തരം ജനങ്ങളെ പുനരധിവാസിപ്പിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാവൂ. ലോക്ഡൌൺ കാലവും സാമൂഹ്യ നിയന്ത്രണങ്ങളും കഴിയുന്നതുവരെ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തി വെക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.