ബംഗളൂരു: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫല ശേഷം, കുതിരക്കച്ചവടവും കൂറുമാറ്റവും ഭരണനഷ്ടവുമൊക്കെയായി കർണാടകയിൽ നിലനിന്ന രാഷ്ട്രീയ നാടകങ്ങൾക്ക് ഉപതെരഞ്ഞെടുേപ്പാടെ താൽക്കാലിക വിരാമം. കർണാടക ബി.ജെ.പിയിൽ ബി.എസ്. യെദിയൂരപ്പയുടെ അനിഷേധ്യ നേതൃത്വത്തിന് ഒരിക്കൽക്കൂടി അടിവരയിടുന്നതാണ് ഫലം. കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാറിൽനിന്ന് കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എമാരിൽ 11 പേരും നാലുമാസത്തിനിപ്പുറം ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലെത്തുേമ്പാൾ മന്ത്രി പദവിയാണ് കാത്തിരിക്കുന്നത്.
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരെ എതിർപ്പ് മറികടന്ന് മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തത് യെദിയൂരപ്പയുടെ നേട്ടമാണ്. ജാതീയതയും പണവും വാഴുന്ന കർണാടകയിൽ രണ്ടും തരം പോലെ പ്രയോഗിച്ചാണ് ജയം. ജാതി പറഞ്ഞ് വോട്ടുചോദിച്ചതിനു യെദിയൂരപ്പക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തിരുന്നു. സഖ്യസർക്കാർ വീണശേഷം അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ ആസ്തികളിൽ പെെട്ടന്നുണ്ടായ വളർച്ചയും സംശയമുനയിലാണ്. അയോഗ്യരാക്കിയവരെ സ്ഥാനാർഥികളാക്കിയതിനെതിരായ പ്രതിഷേധം പൂർണമായും അടങ്ങിയിട്ടില്ലെന്നതിനാൽ കരുതലോടെയാണ് ബി.ജെ.പി നീക്കം. മന്ത്രിസഭ വികസനമാണ് ഇനി വെല്ലുവിളി.
മറുവശത്ത് പ്രതിപക്ഷ പാർട്ടികളുടെ ബലഹീനതയാണ് തെളിയുന്നത്. ആദായ നികുതി വകുപ്പിെൻറ നിരന്തര വേട്ടയിൽ ഡി.കെ. ശിവകുമാർ കാര്യമായ പ്രചാരണത്തിനിറങ്ങാതെ പോയ തെരെഞ്ഞടുപ്പായിരുന്നു ഇത്. സിദ്ധരാമയ്യയുടെ ഒറ്റയാൾ പ്രകടനമാണ് കോൺഗ്രസിൽ കണ്ടത്. ഫലത്തിനു പിന്നാലെ കോൺഗ്രസിൽ ഇളക്കവുമുണ്ടായി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവും നിയമസഭ കക്ഷിനേതാവുമായ സിദ്ധരാമയ്യയും കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും പദവികളൊഴിഞ്ഞു. ലോക്സഭ ഫല ശേഷം കോൺഗ്രസിലുയർന്ന നേതൃമാറ്റ ആവശ്യം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുംമുമ്പാണ് രാജി.
ജെ.ഡി-എസിൽ കുടുംബവാഴ്ചക്കെതിരെ ഉപതെരഞ്ഞെടുപ്പിന് മുേമ്പ പാർട്ടിയിലുയർന്ന പോര് സിറ്റിങ് മണ്ഡലങ്ങൾപോലും നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചു. എച്ച്.ഡി. ദേവഗൗഡയും കുമാരസ്വാമിയും മാത്രം നയിച്ച പ്രചാരണത്തിൽനിന്ന് ജി.ടി. ദേവഗൗഡയടക്കം പലരും വിട്ടുനിന്നു. ബി.ജെ.പി തോറ്റാലും യെദിയൂരപ്പ സർക്കാർ വീഴില്ലെന്ന് ജെ.ഡി-എസ് നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ജെ.ഡി-എസ് ശക്തികേന്ദ്രമായ മാണ്ഡ്യയിലെ കെ.ആർ പേട്ടിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതും ഇതിെൻറ അനുരണനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.