ഒടുവില്‍ കിട്ടിയത് ഊരുവിലക്കുകള്‍

കെ.കെ. രമയെ കേരള രാഷ്ട്രീയത്തിലിന്ന് പരിചയപ്പെടുത്തേണ്ടതില്ല. ടി.പി. ചന്ദ്രശേഖരന്‍െറ ഭാര്യയാവും മുമ്പും രമ രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നാല്‍, രമയെ അറിയും മുമ്പേ കെ.കെ. മാധവനെന്ന സി.പി.എം നേതാവിന്‍െറ കുടുംബത്തില്‍ നിന്ന് മറ്റൊരു രാഷ്ട്രീയക്കാരിയെ കേരളം അടുത്തറിഞ്ഞിരുന്നു, -എണ്‍പതുകളിലെ കാമ്പസുകളിലും സമരമുഖങ്ങളിലും തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ കെ.കെ. പ്രേമയെ. പുതുതലമുറക്ക് പക്ഷേ, സഖാവ് പ്രേമ അത്ര പരിചിതമാവില്ല. കാല്‍നൂറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രേമ ഇപ്പോള്‍ വിശാഖപട്ടണത്ത് കുടുംബസമേതം കഴിയുകയാണ്. ആദര്‍ശ രാഷ്ട്രീയത്തിന്‍െറ ചൂടും ചൂരും കാല്‍ നൂറ്റാണ്ടിനിപ്പുറവും ഹൃദയത്തിലേറ്റുന്ന പ്രേമ തന്‍െറ രാഷ്ട്രീയം പറയുന്നു.

സി.പി.എം രാഷ്ട്രീയത്തിലേക്കെത്തപ്പെട്ട സാഹചര്യമെന്തായിരുന്നു?
രാഷ്ട്രീയത്തില്‍ ജനിച്ച് രാഷ്ട്രീയത്തില്‍ വളര്‍ന്നവരാണ് ഞങ്ങളുടെ കുടുംബം. പാര്‍ട്ടി യോഗങ്ങളും സമരങ്ങളും കൊണ്ട് മുഖരിതമായ ബാല്യകൗമാരങ്ങള്‍ ചുവപ്പ് നിറഞ്ഞതായിരുന്നു. ഞങ്ങള്‍ മൂന്നു പേരും പെണ്‍കുട്ടികളായിരുന്നിട്ടു പോലും രാഷ്ട്രീയത്തില്‍നിന്ന് അകറ്റപ്പെട്ടില്ല. പാതിരവരെ നീളുന്ന യോഗങ്ങള്‍, നേതാക്കന്മാരുടെ നിരന്തരമായ വീടുസന്ദര്‍ശനങ്ങള്‍, ദേശാഭിമാനി പത്രവുമായി എട്ട് കിലോമീറ്ററിലധികം ദിവസവും നടന്നു പോയി വരുന്ന അച്ഛന്‍െറ മുഖം... പാര്‍ട്ടിയോടടുക്കാന്‍ ഇതൊക്കെ തന്നെ ധാരാളമായിരുന്നു.

എണ്‍പതുകളിലെ വിദ്യാര്‍ഥി യുവജന രാഷ്ട്രീയവും ഇപ്പോഴത്തെ അവസ്ഥയും എങ്ങനെ വിലയിരുത്തുന്നു?
ഒരുപാടന്തരമുണ്ട്. അന്ന് ആദര്‍ശം തലക്കുപിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നവരായിരുന്നു ഭൂരിഭാഗവും. എസ്.എഫ്.ഐ ഏറ്റവും മികച്ച സമരങ്ങള്‍ നയിച്ച എണ്‍പതുകളില്‍ ഓരോ സമരങ്ങളും സംഘടന ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇന്നാകട്ടെ ഡി.വൈ.എഫ്.ഐക്കും എസ്.എഫ്.ഐക്കും ഒരു സമരവും ഏറ്റെടുക്കാനാവുന്നില്ല. ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ പ്രാദേശികമായും അല്ലാതെയും ഉണ്ടാവുന്ന പ്രതിഷേധങ്ങളില്‍, കൂടെ കൂടിക്കൊടുക്കേണ്ട ദുര്യോഗമാണവര്‍ക്ക്. ഇടതുപക്ഷത്തിന്‍െറ സ്ഥിതി ഇതെങ്കില്‍ മറുപക്ഷത്തെപറ്റി പറയാതിരിക്കുകയാവും ഭേദം.

പഴയ സമരമുഖങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍?
1986ല്‍ സ്വകാര്യ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിനെതിരെ എസ്.എഫ്.ഐ നടത്തിയ പോരാട്ടം  സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് വളയല്‍, മനുഷ്യച്ചങ്ങല, മനുഷ്യക്കോട്ട, കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള പദയാത്ര... അങ്ങനെ പോവുന്ന അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തനം. തിരുവനന്തപുരത്തേക്കുള്ള യാത്ര എത്തുന്നയിടങ്ങളില്‍ ജനങ്ങള്‍ പൊരിവെയിലത്തും പൊതിച്ചോറുകളുമായി കാത്തുനില്‍ക്കുമായിരുന്നു. ആദര്‍ശത്തോടുള്ള ആവേശമായിരുന്നു അന്ന്. ഇന്ന് പക്ഷേ, അങ്ങനെയൊരു സമരം നടത്താന്‍ അവര്‍ പലവട്ടം ആലോചിക്കേണ്ടിവരും.

സി.പി.എമ്മിന് സംഭവിച്ച പാളിച്ചകള്‍ പോഷക സംഘടനകള്‍ക്കും സംഭവിച്ചു എന്നാണോ പറയുന്നത്?
തീര്‍ച്ചയായും. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയാറാവണം. വല്ലാത്തൊരു കണ്‍ഫ്യൂഷനിലാണ് പാര്‍ട്ടിയിപ്പോഴുള്ളത്. അതുകൊണ്ടാണ് ശ്രീകൃഷ്ണ ജയന്തിയും ഗുരുജയന്തിയുമൊക്കെ ഏറ്റെടുത്തു നടത്തി പാര്‍ട്ടി നാണം കെടുന്നത്.

പ്രേമ താമസിക്കുന്നതിന് തൊട്ടടുത്താണ് പശ്ചിമ ബംഗാള്‍. ദശാബ്ദങ്ങള്‍ പാര്‍ട്ടി ആധിപത്യത്തിലായിരുന്ന ബംഗാള്‍ ഇപ്പോള്‍ സി.പി.എമ്മിന് ഒപ്പമില്ല. എന്താവാം അവിടെ പാര്‍ട്ടിയുടെ തിരിച്ചടിക്ക് കാരണം.. ?
ബംഗാളിലെ പാര്‍ട്ടി വളരെക്കാലമായി ജനങ്ങളോടൊപ്പമായിരുന്നില്ല. എല്ലാ മേഖലയിലും ഗുണ്ടാ രാഷ്ട്രീയം അരങ്ങു തകര്‍ക്കുകയായിരുന്നു. നേതാക്കന്മാര്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം പാര്‍ട്ടി വിരുദ്ധശക്തികള്‍ വളര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടത് അവര്‍ ചെയ്തില്ല. മമത ബാനര്‍ജി അത് ചെയ്തപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ മമതയോടൊപ്പം നിന്നു. വളരെ ലളിതമായിപ്പറഞ്ഞാല്‍ ഇതാണ് ബംഗാളില്‍ സംഭവിച്ചത്.

സഹോദരി ഭര്‍ത്താവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ പ്രേമയോടൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയ ആളാണെന്ന് കേട്ടിട്ടുണ്ട്. താങ്കളറിയുന്ന ടി.പി. ചന്ദ്രശേഖരന്‍ ആരായിരുന്നു?
രമ പരിചയപ്പെടുന്നതിന് എത്രയോ മുമ്പുതന്നെ പാര്‍ട്ടിയില്‍ എന്‍െറ സഹപ്രവര്‍ത്തകനായിരുന്നു ചന്ദ്രശേഖരന്‍. ആദര്‍ശത്തില്‍ എന്നും അടിയുറച്ച് നിന്ന ടി.പിയുടെ സാന്നിധ്യം കൂടെ നില്‍ക്കുന്നവര്‍ക്കെല്ലാം വലിയ ഊര്‍ജമാണ് നല്‍കിയിരുന്നത്. ഒപ്പമുള്ളവരോട് വല്ലാത്തൊരടുപ്പമായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ വിജയവാഡയില്‍ നടന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടി.പിയെയും മറ്റൊരാളെയുമായിരുന്നു കോഴിക്കോട് ജില്ലയില്‍നിന്ന് തെരഞ്ഞെടുത്തത്. എന്നാല്‍, കൂടെയുള്ളയാള്‍ ന്യായമല്ലാത്ത കാരണത്താല്‍ തഴയപ്പെട്ടു. അയാള്‍ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അന്ന് ടി.പി ആ സമ്മേളനത്തില്‍ പങ്കെടുത്തില്ല.

ഷൊര്‍ണൂര്‍, നീലേശ്വരം, കാസര്‍കോട്, കൊയിലാണ്ടി തുടങ്ങി പലയിടങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നവരാരെയും ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഒഞ്ചിയത്തു നിന്ന് പാര്‍ട്ടിയില്‍ എതിരഭിപ്രായം പറഞ്ഞ ടി.പി. ചന്ദ്രശേഖരന്‍ മാത്രമാണ് കൊല്ലപ്പെടുന്നത്. എന്തുകൊണ്ടാവാം?
നേതൃത്വത്തിനെതിരെ പലയിടത്തു നിന്നുമായി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രാദേശികമായി ഇത്രയുംവലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് ടി.പിക്ക് മാത്രമാണ്. അതിന് കാരണം അദ്ദേഹത്തിന്‍െറ വ്യക്തിപ്രഭാവം ഒന്നു തന്നെയായിരുന്നു. ഇത് ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുണ്ടാക്കിയത് പ്രാദേശിക നേതാക്കളിലാണ്. മറ്റിടങ്ങളിലെ വിമതശബ്ദങ്ങള്‍ക്കെല്ലാം ഏതെങ്കിലും വിധത്തില്‍ തടയിടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് പിടിച്ചു നിര്‍ത്താവുന്നതിനും അപ്പുറത്തേക്ക്  ടി.പി വളരുന്നു എന്ന് തോന്നിയപ്പോഴാണ് അദ്ദേഹത്തെ നിഷ്ഠുരമായി കൊന്നത്.

നിലവിലുള്ള സാമൂഹിക വ്യവസ്ഥയില്‍ സ്ത്രീക്ക് ഒരു രാഷ്ട്രീയക്കാരിയെന്ന നിലയില്‍ എവിടം വരെ വളരാനാവും?
സ്ത്രീകള്‍ വളരെയൊന്നും മുഖ്യധാരയിലേക്കെത്തിപ്പെടാത്ത കാലത്താണ് ഞാന്‍ വരുന്നത്. എന്നാല്‍, അന്ന് പാര്‍ട്ടിയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബിനിയായ രാഷ്ട്രീയക്കാരിക്ക് ഇന്നും പരിമിതികളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍  ഏര്‍പ്പെടുത്തിയ സംവരണങ്ങളിലൂടെ അവസരങ്ങള്‍ തുറന്ന് കിട്ടിയിട്ടുണ്ടെങ്കിലും പുരുഷന്മാരുടെ പിന്‍സീറ്റ് ഡ്രൈവിങ്ങാണ് മിക്കയിടത്തുമുണ്ടാവുന്നത്. പുരുഷ മേധാവിത്വം നിലനില്‍ക്കുന്നിടത്തെല്ലാം സ്ത്രീയുടെ വളര്‍ച്ചക്ക് പരിമിതിയുണ്ടെന്ന് തന്നെയാണ് അഭിപ്രായം.

ടി.പിയുടെ പത്നി, താങ്കളുടെ സഹോദരി കെ.കെ. രമക്ക് ഇനിയുള്ള കേരള രാഷ്ട്രീയത്തിലെ സ്ഥാനമെന്തായിരിക്കും?
ചന്ദ്രശേഖരന്‍െറ പത്നി എന്ന നിലയില്‍ കേരള രാഷ്ട്രീയത്തിലറിയപ്പെടേണ്ട ആവശ്യം കെ.കെ. രമക്കില്ല. അച്ഛന്‍ ഞങ്ങള്‍ക്കെല്ലാം പകര്‍ന്നുതന്ന രാഷ്ട്രീയം അതേ അളവില്‍ അവര്‍ക്കും കിട്ടിയിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ വേദികളിലൂടെയാണ് രമയും രാഷ്ട്രീയത്തിലെത്തുന്നത്. ആര്‍.എം.പി ദേശീയ തലത്തിലേക്ക് വളരുന്ന പുതിയ സാഹചര്യത്തില്‍ രമക്ക് പ്രമുഖമായൊരു സ്ഥാനം തന്നെയുണ്ടാവും..

പഴയപോലെ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന ഒരു സാഹചര്യം പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും.  നാട്ടിലെത്തിയാല്‍ പൊതുരംഗത്തേക്ക് തിരിച്ചുവരും. എന്നാല്‍, സി.പി.എമ്മിലേക്ക് ഇനിയില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച അച്ഛന്‍െറ മക്കളാണ് ഞങ്ങള്‍. മൂന്നുപേരും പെണ്‍കുട്ടികളായിട്ടു പോലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അച്ഛന്‍ തന്നെയാണ് പ്രചോദനം തന്നത്. സഹോദരന്‍ സുരേഷും പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്നു. ഒടുവില്‍ ഒരു വിശദീകരണം പോലും ചോദിക്കാതെ അരനൂറ്റാണ്ടിലധികം പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ അച്ഛനെ അവര്‍ പുറത്താക്കി. ഇപ്പോള്‍ ഒരു ഊരുവിലക്കു പോലുള്ള അനുഭവമാണ്. ജീവിതം തന്നെ രാഷ്ട്രീയത്തിനുവേണ്ടി മാറ്റിവെച്ച ഒരു കുടുംബത്തോട് ഇതിനപ്പുറം പാര്‍ട്ടിക്ക് ചെയ്യാനാവില്ല.

സംഘടനയില്‍ ഏതൊക്കെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്? പഴയ സഹപ്രവര്‍ത്തകരൊക്കെ ഇപ്പോള്‍ എന്തു ചെയ്യുന്നു?
എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു ഞാന്‍. യൂനിവേഴ്സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ച് നടന്നിട്ടുണ്ട്. നിരവധി സമരങ്ങളില്‍ മുന്‍നിരയില്‍ നിന്നുതന്നെ പങ്കെടുത്തു. അന്ന് കൂടെയുണ്ടായിരുന്ന ജെ. മെഴ്സിക്കുട്ടിയമ്മ ഇന്നത്തെ മന്ത്രിയാണ്. സഹപ്രവര്‍ത്തകരും സമകാലികരുമായ ജെയിംസ് മാത്യു, സുരേഷ് കുറുപ്പ്, പ്രദീപ് കുമാര്‍ എന്നിവരെല്ലാം ഇപ്പോഴത്തെ എം.എല്‍.എമാര്‍. സി.എസ്. സുജാതയും പരേതനായ മത്തായി ചാക്കോയും കൂടെ പ്രവര്‍ത്തിച്ചിരുന്നു. പലരുമായും വ്യക്തിബന്ധങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു.

കാല്‍ നൂറ്റാണ്ടു കാലത്തെ കേരളം വിട്ടുള്ള ജീവിതം എന്തു മാറ്റമാണ് താങ്കളിലുണ്ടാക്കിയത്?
കേരളീയ സമൂഹത്തില്‍ അസഹിഷ്ണുത പടര്‍ന്നു പിടിക്കുകയാണ്. ഇത്രയും കാലത്തെ അന്യദേശ ജീവിതം എന്‍െറ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലുള്ള സി.പി.എം രാഷ്ട്രീയത്തോടിനി ഒട്ടും യോജിച്ച് പോവാനാവില്ല. ടി.പി. ചന്ദ്രശേഖരന്‍െറ മരണത്തോടെയല്ല എനിക്ക് ഈ മാറ്റം വരുന്നത്. പാര്‍ട്ടി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളല്ല ഇപ്പോള്‍ ഉള്ളിലും പുറത്തും നടക്കുന്നത്. ഈ തിരിച്ചറിവ് എന്നിലുണ്ടാക്കിയതാകട്ടെ കേരളം വിട്ടുള്ള ജീവിതാനുഭവമാണ്.

Tags:    
News Summary - kk prema sister of rmp leader kk rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.