തിരുവനന്തപുരം: എം.എൽ.എക്കെതിരായ പീഡനക്കേസും ജെ.ഡി.യുവിെൻറ മുന്നണിമാറ്റ സൂചനകളും നിലനിൽക്കെ കെ.പി.സി.സി, യു.ഡി.എഫ് യോഗങ്ങൾ ചൊവ്വാഴ്ച ചേരും. രാവിലെ പത്തിന് പ്രതിപക്ഷനേതാവിെൻറ ഒൗദ്യോഗിക വസതിയിൽ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗവും 11.30ന് കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി ഭാരവാഹികൾ, പാര്‍ലമെൻററി പാര്‍ട്ടി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡൻറുമാര്‍, വക്താക്കള്‍ എന്നിവരുടെ സംയുക്തയോഗവും ചേരും.
പീഡനക്കേസിൽ എം. വിൻസെൻറ് എം.എൽ.എ അറസ്റ്റിലായത് ഇരുയോഗങ്ങളിലും ചർച്ചയാകും. എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിന് വഴങ്ങാൻ കോൺഗ്രസ് നേതൃത്വം തയാറല്ല. മാത്രമല്ല സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിച്ചെടുക്കാനാണ് ശ്രമവും. പീഡിപ്പിച്ചുവെന്ന പരാതിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യുന്നുണ്ട്. സമാന ആരോപണം ഇടതു നേതാക്കൾക്കെതിരെ ഉയർന്നപ്പോൾ അവർ സ്വീകരിച്ച നിലപാടും കോൺഗ്രസ് പിടിവള്ളിയാക്കുന്നു. കെ.പി.സി.സി ഭാരവാഹിത്വത്തിൽനിന്ന് തിരക്കിട്ട് വിൻസെൻറിനെ നീക്കിയത് ശരിയായില്ലെന്ന് വാദിക്കുന്നവരും പാർട്ടിയിലുണ്ട്.
അതേസമയം, വിൻസെൻറിനെ സംരക്ഷിക്കുന്നത് പാർട്ടിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപിക്കുമെന്ന വാദമാണ് കോൺഗ്രസിലെ മറ്റു ചിലർ ഉയർത്തുന്നത്. വിഷയത്തിൽ വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും തൽക്കാലം അദ്ദേഹത്തെ പാർട്ടി കൈവിടിെല്ലന്നാണ് സൂചന.ബൂത്തുതല കുടുംബസംഗങ്ങളും അടുത്തമാസം ആരംഭിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളും സംബന്ധിച്ച വിലയിരുത്തലും യോഗത്തിൽ നടക്കും. കൂടാതെ കർഷക പ്രതിസന്ധി മുൻനിർത്തി കർഷകരക്ഷാ സമരത്തിന് പാർട്ടി ആലോചിക്കുന്നുണ്ട്. ബി.ജെ.പിയുടെ മെഡിക്കൽ കോഴ വിവാദം രാഷ്ട്രീയമായി മുതെലടുക്കാനുള്ള തീരുമാനങ്ങളുമുണ്ടാകും.
താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനക്കാണ് യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുള്ളത്. ചിലയിടങ്ങളിൽ യു.ഡി.എഫ് പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ പകരക്കാെര നിയമിക്കണമെന്ന ആവശ്യമുണ്ട്. അതോടൊപ്പം താഴെത്തട്ടിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ജെ.ഡി.യുവിെൻറ പരാതി പരിഹരിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. ജെ.ഡി.യു മുന്നണി വിടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആരും അത് പൂർണമായി വിശ്വസിക്കുന്നില്ല. യോഗത്തിൽ ജെ.ഡി.യു നേതൃത്വത്തിന് നിലപാട് വിശദീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.