ന്യൂഡൽഹി: ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ ഒതുക്കുകയാണെന്നും ഖുശ്ബു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലാണ് ഖുശ്ബുവിന്‍റെ വിശദീകരണം. ബി.ജെ.പിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് ഖുശ്ബു രാജിക്കത്ത് നൽകിയത്.
കോൺഗ്രസിന്‍റെ വക്താവായും അംഗമായും രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ നന്ദി അറിയിക്കുന്നു. വിവിധ തലങ്ങളിൽ പാർട്ടിയെ പ്രതിനിധീകരിച്ചതിൽ അഭിമാനമാണുള്ളത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് കോൺഗ്രസ് ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് താൻ പാർട്ടിയിലേക്ക് കടന്നുവന്നത്. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല താൻ കോൺഗ്രസിന്‍റെ ഭാഗമായത്.
ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണ്. തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ ഒതുക്കുകയാണ്.
ഏറെക്കാലത്തെ ആലോചനക്ക് ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുൽ ഗാന്ധിയോടും പാർട്ടിയിലെ മറ്റെല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നതായും എല്ലാവരോടുമുള്ള ബഹുമാനം ഇനിയും തുടരുമെന്നും ഖുശ്ബു രാജിക്കത്തിൽ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് ഖുശ്ബു രാജിക്കത്ത് നൽകിയത്. ഖുശ്ബുവിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതായി കോൺഗ്രസ് അറിയിച്ചിരുന്നു. ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ഏതാനും നാളുകളായി ശക്തമായിരുന്നു. ഇന്ന് ഡൽഹിയിൽ വെച്ച് നടി ബി.ജെ.പിയുടെ ഭാഗമാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.