മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച് മണ്ഡലത്തിൽ നേതാക്കളുടെ പട. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയാണ് വോട്ട് അഭ്യർഥിക്കുന്നത്. ദിവസങ്ങളായി യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഒന്നാം തീയതി മുതൽ എൽ.ഡി.എഫ് പ്രചാരണത്തിലും സംസ്ഥാന തോക്കളുടെ സാന്നിധ്യമുണ്ട്. വരുംദിവസങ്ങളിൽ ദേശീയ നേതാക്കളെ വരെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ശ്രമം.
കുഞ്ഞാപ്പക്കായി കുഞ്ഞൂഞ്ഞ്
യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തിങ്കളാഴ്ച ചുക്കാൻ പിടിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാവിലെ മലപ്പുറം തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിൽ റിവ്യൂ മിറ്റിങ്ങിൽ സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, കെ.എൻ.എ. ഖാദർ എന്നിവരുമായി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്തി. തുടർന്ന് കൊണ്ടോട്ടിയിലും വള്ളിക്കുന്നും പ്രചാരണ പരിപാടികളിലും കുടുംബ സംഗമങ്ങളിലും പെങ്കടുത്തു.
പിണറായി വിജയനും നരേന്ദ്ര മോദിയും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കണ്ട് ഞെട്ടണമെന്ന് വള്ളിക്കുന്നിൽ കുടുംബ സംഗമത്തിൽ സംസാരിക്കവെ ഉമ്മൻ ചാണ്ടി പറഞ്ഞു. വില കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ മോദിയും പിണറായിയും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജയിപ്പിച്ചാൽ എല്ലാവർക്കും ബീഫ് നൽകുമെന്നാണ് ബി.ജെ.പി പറയുന്നത്. ബീഫ് വാങ്ങാൻ ബി.ജെ.പിയുടെ ഔദാര്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ അഞ്ച്, ആറ്, എട്ട്, ഒമ്പത് തീയതികളിലും കുഞ്ഞാപ്പക്ക് വേണ്ടി കുഞ്ഞൂഞ്ഞ് മണ്ഡലത്തിലുണ്ടാകും. എം.കെ. രാഘവൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, ജനതാദൾ നേതാവ് വർഗീസ് ജോർജ് എന്നിവരും തിങ്കളാഴ്ച കുഞ്ഞാലിക്കുട്ടിക്കായി രംഗത്തിറങ്ങി. പഞ്ചായത്തുകളുടെ ചുമതല നൽകിയ എം.എൽ.എമാർ നേരത്തേ മണ്ഡലത്തിലെത്തി പ്രവർത്തനങ്ങൾ ഏകോപിക്കുന്നുണ്ട്.
ഫൈസലിനൊപ്പം മന്ത്രിമാർ
തിങ്കളാഴ്ച മുൻ മന്ത്രി ഇ.പി. ജയരാജൻ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലിെൻറ പ്രചാരണ ചുമതല ഏറ്റെടുത്തു. വേങ്ങര മണ്ഡലത്തിലായിരുന്നു ജയരാജെൻറ പ്രവർത്തനങ്ങൾ. മന്ത്രി കെ.ടി. ജലീൽ ദിവസങ്ങളായി മണ്ഡലത്തിൽ സജീവമാണ്. മന്ത്രിമാരായ ജി. സുധാകരനും എ.സി. മൊയ്തീനും മാത്യു ടി. തോമസും തിങ്കളാഴ്ച മണ്ഡലത്തിലെത്തി.
വള്ളിക്കുന്ന് മണ്ഡലത്തിലാണ് ജി. സുധാകരനും എ.സി. മൊയ്തീനും പ്രചാരണത്തിനിറങ്ങിയത്. പെരിന്തൽമണ്ണ, മങ്കട മണ്ഡലത്തിൽ മാത്യു ടി. തോമസും എത്തി. പി. കരുണാകരൻ എം.പി കൊണ്ടോട്ടി മണ്ഡലത്തിലും പി.കെ. ശ്രീമതി എം.പി മഞ്ചേരി മണ്ഡലത്തിലും ഇടത് സ്ഥാനാർഥിക്ക് പ്രചാരണത്തിനെത്തി. പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഉൾപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെ ഫൈസൽ നടത്തിയ പര്യടനത്തിൽ പ്രാദേശിക ഇടതു നേതാക്കളുടെ വൻനിര പ്രഭാഷകരായുണ്ടായിരുന്നു. പി. മമ്മിക്കുട്ടി, വി. രമേശൻ, സി.എച്ച്. ആഷിക്, എൻ.പി. ഉണ്ണികൃഷ്ണൻ, വി. മോഹനൻ, വി. ഹനീഫ, എം.എ. അജയകുമാർ, കെ.പി. ജയചന്ദ്രൻ, വി.ബി.ആർ. പിള്ള, ഭൂട്ടോ ഉമ്മർ, കെ. േപ്രംകുമാർ, കെ.പി. അനീഷ്, പി.കെ. അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.
ശ്രീപ്രകാശിന് താങ്ങ് അധ്യക്ഷൻ
ബി.ജെ.പി സ്ഥാനാർഥി ശ്രീപ്രകാശിന് വോട്ടഭ്യർഥിച്ച് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തിങ്കളാഴ്ച മണ്ഡലത്തിലെത്തി. മലപ്പുറം നിയമസഭ മണ്ഡലത്തിൽ കുമ്മനം പ്രചാരണത്തിന് നേതൃത്വം നൽകി. സംസ്ഥാന നേതാക്കളായ സി.കെ. പദ്മനാഭൻ കൊണ്ടോട്ടിയിലും എ.എൻ. രാധാകൃഷ്ണൻ പെരിന്തൽമണ്ണയിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.