മുലായം -അഖിലേഷ് അങ്കം; യാദവക്കോട്ടയില്‍ മണ്ണൊലിപ്പ്

ഫിറോസാബാദ്: യാദവക്കോട്ടയായ ഫിറോസാബാദില്‍ ഇക്കുറി യാദവര്‍ തമ്മില്‍ അങ്കം കുറിക്കുമ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ബി.എസ്.പിയിലേക്കും ബി.ജെ.പിയിലേക്കും ചോരുകയാണ്. കുടുംബ കലഹത്തില്‍ അഖിലേഷിന് പിന്നില്‍ പ്രവര്‍ത്തിച്ച രാം ഗോപാല്‍ യാദവിനെ വെള്ളം കുടിപ്പിക്കാന്‍ ജ്യേഷ്ഠന്‍ മുലായം സ്വന്തക്കാരെ ഇറക്കിയതാണെന്ന് ഫിറോസാബാദിലത്തെിയാല്‍ തോന്നിപ്പോകും.

പാര്‍ട്ടിയിലുണ്ടായ കുടുംബ വഴക്കിന്‍െറ പരിച്ഛേദമായിരിക്കുകയാണ് ശികോഹാബാദിലെ പോര്. മുലായം സിങ്ങിന്‍െറ വിശ്വസ്തനും അടുത്ത ബന്ധുവുമായ രാം പ്രകാശ് യാദവ് അഖിലേഷിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെയാണ് ഇവിടെ മത്സരിക്കുന്നത്. ശികോഹാബാദിലെ  സിറ്റിങ് എം.എല്‍.എ ഓം പ്രകാശ് വര്‍മയെ തഴഞ്ഞതിലുള്ള രോഷം നിഷാദ് വിഭാഗക്കാര്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചാല്‍ യാദവക്കോട്ട അഖിലേഷിനെ കൈവിടും.  

പുതുമുഖക്കാരനായ സഞ്ജയ് കുമാറിന്‍െറ സാധ്യത ഇല്ലാതാക്കുന്ന ഈ മത്സരത്തിലൂടെ ബി.ജെ.പി ജയിച്ചുകയറിയാലും അതില്‍ തനിക്ക് പരിഭവമില്ളെന്നായിരുന്നു മുലായമിന്‍െറ വിശ്വസ്തന്‍ പറഞ്ഞത്. മുലായം സിങ്ങിന്‍െറ സമാജ്വാദിയല്ല അഖിലേഷിന്‍േറത് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ശികോഹാബാദ്. സമാജ്വാദി പാര്‍ട്ടിയുടെ ഉറച്ച സീറ്റ് എന്ന് കരുതിയിരുന്ന ശികോഹാബാദില്‍ കുടുംബകലഹം വിളിച്ചറിയിച്ച് മത്സരത്തിനിറങ്ങിയ രാം പ്രകാശ് യാദവിനെ പിന്തിരിപ്പിക്കാന്‍ രാം ഗോപാല്‍ യാദവ് തന്നെ നേരിട്ടിറങ്ങിയിട്ടും ഫലമില്ലാതെ വന്നപ്പോള്‍ അഖിലേഷ് കൈയൂക്കുമിറക്കി. രാം പ്രകാശ് യാദവിനെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാന്‍ സ്വന്തം ആളുകളെ വിട്ട് മുന്നറിയിപ്പും നല്‍കി. എന്നാല്‍ മുലായത്തില്‍നിന്ന് അനുഗ്രഹം വാങ്ങി മത്സരിക്കാനിറങ്ങിയ ശികോഹാബാദ് നഗരസഭ അധ്യക്ഷന്‍ കൂടിയായ ഈ യാദവ് കുലുങ്ങിയില്ല.

ഫിറോസാബാദിലെ  അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിലും പുതുമുഖങ്ങള്‍ക്കാണ് അഖിലേഷ് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശികോഹാബാദിലും ജസ്റാനയിലും സിര്‍സാഗഞ്ചിലുമായിരുന്നു സമാജ്വാദി പാര്‍ട്ടിക്ക് വിജയം. ഫിറോസാബാദ് ബി.ജെ.പിക്കും തുണ്ട്ല ബി.എസ്.പിക്കും ഒപ്പം നിന്നു. ശികോഹാബാദ് ജയിച്ചാണ് മുലായം സിങ് 1993ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. അതിന് ശേഷം ഫിറോസാബാദ് ലോക്സഭ സീറ്റ് നല്‍കിയാണ് മകന്‍ അഖിലേഷിനെ  രാഷ്ട്രീയത്തില്‍ പിച്ചവെപ്പിച്ചത്. 2009ലായിരുന്നു അത്.

ബി.ജെ.പി ഉത്തര്‍പ്രദേശ് തൂത്തുവാരിയ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സമാജ്വാദി പാര്‍ട്ടിക്കൊപ്പം നിന്ന ഫിറോസാബാദിലാണ് രാം ഗോപാല്‍ യാദവ് സ്വന്തം മകനെ ജയിപ്പിച്ചെടുത്തത്. അതിനാല്‍ തന്നെ രാംഗോപാല്‍ യാദവിന്‍െറ ജീവന്മരണ പോരാട്ടമാണ് ഇക്കുറി ഫിറോസാബാദില്‍. മുലായമിന്‍െറ മറ്റൊരു വിധേയനും നാലുവട്ടം എം.എല്‍.എയുമായ ശിവ് പ്രതാപ് സിങ് യാദവ് രാഷ്ട്രീയ ലോക്ദളിന്‍െറ ടിക്കറ്റിലാണ് തൊട്ടടുത്ത ജസ്റാനയില്‍ യാദവ വോട്ടുകള്‍ ഭിന്നിപ്പിച്ച് അഖിലേഷിന്‍െറ സ്ഥാനാര്‍ഥിയെ തോല്‍പിക്കാനിറങ്ങിയിരിക്കുന്നത്. ബി.ജെ.പിയില്‍നിന്ന് ഈയിടെ മറുകണ്ടം ചാടിയ ശിവ്സിങ് ചാകിന് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

ഫിറോസാബാദിനോട് ചേര്‍ന്നുകിടക്കുന്ന യാദവ ബെല്‍റ്റായ ഇറ്റായിലും കിസ്ഗഞ്ചിലും ഇതുതന്നെയാണ് സ്ഥിതി. കിസ്ഗഞ്ച് ജില്ലയിലെ പടിയാലി സീറ്റിലെ സിറ്റിങ് എം.എല്‍.എ നജ്ബ ഖാന്‍ സീനത്തിനെ തഴഞ്ഞ് പകരം യാദവിനെ നിര്‍ത്തിയത് മുസ്ലിം വോട്ടര്‍മാരെ അകറ്റിയിരിക്കുകയാണ്. മുസ്ലിം വോട്ടര്‍മാര്‍ ഇതുമൂലം പടിയാലിയില്‍  മാത്രമല്ല, അമാന്‍പുരിലും ബി.എസ്.പി പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ്. കാസ്ഗഞ്ച് മണ്ഡലത്തില്‍ ലോധി വിഭാഗക്കാരനായ സിറ്റിങ് എം.എല്‍.എ മന്‍പാലിനെ മാറ്റിയത് മുതലാക്കാന്‍ ബി.ജെ.പി ഈ വിഭാഗക്കാരനെ സ്ഥാനാര്‍ഥിയാക്കിയത് അവര്‍ക്ക് ഗുണകരമാകും.

Tags:    
News Summary - manipur assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.