പാലക്കാട്: രാജ്യസഭ അംഗത്വം രാജിവെക്കുന്ന എം.പി. വിരേന്ദ്രകുമാറിനും അനുയായികൾക്കും ജനതാദൾ എസിൽ നിരുപാധികം ലയിക്കാതെ ഇടത് മുന്നണിയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് സൂചന. സി.പി.എമ്മും സി.പി.ഐയും ഇടത് പ്രവേശനത്തെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഒരു ഘടകകക്ഷി എന്ന നിലയിൽ ഉൾപ്പെടുത്തുന്നതിനോട് ജനതാദൾ എസിന് താൽപര്യമില്ലെന്നാണ് വിവരം. ജനതാദൾ എസിൽ വീരേന്ദ്രകുമാറും കൂട്ടരും നിരുപാധികം ലയിക്കുന്നത് സ്വാഗതാർഹമാണെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വീരേന്ദ്രകുമാറുമായി സംസാരിച്ചിട്ടുണ്ട്. ഉപാധികളോടെയുള്ള ലയനവും സംഖ്യവും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നതിനാലാണ് ഈ നിലപാട്.
ലയനമാണെങ്കിൽതന്നെ ചില കടമ്പകൾ കടക്കേണ്ടതുണ്ട്. ജനതാദൾ എസ് ദേശീയ പ്രസിഡൻറും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡക്ക് വീരേന്ദ്രകുമാറിനെ സ്വീകരിക്കുന്നതിനോട് താൽപര്യമില്ലത്രെ. 2009 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ ശേഷം വീരേന്ദ്രകുമാറിൽനിന്നും അനുയായികളിൽനിന്നും ഉണ്ടായ ചില നീക്കങ്ങൾ ദേവഗൗഡയുടെ രസക്കേടിന് കാരണമാണ്. ജനതാദൾ യു സംസ്ഥാന ഘടകത്തിൽതന്നെ ലയനത്തോടോ, ഇടത് സഹകരണത്തോടോ എതിർപ്പുള്ളവർ ഏറെയുണ്ട്.
മുൻ മന്ത്രി കെ.പി. മോഹനെൻറ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിൽതന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്. ഇവരുടെ സമ്മർദവും എസ് വിഭാഗം ദേശീയ നേതൃത്വത്തിെൻറ എതിർപ്പും മൂലമാണ് വേണ്ടിവന്നാൽ പഴയ സോഷ്യലിസ്റ്റ് ജനതാദൾ (എസ്.ജെ.ഡി) രൂപവത്കരണത്തിനും മടിക്കില്ലെന്ന വീരേന്ദ്രകുമാറിെൻറ പ്രസ്താവനക്ക് കാരണമായത്. എന്നാൽ, ലയനം വഴിയല്ലാതെയുള്ള ഇടത് പ്രവേശനം ദുഷ്കരമാണെന്ന തിരിച്ചറിവ് ഈ നീക്കത്തിനും തടസ്സമായിട്ടുണ്ട്. അതേസമയം, നിരുപാധിക ലയനത്തോട് ജനതാദൾ എസിൽ കാര്യമായ എതിർപ്പ് ഉയർന്നിട്ടില്ല. ഇടത് മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും ഇതിനോട് താൽപര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.