തിരുവനന്തപുരം: ഇടത്-മതേതര പാർട്ടികളുടെകൂടി സഹായത്തോടെ ബി.ജെ.പി -ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് ദേശീയതലത്തിൽ കോൺഗ്രസ് ലക്ഷ്യമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കേരളത്തിലെ സി.പി.എം നിലപാട് വ്യക്തമാക്കണം. കോൺഗ്രസുമായി സഹകരിക്കാൻ സി.പി.എം താൽപര്യം പ്രകടിപ്പിച്ചാൽ കെ.പി.സി.സി നിലപാട് വ്യക്തമാക്കും-തിരുവനന്തപുരം പ്രസ് ക്ലബിെൻറ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദേശീയ താൽപര്യത്തിന് വിരുദ്ധമായി കെ.പി.സി.സിക്ക് നിലപാട് സ്വീകരിക്കാനാകില്ല. എന്നാൽ, കേരളത്തിൽ അത്തരമൊരു സാഹചര്യമില്ല. ഭൂരിപക്ഷം സീറ്റിലും ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ശബരിമല വിഷയത്തിൽ കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിക്കുന്നവർ ഹിന്ദു സംഘടനകളുമായി കൈകോർത്തവരാണ്. ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണം. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഫയൽ ചെയ്യണം. വിശ്വാസികൾക്കിടയിൽ പ്രയാസമുണ്ടെങ്കിൽ അത് ലാഘവത്തോടെ കാണാൻ കഴിയില്ല.
മോദിയും പിണറായിയും ഏകാധിപതികളാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതമാണ് രണ്ടുപേരുടെയും ആഗ്രഹം. റഫാൽ ഇടപാടിന് സമാനമാണ് ഡിസ്റ്റിലറി കുംഭകോണം. മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയെന്ന വാർത്ത അതിഗൗരവമുള്ളതാണ്. സി.പി.എം നേതാക്കളെ സമീപിക്കാൻ ആ പാർട്ടിയിലെ വനിതകൾക്ക് ഭയമാണ്. ചന്തമുള്ള പെണ്ണിനെ കണ്ടാൽ സമനില തെറ്റുന്ന എം.എൽ.എമാർ ആ പാർട്ടിയിലുണ്ട്. പീഡന പരാതിപൊലീസിന് നൽകുന്നതിന് പകരം ഇരയെ വിരട്ടുകയാണ്.
കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം കടുത്ത വെല്ലുവിളിയാണ്. താൻ ടീം ക്യാപ്റ്റനാണ്. കൂട്ടായ നേതൃത്വത്തിലൂടെ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.