ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവിൽ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡൻറായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. പതിവുരീതി വിട്ട് മൂന്നു വർക്കിങ് പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. എം.െഎ. ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാർ. കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനറാകും. മുന്നണി സംവിധാനമാണെന്നിരിക്കേ, ഇതുസംബന്ധിച്ച ഒൗപചാരിക പ്രഖ്യാപനം കേരളത്തിൽ ഉണ്ടാവുമെന്നാണ് സൂചന.
ഗ്രൂപ് സമവാക്യവും സാമുദായിക സന്തുലനവും പരമാവധി നോക്കിയാണ് പുതിയ നേതൃനിരയുടെ പ്രഖ്യാപനം. പലവിധ തർക്കങ്ങളിലും പ്രളയ ദുരന്തത്തിലും തട്ടി നീണ്ടുപോയ നിയമനങ്ങൾ ഇനിയും വൈകിയാൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾക്ക് ഒടുവിലാണ് ലിസ്റ്റ് പുറത്തുവന്നത്.
ഗ്രൂപ്പിന് അതീതമായ വ്യക്തിത്വമെന്ന നിലയിലാണ് മുല്ലപ്പള്ളി ഹൈകമാൻഡിെൻറ ആശീർവാദത്തോടെ പ്രസിഡൻറാകുന്നത്. ഗ്രൂപ്പുകളെ അതിജീവിച്ച് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുല്ലപ്പള്ളിക്കു മുന്നിൽ. കേരളത്തിൽ കെ.പി.സി.സി പ്രസിഡൻറും അഞ്ച് വൈസ് പ്രസിഡൻറുമാരുമാണ് ഉണ്ടായിരുന്നത്. വൈസ് പ്രസിഡൻറിനു പകരം വർക്കിങ് പ്രസിഡൻറുമാരെ നിയമിക്കുേമ്പാൾ, ഇവർ ബലാബലത്തിനു മുതിരുമോ എന്ന ആശങ്ക പാർട്ടി നേതാക്കൾക്കിടയിൽ ബാക്കിയുണ്ട്.
ആന്ധ്രപ്രദേശ് ദൗത്യവുമായി എ.െഎ.സി.സി ജനറൽ സെക്രട്ടറിയാക്കിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് വരാനിരിക്കുന്ന ബെന്നി ബഹനാൻ. സഖ്യകക്ഷികൾക്കു കൂടി സ്വീകാര്യനെന്ന നിലയിൽ കെ. മുരളീധരൻ പ്രചാരണ സമിതിയുടെ തലപ്പത്തേക്ക് എത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളിച്ച് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ മുന്നോട്ടുനീക്കുക എന്ന നയമാണ് ഹൈകമാൻഡ് നടപ്പാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.