കോഴിക്കോട്: പാണക്കാട് കുടുംബത്തില്‍നിന്ന് യൂത്ത് ലീഗിന്‍െറ അമരത്തേക്ക് നിയുക്തനാവുന്ന രണ്ടാമനാണ് മുനവ്വറലി ശിഹാബ് തങ്ങള്‍. രാഷ്ട്രീയത്തില്‍ ഇതുവരെ ഒൗദ്യോഗിക ചുമതലകളൊന്നും വഹിച്ചിട്ടില്ലാത്ത ഇദ്ദേഹം ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുനവ്വറലിയുടെ പിതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങളാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ആദ്യമായി യൂത്ത് ലീഗ് പ്രസിഡന്‍റായത്.
ഡോ. എം.കെ. മുനീര്‍ യൂത്ത് ലീഗ് പ്രസിഡന്‍റ് പദവി ഒഴിഞ്ഞശേഷം 2005ലാണ് സാദിഖലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗിന്‍െറ അമരക്കാരനായത്. പിന്നീട് കെ.എം. ഷാജിക്കും പി.എം. സാദിഖലിക്കും ശേഷമാണ് ഇപ്പോള്‍ മുനവ്വറലിയുടെ ഊഴമത്തെിയത്.
രാഷ്ട്രീയരംഗത്ത് സജീവമല്ളെങ്കിലും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സേവനരംഗങ്ങളില്‍ ഇതിനകം മുനവ്വറലി തങ്ങള്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലേഷ്യയിലെ പ്രശസ്തമായ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് റിവീല്‍ഡ് നോളജ് ആന്‍ഡ് ഹ്യൂമന്‍ സയന്‍സസില്‍ ബിരുദമെടുത്ത ഇദ്ദേഹം കേരളത്തിനകത്തും പുറത്തും ഒട്ടനവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്.
ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണിയുടെ ദേശീയ അധ്യക്ഷന്‍, ‘സൈന്‍’ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ച് സെന്‍റര്‍ ചെയര്‍മാന്‍, ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി അക്കാദമിക് സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം അസം, ബിഹാര്‍, ബംഗാള്‍ തുടങ്ങിയിടങ്ങളില്‍ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം ഒട്ടേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് നേതൃപദവി പിടിക്കാന്‍ കഴിഞ്ഞ ഒരുമാസമായി നേതാക്കള്‍ ചരടുവലി നടത്തിവരികയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ രണ്ടു പാനലായി മത്സരം ഉണ്ടായേക്കുമെന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. ഈ ഘട്ടത്തില്‍ മുസ്ലിംലീഗ് ഇടപെട്ടാണ് സമവായ പാനല്‍ രൂപപ്പെടുത്തിയത്. ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ റിട്ടേണിങ് ഓഫിസറായി നിയോഗിച്ചു.
ഡിസംബര്‍ 11ന് ലീഗ് നേതൃത്വം യൂത്ത്ലീഗിന്‍െറ മുഴുവന്‍ ജില്ല പ്രസിഡന്‍റ്, സെക്രട്ടറിമാരെയും പാണക്കാട്ടേക്ക് വിളിച്ചുവരുത്തി അഭിപ്രായമാരാഞ്ഞു. ഇതിനെ തുടര്‍ന്നാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റും പി.കെ. ഫിറോസ് ജനറല്‍ സെക്രട്ടറിയുമായി ഒരു സമവായത്തിന് രൂപമായത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു വിഭാഗം നിര്‍ദേശിച്ചിരുന്ന നജീബ് കാന്തപുരത്തിന് സീനിയര്‍ വൈസ് പ്രസിഡന്‍റ് പദവിയും നല്‍കി. യൂത്ത് ലീഗ് ദേശീയ കമ്മിറ്റി രൂപവത്കരിക്കുമ്പോള്‍ നജീബിനെ പരിഗണിക്കാമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ടത്രെ.
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി നിയമിതനായ പി.കെ. ഫിറോസ് എം.എസ്.എഫ് മുന്‍ സംസ്ഥാന അധ്യക്ഷനാണ്. യൂത്ത്ലീഗ് അഖിലേന്ത്യ കണ്‍വീനറായി പ്രവര്‍ത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.