കോഴിക്കോട്: പാർട്ടിക്ക് അതീതനായി ഇനി ആരും വളരേണ്ടെന്ന സി.പി.എമ്മിെൻറ കൃത്യമായ സന്ദേശമാണ് പി. ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ വിമർശനത്തിനു പിന്നിൽ. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും അതു പുരപ്പുറത്തേക്കു ചാഞ്ഞാൽ വെട്ടിമാറ്റുമെന്ന ഉറച്ച നിലപാട്. കണ്ണൂർ ജില്ലയിലെ ജനകീയ നേതാവായ ജയരാജനെതിരെ പ്രത്യക്ഷത്തിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല. ഭരണഘടന പ്രകാരം പാർട്ടിക്കുള്ളിലെ വിമർശനം അച്ചടക്ക നടപടിയുമല്ല. എന്നാൽ, ഫലത്തിൽ അതു നടപടിയാണു താനും.
പാർട്ടി സെക്രേട്ടറിയറ്റ് ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന കമ്മിറ്റിയിൽ ജയരാജെൻറ മഹത്ത്വവത്കരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽനിന്നുള്ള മുതിർന്ന അംഗമാണ് അത് സെക്രേട്ടറിയറ്റിൽ പറഞ്ഞത്. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ ആരും ജയരാജനെ ന്യായീകരിക്കാൻ ഉണ്ടായില്ല. സംസ്ഥാന കമ്മിറ്റിയിൽ അവസാനിപ്പിക്കാതെ കണ്ണൂരിൽ പാർട്ടി ഘടകങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യുന്നതാണ് ജയരാജനെ കൂടുതൽ ക്ഷീണിപ്പിക്കുന്നത്.
കഴിഞ്ഞവർഷം ഒക്ടോബറിലും സംസ്ഥാന കമ്മിറ്റി ജയരാജനെ വിമർശിച്ചിരുന്നു. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു അന്നു വിഷയമായത്. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ മേൽ കാപ്പ ചുമത്തിയതിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് സ്റ്റേഷൻ വരാന്തയിൽ കയറിനിന്ന് ജയരാജൻ പ്രസംഗിച്ചു. എൽ.ഡി.എഫ് ഭരിക്കുമ്പോൾ ജയരാജൻ അങ്ങനെ ചെയ്തത് തെറ്റായ നടപടിയായി പാർട്ടി വിലയിരുത്തി.
ജയരാജനെ ഹീറോയാക്കി പുറത്തിറങ്ങിയ മ്യൂസിക് ആൽബം, നൃത്തശിൽപം തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ അദ്ദേഹത്തിന് വിനയായത്. കമ്യൂണിസ്റ്റുകാരന് ചേരാത്ത പുകഴ്ത്തലും മഹത്ത്വവത്കരണവും അതിൽ അടങ്ങിയതായി പാർട്ടി വിലയിരുത്തി. പുറച്ചേരി കലാസമിതിയാണ് ‘കണ്ണൂരിന് കണ്ണായ ധീരസഖാവേ...’ എന്നു തുടങ്ങുന്ന മ്യൂസിക് ആൽബം ഉണ്ടാക്കിയത്. നൃത്തശിൽപത്തിൽ ശ്രീകാകുളത്തെ നക്സലൈറ്റ് യൂനിഫോമിലായിരുന്നു ജയരാജൻ. മ്യൂസിക് ആൽബത്തെക്കുറിച്ച് ഫേസ്ബുക്കിൽ ജയരാജൻ അഭിപ്രായപ്രകടനം നടത്തിയപ്പോൾ തന്നെ പ്രകീർത്തിക്കുന്ന വരികളാണ് അതിലുള്ളത് എന്നെഴുതി. ജയരാജൻ പുകഴ്ത്തലുകൾ ആസ്വദിക്കുന്നുവെന്ന ആക്ഷേപത്തിന് അതിടയാക്കി.
യു.എ.പി.എ ദുരുപയോഗത്തിനെതിരെ സെപ്റ്റംബറിൽ കണ്ണൂരിൽ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊതുയോഗങ്ങൾ നടത്തിയിരുന്നു. യോഗത്തിലെ പ്രസംഗകർക്ക് നൽകാൻ പാർട്ടി തയാറാക്കിയ കുറിപ്പിൽ ജയരാജനെ അതിർകടന്നു പുകഴ്ത്തുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നു. അശരണരുടെ കണ്ണീരൊപ്പുന്നയാൾ, ദൈവദൂതനെപ്പോലെ അവതരിക്കുന്നയാൾ എന്നൊക്കെയാണ് കുറിപ്പിൽ ജയരാജനെ വിശേഷിപ്പിച്ചത്.
വി.എസ്. അച്യുതാനന്ദെൻറ മഹത്ത്വവത്കരണത്തിനെതിരെ പാർട്ടിയിൽ ഏറെ വിമർശനം ഉയർത്തിയ ആളാണ് പി. ജയരാജൻ. പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്നതിനെതിരെ വി.എസിനുമേൽ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹം കടുത്ത ഭാഷ പ്രയോഗിച്ചിട്ടുണ്ട്. അത് ബൂമറാങ്ങായി തിരിച്ചടിച്ച പ്രതീതിയാണിപ്പോൾ. കണ്ണൂരിലെ പാർട്ടിക്കാർക്ക് ഏറെ പ്രിയങ്കരനും കമ്യൂണിസ്റ്റ് ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കാൻ സന്നദ്ധനുമാണ് ജയരാജൻ. അതുകൊണ്ടുതന്നെ, പാർട്ടി വിമർശം അച്ചടക്കത്തോടെ അംഗീകരിക്കാനും തെറ്റു തിരുത്താനും തയാറായിരിക്കുകയുമാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.