കോഴിക്കോട്: കേരളത്തിലെ രണ്ടു പ്രമുഖ രാഷ്ട്രീയ നേതാക്കളെ അടുത്തടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തുനിന്നു പറിച്ചുനട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അസാധാരണ ഉദ്വേഗമാണ് ഉയർത്തിവിട്ടിരിക്കുന്നത്. കുമ്മനം രാജശേഖരനെ മിസോറം ഗവർണറാക്കി നിയമിച്ച് ബി.ജെ.പി ദേശീയ നേതൃത്വം അദ്ദേഹത്തിനു രാഷ്ട്രീയ റിട്ടയർമെൻറ് വിധിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം ഉമ്മൻ ചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ദേശീയ പദവിയിലേക്കുയർത്തി. പുറമെനിന്നു നോക്കുമ്പോൾ സ്ഥാനക്കയറ്റമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഫലത്തിൽ രണ്ടും നാടുകടത്തലാണ്. ഇരു നേതാക്കളും അവരുടെ അണികളും ആഗ്രഹിച്ചതല്ല ഇത്.
കോൺഗ്രസ് ഏറക്കുറെ വട്ടപ്പൂജ്യമായ സംസ്ഥാനത്തിെൻറ ചുമതലയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയിരിക്കുന്നത്. നിയമസഭയിലും ലോക്സഭയിലും പാർട്ടിക്ക് ഒരു സീറ്റു പോലും ആന്ധ്രപ്രദേശിൽ നിന്നില്ല. ചന്ദ്രബാബു നായിഡുവിെൻറ ടി.ഡി.പിയും ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസും കഴിഞ്ഞു മൂന്നാം സ്ഥാനത്തിനു ബി.ജെ.പിയും കോൺഗ്രസും മത്സരിക്കുന്ന സംസ്ഥാനമാണത്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും അവിടെ നടക്കേണ്ടതുണ്ട്. ഭാരിച്ച ഉത്തരവാദിത്തമാണ് ഉമ്മൻ ചാണ്ടിയുടെ തലയിൽ കയറ്റിവെച്ചിരിക്കുന്നത്. കോൺഗ്രസിൽനിന്നുപോയ ജഗൻ മോഹൻ റെഡ്ഡിയെ തിരിച്ചുകൊണ്ടുവരാനോ വൈ.എസ്.ആർ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനോ കഴിഞ്ഞാൽ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ കഴിയും.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയതോടെ ഗ്രൂപ് രാഷ്ട്രീയത്തോട് ഉമ്മൻ ചാണ്ടിക്ക് വിടപറയേണ്ടി വരും. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനു പിന്നിൽ സംസ്ഥാനത്തെ ഗ്രൂപ് രാഷ്ട്രീയത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യംകൂടി ഉണ്ടെന്നു വ്യക്തം. എ.കെ. ആൻറണിയും കെ. കരുണാകരനും തലതൊട്ടപ്പന്മാരായിരുന്ന എ- ഐ ഗ്രൂപ്പുകളിൽ എ ഗ്രൂപ്പിെൻറ നെടുനായകത്വം ആൻറണി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിനു മുേമ്പ ഉമ്മൻ ചാണ്ടി ഏറ്റെടുത്തിരുന്നു. കരുണാകരൻ കോൺഗ്രസ് വിട്ടു പുറത്തുപോയപ്പോൾ അനാഥമായ ഐ ഗ്രൂപ് രമേശ് ചെന്നിത്തലയുടെ കൈയിലുമെത്തി. എന്നാൽ, മുൻകാലങ്ങളിലെപോലെ ഗ്രൂപ്പടിസ്ഥാനത്തിലല്ല ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഉമ്മൻ ചാണ്ടി കെ.പി.സി.സി പ്രസിഡൻറ് ആകണമെന്നാണ് എ ഗ്രൂപ്പുകാരുടെ മിനിമം ആഗ്രഹം. പാർട്ടിയെ ചലിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നതാണ് അതിനു ന്യായീകരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.