പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഇനിയും മെരുങ്ങാതെ ഡി.സി.സി നേതൃത്വം. സ്ഥാനാർഥി നിർണയത്തിനു പിന്നിൽ വി.ഡി. സതീശൻ-ഷാഫി പറമ്പിൽ കൂട്ടുകെട്ടാണെന്നും ജില്ല നേതൃത്വത്തെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവേദികളിൽ എത്താൻ മടിക്കുകയാണ് പലരും. ജില്ല നേതൃത്വത്തെ ഗൗനിക്കാതെ സ്വന്തം വഴിയേ രാഹുലിനെ നടത്തിക്കുകയാണ് ഷാഫി പറമ്പിൽ എന്നാണ് ആരോപണം.
യു.ഡി.എഫ് സ്ഥാനാർഥിയായി നേതൃത്വം ഉയർത്തിക്കാട്ടിയ ഡോ. പി. സരിനെ ‘തൊടുത്തുവിട്ടത്’ ജില്ല കോൺഗ്രസ് നേതൃത്വമാണെന്നത് ഏറക്കുറെ വ്യക്തമാണ്. എന്നാൽ, തികച്ചും അപ്രതീക്ഷിതമായിരുന്നു സി.പി.എം സ്ഥാനാർഥിയായുള്ള ഡോ. സരിന്റെ രംഗപ്രവേശം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ് ജില്ല കോൺഗ്രസ് നേതൃത്വത്തിൽനിന്നുള്ള പിന്തുണ വാർത്തസമ്മേളനത്തിൽ മറച്ചുവെച്ചില്ല.
ഇടതുസ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ മടിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് തന്റെ സ്ഥാനാർഥിത്വം ഉപകാരപ്പെടുമെന്ന് ഷാനിബ് പറഞ്ഞിരുന്നു. തന്റെ സ്വന്തം സ്ഥാനാർഥിയായി രാഹുലിനെ വോട്ടർമാർക്ക് പരിചയപ്പെടുത്തുന്ന ഷാഫി പറമ്പിലിന്റെ നടപടിയിലും ഡി.സി.സി നേതൃത്വം കെ.പി.സി.സിയിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് നേതൃയോഗത്തിലും ഡി.സി.സി ഭാരവാഹികൾ വിമർശനം ഉയർത്തിയിരുന്നു.
ജില്ല കോൺഗ്രസിൽനിന്ന് മാത്രമല്ല, യൂത്ത് കോൺഗ്രസിൽനിന്നും കെ.എസ്.യുവിൽനിന്നും ഒരു വിഭാഗത്തിന്റെ വിമർശനം രാഹുലിന്റെ സ്ഥാനാർഥിത്വം ക്ഷണിച്ചുവരുത്തി. കെ.എസ്.യു മുൻ ജില്ല പ്രസിഡന്റ് എ.കെ. ഷാനിബ് വ്യാഴാഴ്ച നാമനിർദേശം സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയുമേറെ പേർ പുറത്തുവരുമെന്ന് ഷാനിബ് വ്യക്തമാക്കി. ഇതിനിടെ ഷാഫി പറമ്പിലിനെ പരസ്യമായി വിമർശിച്ചതിന് പുറത്താക്കിയ യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെ പാർട്ടിയിൽ തിരിച്ചെടുത്തു. യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു സദ്ദാം ഹുസൈൻ.
ഷാനിബിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് മണ്ഡലം മുൻ പ്രസിഡന്റുമായ പി.ജി. വിമൽ കോൺഗ്രസിൽനിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിയെ അടിച്ചേൽപിച്ചതിനെതിരെ ഡി.സി.സി ജനറൽ സെക്രട്ടറി ടി.വൈ. ഷിഹാബുദ്ദീൻ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.