പ്രിയങ്ക ഇനി ‘പ്രിയദർശിനി’യെന്ന് ജനം; വയനാട്ടിൽ അതിഗംഭീര റോഡ്ഷോ

കൽപറ്റ: നാനാദിക്കുകളിൽനിന്ന് ഒഴുകിയെത്തിയവരാൽ കൽപറ്റ നഗരം ജനസാഗരമായി. നിറപുഞ്ചിരിയോടെ അതിലലിഞ്ഞ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി കൂടുതൽ പ്രിയങ്കരിയായി. ഇന്ദിരയെ അനുസ്മരിച്ച് ‘വയനാടിന്റെ പ്രിയദർശിനി’യെന്ന് ജനം ആർത്തുവിളിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യ അങ്കംകുറിക്കാനായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി ജില്ലയുടെ ആസ്ഥാനത്ത് നടത്തിയത് അതിഗംഭീര റോഡ്ഷോ.

ഉരുൾദുരന്തബാധിതരെ അനുസ്മരിച്ചും മഹാപ്രതിസന്ധി മറികടക്കുന്ന വയനാടിന്റെ ഇച്ഛാശക്തിയെ പുകഴ്ത്തിയും അവർ ഹൃദയങ്ങൾ കീഴടക്കി. ലാവണ്ടർ നിറത്തിലുള്ള വാഹനത്തിൽ അതേ നിറത്തിലുള്ള സാരിയണിഞ്ഞെത്തിയ പ്രിയങ്കയെ വരവേൽക്കാൻ പൊരിവെയിലിനെ അവഗണിച്ചും സ്ത്രീകളുടെ വൻകൂട്ടമാണ് എത്തിയത്. പ്രായമായവരുടെയും കുട്ടികളുടെയും നീണ്ടനിര വേറെയും.

ചൊവ്വാഴ്ച രാത്രി 9.30ഓടെതന്നെ പ്രിയങ്ക മൈസൂരുവിൽനിന്ന് സുൽത്താൻ ബത്തേരിയിൽ എത്തിയിരുന്നു. കൽപറ്റ പുതിയ ബസ്റ്റാൻഡിന് മുന്നിൽനിന്ന് ബുധനാഴ്ച രാവിലെ 11.30ഓടെയാണ് റോഡ് ഷോ തുടങ്ങിയത്. രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ് ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർക്കൊപ്പം പ്രിയങ്ക ഗാന്ധി തുറന്ന വാഹനത്തിൽ കയറിയപ്പോൾതന്നെ സ്ത്രീകളടക്കമുള്ളവർ ആവേശമുദ്രാവാക്യമുയർത്തി.

‘രാജീവിന്റെ പ്രിയ പുത്രി’, ‘സോണിയയുടെ പ്രിയ പുത്രി’, ‘രാഹുലിന്റെ പ്രിയ സോദരി...’ തുടങ്ങിയ ഇഷ്ടവാക്കുകളാൽ ജനക്കൂട്ടം സ്നേഹവായ്പ് ചൊരിഞ്ഞു. ജനങ്ങളുടെ ആവേശതള്ളിച്ചയിൽ റോഡ് ഷോ വാഹനം പുറപ്പെടാൻ ഏറെ പാടുപെട്ടു. പൊലീസ് വടംകെട്ടിയാണ് ജനത്തെ നിയന്ത്രിച്ചത്. പ്രവർത്തകനൊപ്പം റോഡിലുണ്ടായിരുന്ന കുട്ടിയെ പ്രിയങ്ക കൈയിലെടുത്ത് ഉയർത്തി തന്റെ വാഹനത്തിൽ കയറ്റിയപ്പോൾ രാഹുലും ഓമനിച്ചു.

കെട്ടിടങ്ങളുടെ മുകളിലടക്കമുണ്ടായിരുന്ന ജനക്കൂട്ടത്തെ ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. വാദ്യമേളങ്ങൾ കൊഴുപ്പേകി. ‘വയനാടിന്റെ പ്രിയങ്കരി’, ‘വോട്ട് ഫോർ പ്രിയങ്ക’ തുടങ്ങിയ ബോർഡുകളും പാർട്ടി പതാകകളുടെ നിറത്തിലുള്ള കൂറ്റൻ ബലൂണുകളുമേന്തിയാണ് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തത്.

12.45ഓടെയാണ് ഗൂഡലായി ജങ്ഷന് സമീപമൊരുക്കിയ വേദിക്കരികിൽ എത്തിയത്. തുടർന്നാണ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വേദിയിൽ എത്തിയത്. ആദ്യം പ്രസംഗിക്കാനായി പ്രിയങ്ക എഴുന്നേറ്റപ്പോൾതന്നെ വൻകരഘോഷമുയർന്നു.

തുടർന്ന് ലോക്സഭ പ്രതിപക്ഷനേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയും പ്രസംഗിച്ചു. സോണിയ ഗാന്ധി സംസാരിച്ചില്ല. 1.30ഓടെ നാമനിർദേശ പത്രിക നൽകാൻ നിശ്ചയിച്ച സമയമടുത്തതോടെ പൊതുയോഗം അവസാനിപ്പിച്ചു. തുടർന്ന് പ്രിയങ്ക ഗാന്ധി വേദിയിൽനിന്ന് കലക്ടറേറ്റിലേക്ക് നീങ്ങുകയായിരുന്നു.

Tags:    
News Summary - People now call Priyanka Gandhi as 'Priyadarshini'; Priyankas roadshow in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.