രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി, പി.സി.സി പ്രസിഡൻറ് സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയ സചിൻ പൈലറ്റിനെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ മടിച്ച് ബി.ജെ.പി. പതിവിൽ നിന്ന് വ്യത്യസ്തമായ ഈ കാഴ്ചക്ക് കാരണം സംസ്ഥാനത്തെ പ്രബല ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ നിലപാടാണ്. സചിൻ കോൺഗ്രസ് വിടുന്ന സുപ്രധാന സംഭവ വികാസം നടക്കുകയാണെങ്കിലും വസുന്ധര മൗനത്തിൽ. ഒരു ട്വിറ്റർ സന്ദേശം പോലുമില്ല. വസുന്ധരയെ അവഗണിച്ച് മോദി, അമിത്ഷാമാർക്ക് സചിനെ സ്വാഗതം ചെയ്യാൻ കഴിയില്ല.
മോദി, അമിത്ഷാമാർക്ക് എതിർവായില്ലാത്ത ബി.ജെ.പിയിലെ സ്ഥിതി രാജസ്ഥാനിൽ ഇല്ല. അവിടെ വസുന്ധരയാണ് എല്ലാം തീരുമാനിക്കുന്നത്. അവരുടെ സ്വാധീനം തള്ളിമാറ്റി, സ്വന്തം ഇടം ഉറപ്പിക്കാൻ മോദിക്കു പോലും കഴിഞ്ഞിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ എന്ന പോലെ ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് കിട്ടുന്ന വലിയ മീനാണ് സചിൻ പൈലറ്റ്. പക്ഷേ, കോൺഗ്രസിലെ പ്രതിസന്ധി മുതലാക്കാൻ കഴിയാത്ത സ്ഥിതി. സചിൻ പോകുേമ്പാൾ കോൺഗ്രസിന് വലിയ നഷ്ടമാണ് സംഭവിക്കുന്നതെങ്കിൽ, അദ്ദേഹം ബി.ജെ.പിയിൽ എത്തിയാൽ അവിടെ പോര് തുടങ്ങും. വസുന്ധരയെ മാറ്റി നിർത്തി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യാൻ കഴിയില്ല. വസുന്ധരക്കു കീഴിൽ ഒതുങ്ങാനാണെങ്കിൽ, സചിൻ കോൺഗ്രസ് വിടുന്നതിൽ അർഥമില്ല.
ഈ സാഹചര്യത്തിൽ പുതിയ പാർട്ടി എന്ന രാഷ്ട്രീയ തീരുമാനത്തിലേക്ക് സചിൻ പൈലറ്റ് എത്തിച്ചേരാൻ സാധ്യതയേറി. അതാകട്ടെ, കോൺഗ്രസിനെ പാപ്പരാക്കി വളരുന്ന പ്രാദേശിക പാർട്ടിയായി മാറാൻ സാധ്യതയേറെ.
മികച്ച സംഘാടകൻ കൂടിയാണ് 42കാരനായ സചിൻ പൈലറ്റ്. ഈ വെല്ലുവിളിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്ന രാജസ്ഥാനിലെ അതികായന് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.