ന്യൂഡൽഹി: 2019 ലോക്സഭാ തെരെഞ്ഞടുപ്പിൽ ബി.ജെ.പിക്ക് എതിരെ പോരാടാൻ കർമപദ്ധതി തയാറാക്കാൻ 17 പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ജനതാദൾ യുനൈറ്റഡ് നേതാവ് ശരദ് യാദവ് വിളിച്ച് ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ബിഹാറിൽ മഹാസഖ്യം വിട്ട് ബി.ജെ.പിയോട് കൂട്ടുചേരുകയും ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിന് വിള്ളൽ സൃഷ്ടിക്കുകയും ചെയ്ത നിതീഷ് കുമാറിനെ വെല്ലുവിളിച്ചാണ് ‘രാജ്യത്തിെൻറ വൈവിധ്യ സംസ്കാരം സംരക്ഷിക്കുക’ എന്ന് പ്രഖ്യാപിച്ച് ശരദ് യാദവ് യോഗം വിളിച്ച് ചേർത്തത്.
കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കളും ബി.എസ്.പി, തൃണമൂൽ കോൺഗ്രസ്, കർഷക സംഘടനകൾ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവരും കോൺസ്റ്റിറ്റ്യുഷൻ ക്ലബിൽ വിളിച്ച് ചേർത്ത യോഗത്തിൽ പെങ്കടുത്തു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി യോഗത്തിൽ പെങ്കടുക്കാതിരുന്ന ശരദ് പവാറിെൻറ എൻ.സി.പിയും പിന്തുണ പ്രഖ്യാപിച്ച് എത്തിയത് ശരദ് യാദവ് പക്ഷത്തിന് കരുത്തുപകർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, ജനങ്ങൾ ബി.ജെ.പിയുടെ സ്വച്ഛ് ഭാരത് അല്ല സച്ച് (സത്യ) ഭാരതാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ബി.ജെ.പി ഭരണത്തെ അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്ത ശരദ് യാദവ് രാജ്യത്തെ ജനങ്ങളും ലോകവും ഒന്നിച്ച് നിന്നതോടെ ഹിറ്റ്ലർക്കുപോലും അവരുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നുവെന്ന് കൂട്ടിച്ചേർത്തു. മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒരുമിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘പ്രതിപക്ഷം ഒരുമിച്ചാൽ ബി.ജെ.പിയെ ഒരിടത്തും കാണാൻകൂടി കഴിയില്ല. മോദിയുടെ മേക് ഇൻ ഇന്ത്യ പദ്ധതി പരാജയപ്പെട്ടു. മിക്കവാറും എല്ലാ സാധനങ്ങളും ഇപ്പോൾ ചൈനീസ് നിർമിതമാണ്. മാധ്യമങ്ങൾ മോദിയെ പേടിക്കാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തയാറാവണം.
രാജ്യത്തെ രണ്ട് രീതിയിൽ വീക്ഷിക്കാം. ചിലർ പറയുന്നത് ഇൗ രാജ്യം അവരുടെതെന്നാണ്. മറ്റുള്ളവർ പറയുന്നത് തങ്ങൾ ഇൗ രാജ്യത്തിേൻറതാണെന്നാണ്. ഇതാണ് കോൺഗ്രസും ആർ.എസ്.എസും തമ്മിലുള്ള വ്യത്യാസം. ഒരാൾക്ക് ഒരു വോട്ട് എന്ന ഭരണഘടനതത്വം തിരുത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ജനങ്ങളെ വിഭജിക്കുന്ന അജണ്ടയാണ് ആർ.എസ്.എസ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ജെ.ഡി.യു ശരദ് യാദവിനൊപ്പമാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.