ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ഗുരുതര രാഷ്ട്രീയ പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്‍െറ അധികച്ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒളിച്ചുകളിച്ചു. കാരണങ്ങളില്ലാത്ത തിരക്കാണ് കഴിഞ്ഞദിവസങ്ങളില്‍ ഗവര്‍ണര്‍ കാണിച്ചത്. ദിവസങ്ങളായി നടത്തുന്ന ഈ ഒളിച്ചുകളിക്കു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ലാക്ക് ആരോപിക്കപ്പെടുന്നു. ചെന്നൈ യാത്ര ബോധപൂര്‍വം ഒഴിവാക്കി മുംബൈയില്‍ തങ്ങുകയും ഡല്‍ഹിയുമായി നിരന്തരം ബന്ധപ്പെടുകയുമായിരുന്നു ഗവര്‍ണര്‍.
ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വൈകിയത് ഗവര്‍ണര്‍ എത്താത്തതുകൊണ്ടാണ്. ഒ. പന്നീര്‍സെല്‍വത്തിന്‍െറ രാജി ഗവര്‍ണര്‍ സ്വീകരിച്ചത് തമിഴ്നാട് രാജ്ഭവനില്‍ ഇരുന്നുകൊണ്ടുമല്ല. ഇതിനിടയിലാണ് പന്നീര്‍സെല്‍വം നിയുക്ത മുഖ്യമന്ത്രിക്കെതിരെ വെടിപൊട്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പന്നീര്‍സെല്‍വത്തോടാണ് പ്രിയം. ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പന്നീര്‍സെല്‍വത്തിന് കൂടുതല്‍ പേരുടെ പിന്തുണ സമാഹരിക്കാന്‍ അവസരം ഒരുക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ആരോപണമുണ്ട്.
ശശികലയെയോ പന്നീര്‍സെല്‍വത്തെയോ തരംപോലെ വിലക്കെടുക്കാവുന്ന സാഹചര്യം ഇന്ന് ബി.ജെ.പിക്കു മുന്നിലുണ്ട്. പന്നീര്‍സെല്‍വത്തിന്‍െറ രാജി തിരിച്ചെടുക്കുന്നതിനെ എതിര്‍ക്കാനും സമ്മതിക്കാനും ഗവര്‍ണര്‍ക്കു വേണമെങ്കില്‍ കഴിയും. രാജി സ്വീകരിച്ചെങ്കിലും, നിര്‍ബന്ധിത സാഹചര്യങ്ങളിലാണ് രാജി നല്‍കേണ്ടിവന്നതെന്ന് പന്നീര്‍സെല്‍വം പറയുന്നത് അതിനൊരു ഉപായമാണ്. രാജി അംഗീകരിക്കാതെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പന്നീര്‍സെല്‍വത്തോട് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. അത്തരമൊരു സാഹചര്യമാണ് പന്നീര്‍സെല്‍വം തേടുന്നത്. അധികാരത്തിലിരുന്ന് വിശ്വാസവോട്ട് തേടുന്ന പന്നീര്‍സെല്‍വത്തെ പിന്തുണക്കാന്‍ കൂടുതല്‍ എം.എല്‍.എമാര്‍ ഉണ്ടായെന്നു വരാം.
എന്നാല്‍, എണ്ണം 117 വേണം. ശശികലയുടെ സത്യപ്രതിജ്ഞ നടന്നാല്‍ പന്നീര്‍സെല്‍വത്തിന്‍െറ കലാപം എരിഞ്ഞടങ്ങിയെന്നു വരും. വിശ്വാസവോട്ട് തേടാന്‍ കാവല്‍മുഖ്യമന്ത്രിക്ക് അവസരം കിട്ടിയാല്‍ ശശികലയാണ് വെട്ടിലാവുക. എന്നാല്‍, രാജി സ്വീകരിച്ച ശേഷം പന്നീര്‍സെല്‍വത്തിന് അനുകൂലമായി എടുക്കുന്ന തീരുമാനം കോടതി കയറിയെന്നിരിക്കും. ഗവര്‍ണര്‍ ഒളിച്ചുകളിക്കുമ്പോള്‍, ഏതു വള്ളത്തില്‍ കാല്‍ ഊന്നണമെന്ന തീരുമാനത്തിന് വ്യക്തത നല്‍കാന്‍ ശ്രമിക്കുകകൂടിയാണ് ബി.ജെ.പി ചെയ്തത്. പന്നീര്‍സെല്‍വത്തിന് പിന്തുണ ആര്‍ജിക്കാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തെ സഹായിക്കുകയും, അതല്ളെങ്കില്‍ സാവധാനം ശശികലയെ ഒപ്പംകൂട്ടുകയും ചെയ്യുകയെന്ന ദ്വിമുഖ തന്ത്രം മുന്നില്‍വെച്ച് ബി.ജെ.പി കളിച്ചു.
ശശികലയുടെ അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി വിധി അടുത്തയാഴ്ച വരാനിരിക്കെ, അതുകൂടി നോക്കാനുള്ള സാവകാശം കിട്ടുമോ എന്ന സാധ്യതാന്വേഷണവും നടക്കുന്നു. എന്നാല്‍, ശശികലയുടെ പിന്തുണ പകല്‍പോലെ വ്യക്തമായിരിക്കെ, ബി.ജെ.പി നീക്കം പാളിയ മട്ടാണ്.
തമിഴ്നാട്ടിലെ സംഭവവികാസങ്ങളില്‍ കേന്ദ്രത്തിന് ഒരു റോളുമില്ളെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യനായിഡു വിശദീകരിച്ചു. അവിടത്തെ കാര്യങ്ങളില്‍ ഇടപെടാനില്ല. നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രത്തിന്‍െറ യഥാര്‍ഥ കാര്യപരിപാടി എന്താണെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.