തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ശശികലക്ക് വെല്ലുവിളിയാവും

കോയമ്പത്തൂര്‍: ഏപ്രിലില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്ക് വെല്ലുവിളിയാകുന്നു. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈകോടതിയുടെ ഇടപെടല്‍ മൂലം നീട്ടിവെക്കുകയായിരുന്നു. വാര്‍ഡ് വിഭജനത്തില്‍ സംവരണതത്ത്വം അട്ടിമറിച്ചതായി ആരോപിച്ച് ഡി.എം.കെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹരജികളുടെ അടിസ്ഥാനത്തിലാണിത്. 

ഡി.എം.കെയും അണ്ണാ ഡി.എം.കെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഏപ്രിലിനകം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. 

ജയലളിത പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റമുണ്ടാവില്ളെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാല്‍ മാത്രമേ ശശികലക്ക് രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാനാകൂ. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്‍െറ രംഗപ്രവേശവും ശശികലക്ക് തലവേദനയാണ്. 
കഴിഞ്ഞദിവസം ശശികല എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. എം. തമ്പിദുരെയും മുഖ്യമന്ത്രി പന്നീര്‍ശെല്‍വവും തമ്മില്‍ ശീതസമരത്തിലാണ്. ശശികല കുടുംബവുമായി പന്നീര്‍ശെല്‍വത്തിന് സ്വരച്ചേര്‍ച്ചയില്ലാത്തതും പ്രശ്നമാണ്. 
എന്നാല്‍, ജനറല്‍ സെക്രട്ടറി ശശികലയുടെ നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തമ്പിദുരെ തുടര്‍ച്ചയായി പറയുന്നുണ്ട്. 

ജെല്ലിക്കെട്ട് വിഷയത്തില്‍ തമ്പിദുരെയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ - എം.പിമാരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കിയിരുന്നില്ല. അതേസമയം, മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തോട് കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ നിലപാടാണ് സ്വീകരിച്ചത്. ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസാക്കിയതോടെ പന്നീര്‍ശെല്‍വത്തിന്‍െറ ജനസമ്മതി വര്‍ധിച്ചിട്ടുണ്ട്. 

ഇത് ശശികല ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നിര്‍ണായകഘട്ടങ്ങളില്‍ മാത്രമാണ് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം പോയസ്ഗാര്‍ഡനില്‍ ചെന്ന് ശശികലയെ കാണുന്നത്. 

Tags:    
News Summary - tamilnadu local body elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.