തിരുവനന്തപുരം: ഇടതുപക്ഷ രാഷ്ട്രീയ സംഘടനയായ ഫോർവേഡ് ബ്ലോക്കിനെ യു.ഡി.എഫിന്‍റെ ഭാഗമാക്കാൻ തീരുമാനം. പ്രത്യേക ക്ഷണിതാക്കളെന്ന നിലയിലാണ് യു.ഡി.എഫിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒൗദ്യോഗിക വസതിയിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം.
യു.ഡി.എഫുമായി സഹകരിക്കാൻ തയാറാണെന്ന് ദേശീയ സെക്രട്ടറി ജി. ദേവരാജൻ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. കൂടാതെ, മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ സമീപനമാണ് ഫോർവേഡ് ബ്ലോക് സ്വീകരിച്ചിരുന്നത്. നേരത്തെ, ഇടതുപക്ഷ സംഘടനയായ ആർ.എസ്.പി ഇപ്പോൾ യു.ഡി.എഫിന്‍റെ ഘടകകക്ഷിയാണ്.
ബംഗാളില്‍ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന് രണ്ട് എം.എല്‍.എമാരുണ്ട്. എന്നാല്‍, കേരളത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കാൻ പോലും സി.പി.എം നേതൃത്വം തയാറായില്ല. ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഫോര്‍വേഡ് ബ്ലോക് നിരവധി തവണ കത്തു നല്‍കിയിരുന്നു. പരിഗണിക്കാമെന്ന ഉറപ്പ് ആവര്‍ത്തിച്ചതല്ലാതെ ഒന്നും നടന്നില്ല.
ഇതില്‍ പ്രതിഷേധിച്ച് 2014ല്‍ കൊല്ലത്ത് എം.എ. ബേബിക്കെതിരെ മത്സരിക്കാന്‍ ഫോര്‍വേഡ് ബ്ലോക് ഒരുങ്ങി. എന്നാല്‍, ഇടതുമുന്നണി പ്രവേശം ഉറപ്പുനല്‍കി അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ ഫോര്‍വേഡ് ബ്ലോക്കിനെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണി പ്രവേശവും മത്സരിക്കാനൊരു സീറ്റും ഫോര്‍വേഡ് ബ്ലോക് പ്രതീക്ഷിച്ചിരുന്നെങ്കിലും സി.പി.എം നൽകിയില്ല.
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നു രാജിവെച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ് 1939 ജൂൺ 22ന് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഫോർവേഡ് ബ്ലോക്. നിലവിൽ പാർട്ടിയുടെ ചെയർമാൻ എൻ. വേലപ്പൻ നായരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.