ക്രമസമാധാനം വഷളാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സി.പി.എം ബോംബുണ്ടാക്കുന്നുവെന്ന് വി.ഡി സതീശൻ

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം വഷളാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സി.പി.എം ബോംബുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാനൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനമുണ്ടായി. കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയില്ലേ? കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ബോംബ് നിർമാണമുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കലാണോ കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ പണി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാർഥി കുടുംബശ്രീയുടെ സ്റ്റേജില്‍ കയറി ഇരിക്കുകയാണ്. അന്‍പതിനായിരം പേര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഇതൊക്കെ തിരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണം.

മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം പകര്‍ത്തിയ തിരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥനെ സ്ഥാനാർഥിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ റൂമില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി. വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടും എന്ത് നടപടിയാണ് സ്ഥാനാർഥിക്കെതിരെ എടുത്തത്? എന്തും ചെയ്യാവുന്ന അവസ്ഥയാണ്. കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഇങ്ങനെ പറയാന്‍ സി.പി.എമ്മിന് മുട്ടുവിറക്കും.

കള്ളപ്പണം കൈകാര്യം ചെയ്യാന്‍ സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി തിരഞ്ഞെടുപ്പ് കമീഷനെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചിട്ടുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നു. മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. കരുവന്നൂരിലെ തെളിവുകള്‍ എല്ലാം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് വരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. സി.പി.എം നേതാക്കളെ വിളിച്ചുവരുത്തി തെളിവ് കാട്ടി പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒന്നല്ല രണ്ടാണെന്ന് ജനങ്ങളെ കാണിക്കാനുള്ള ഗിമ്മിക്കാണോയെന്ന് കാത്തിരുന്ന് കാണാം.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കവും ഇതുപോലെയാണ്. മനുഷ്യാവകാശ കമീഷനെ നിയമിക്കാന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ എവിടയാണ് ചര്‍ച്ച നടത്തിയത്? സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം പരിധി വിടാതിരിക്കാനുള്ള ഇടനിലക്കാരുണ്ട്. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയൊക്കെ മാറി ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ എത്തി നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ഈ ബന്ധം എവിടെ വരെ പോകുമെന്ന് കാത്തിരുന്ന് കാണാം. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പി അപ്രസക്തമാണ്. ആ ബി.ജെ.പി കേരളത്തില്‍ സ്‌പേസുണ്ടാക്കി കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സുരേന്ദ്രന്‍ പോലും പറയാത്ത കാര്യങ്ങളാണ് ബി.ജെ.പി സ്ഥാനാർഥികളെ കുറിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാഥിത്വം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. സിറ്റിങ് എം.പിയായിട്ടും വയനാട്ടുകാര്‍ രാഹുല്‍ ഗാന്ധിയെ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമൊക്കെ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തന്നെ കേരളത്തിന് അഭിമാനമാണ്. യു.ഡി.എഫ് പ്രചരണം എങ്ങനെ ആയിരിക്കണമെന്ന് എ.കെ.ജി സെന്ററും ദേശാഭിമാനിയും കൈരളിയുമൊന്നും തീരുമാനിക്കേണ്ട. കൊടിയും ചിഹ്നവും പോയി മരപ്പട്ടിയും നീരാളിയുമൊന്നും കിട്ടതിരിക്കാനാണ് സി.പി.എം ശ്രമിക്കേണ്ടത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞങ്ങളും പ്രാർഥിക്കാം.

പക്ഷെ കൊടിയും ചിഹ്നവും നഷ്ടപ്പെടുത്തി സി.പി.എമ്മിനെ കുഴിച്ചുമൂടിയിട്ടേ പിണറായി വിജയന്‍ പോകൂവെന്നാണ് തോന്നുന്നത്. എഴുതിക്കൊണ്ടു വന്ന ഒരേ പച്ചക്കള്ളമാണ് ഒരു മാസമായി മുഖ്യമന്ത്രി വായിക്കുന്നത്. അതിന് മറുപടി നല്‍കിയിട്ടുണ്ട്. പക്ഷെ ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്ന മുഖ്യമന്ത്രി അതൊന്നും അറിയുന്നില്ല. മറ്റ് മുഖ്യധാരാ മാധ്യമങ്ങളും മുഖ്യമന്ത്രി കാണണം.

കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തെ അപമാനിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന സിനിമ ദൂരര്‍ദര്‍ശന്‍ പോലുള്ള ഒരു ചാനലില്‍ പ്രദര്‍ശിപ്പിക്കരുത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan says that CPM is making bombs using party workers to disrupt law and order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.