ധനസ്ഥിതിയിൽ അടിയന്തരപ്പോര്; പുല്ലുവെട്ടാൻ പോലും പണമില്ലെന്ന് പ്രതിപക്ഷം, ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: വാദ-പ്രതിവാദങ്ങളും രാഷ്ട്രീയപ്പോരും നിറഞ്ഞ് ധനസ്ഥിതിയിലെ അടിയന്തര പ്രമേയ ചർച്ച. ധനപ്രതിസന്ധിയും അതിലേക്ക് നയിച്ച സർക്കാറിന്‍റെ കെടുകാര്യസ്ഥതയും പ്രതിപക്ഷം അക്കമിട്ട് നിരത്തിയപ്പോൾ പ്രതിസന്ധിയില്ലെന്നും ട്രഷറിയിൽ ഒന്നുമില്ലാതെ പൂച്ച പെറ്റുകിടക്കുകയല്ലെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി.

ഫെബ്രുവരി എട്ടിലെ ഡൽഹി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ സമരത്തിന് ബലമേകുന്ന പൊതുചർച്ച കൂടി ലക്ഷ്യമിട്ടാണ് ഭരണപക്ഷം പ്രമേയം ചർച്ച ചെയ്യാൻ തയാറായത്. ‘ഇത്തരമൊരു പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി പറഞ്ഞാ’ണ് മുഖമന്ത്രി പ്രമേയത്തിന് അനുമതി നൽകിയതെങ്കിലും ‘തെരഞ്ഞെടുപ്പ് രംഗത്തെ വാദപ്രതിവാദം പോലെയായതിൽ വിഷമമുണ്ടെന്ന’ ധനമന്ത്രിയുടെ തുറന്നുപറച്ചിലിൽ ചർച്ചയിലെ വഴിമാറ്റം വ്യക്തമായി.

ട്രഷറി പൂട്ടി താക്കോൽ പോക്കറ്റിലിട്ടിട്ടാണ് ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് ധനമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ഒരു ബില്ലും മാറുന്നില്ല. പഞ്ചായത്തിൽ പുല്ലുവെട്ടിയതിന്‍റെ ബില്ലു പോലും മാറാൻ പണമില്ല. എന്നിട്ടും ഒരു പ്രതിസന്ധിയുമില്ലെന്നാണ് ധനമന്ത്രി പറയുന്നത്.

മാത്രമല്ല, കേരളത്തിലെ മുഴുവൻ പ്രശ്നത്തിനും കാരണം കേന്ദ്രഅവഗണനയാണെന്ന വാദമാണ് സർക്കാർ നിരത്തുന്നതും. സംസ്ഥാന സർക്കാറിന്‍റെ പിടിപ്പുകേടും ധൂർത്തുമാണ് പ്രതിസന്ധിക്ക് മുഖ്യകാരണം. ഒപ്പം കേന്ദ്ര നിലപാടുകളുമുണ്ട്. കേരളത്തിന് കിട്ടാനുള്ള തുക 57,000 കോടിയാണെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. കേന്ദ്ര ധനമന്ത്രിക്ക് നൽകിയ കത്ത് പ്രകാരം 3600 കോടിയേ കിട്ടാനുള്ളൂ- സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് മുൻ യു.ഡി.എഫ് സർക്കാറിനെ കുറിച്ച് പറഞ്ഞതുപോലെ തീവെട്ടിക്കൊള്ളയൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. എല്ലാം നിലച്ചുപോകുമെന്ന സ്ഥിതിയില്ല. കിട്ടാനുള്ളത് കിട്ടണമെന്ന് പറയാതിരിക്കാനാവില്ല.

കഴിഞ്ഞ വർഷം ട്രഷറിയിൽനിന്ന് ചെലവഴിച്ചത് 1.21 ലക്ഷം കോടിയാണ്. ഇക്കുറി 1.26 ലക്ഷം കോടിയായി ഉയർന്നു. 47,000 കോടിയായിരുന്ന തനത് നികുതി വരുമാനം 71,000 കോടിയായി. മുണ്ടുമുറുക്കിയുടുക്കുക എന്നതിനർഥം ജോലിയും കൂലിയും ഇല്ലാതാക്കുക എന്നല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - vd satheesan talk with kn balagopal Financial Crisis in Kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.