മലപ്പുറം: വടകരയിലെ നുണ ബോംബ് ചീറ്റിപ്പോയെന്ന് സ്ഥാനാർഥി സമ്മതിച്ചതിനാല്‍ അതിന്റെ പേരിലുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വടകരയില്‍ ബോംബ് പൊട്ടി സി.പി.എമ്മുകാരന്റെ കൈ പോകുകയും സ്ഥാനാർഥി പൊട്ടിച്ച നുണ ബേംബ് ചീറ്റിപ്പോകുകയും ചെയ്തു. വീഡിയോ ക്ലിപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് സ്ഥാനാർഥി ഇപ്പോള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
പൊടി കയറി അസുഖം വന്നതുകൊണ്ടാണ് കരഞ്ഞതുപോലെ തോന്നിയതെന്നുമാണ് പറയുന്നത്. സ്ഥാനാര്‍ത്ഥി പൊലീസിന് നല്‍കിയ പരാതിയില്‍ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ഉണ്ടെന്ന് പറയുകയും ചെയ്തു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഷാഫി പറമ്പിലാണ് വീഡിയോ ഉണ്ടാക്കിയതെന്ന് എം.വി ഗോവിന്ദനും പറഞ്ഞു. യഥാർഥത്തില്‍ ഞങ്ങളാണ് സൈബര്‍ ആക്രമണം നേരിട്ടത്. എന്തൊരു അഭിനയമാണ് എല്‍.ഡി.എഫ് സ്ഥാനാർഥി നടത്തിയത്. എവിടെ വീഡിയോ എന്ന് ചോദിച്ചപ്പോള്‍ പോസ്റ്റര്‍ ആണെന്നാണ് പറയുന്നത്.
അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നു പറഞ്ഞ് വൈകാരികമായ തരംഗമുണ്ടാക്കാന്‍ വേണ്ടിയുള്ള നുണ ബേംബായിരുന്നു ഇത്. ഇപ്പോള്‍ പാനൂരിലെ ബോംബും നുണ ബോംബും പൊട്ടി. എത്ര പേരാണ് ഇതിന്റെ പേരില്‍ ചീത്ത കേട്ടത്. മോദിയുടെ സത്‌പേരിന് കളങ്കം ചാര്‍ത്തിയെന്നു കാട്ടി ഒരു ചെറുപ്പക്കാരനെതിരെ കേസെടുത്ത പിണറായി വിജയനാണ് മതേതരത്വം പഠിപ്പിക്കുന്നതും മോദി വിരുദ്ധത പറയുന്നതും. മോദിക്കെതിരെ സംസാരിച്ചാല്‍ കേസെടുക്കും. പക്ഷെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മാത്രം കേസെടുക്കില്ല.
കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ കരട് നോക്കാന്‍ പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. കള്ള വീഡിയോ വച്ച് പോണ്‍ഗ്രസ് എന്ന തലക്കെട്ടുണ്ടാക്കി അപമാനിച്ച മഞ്ഞപ്പത്രമാണ് ദേശാഭിമാനി. നിങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഇഷ്ടമുള്ള തലക്കെട്ടുണ്ടാക്കാം. 19 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന സി.പി.എമ്മാണോ മോദിയെ താഴെയിറക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പോകുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനുള്ള തത്രപ്പാടാണ് സി.പി.എം കാട്ടുന്നത്. സംഘപരിവാര്‍ അക്രമികള്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ കേസ് എടുത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയത്. അതേ പത്രത്തിന്റെ പതിനൊന്നാം പേജില്‍ 12 പേര്‍ക്കെതിരെ കേസെടുത്തെന്ന വാര്‍ത്തയുമുണ്ട്. കേസെടുത്തത് റിപ്പോര്‍ട്ട് ചെയ്തത് എഡിറ്റോറിയല്‍ എഴുതിയ ആള്‍ അറിഞ്ഞില്ല. എന്തൊരു തമാശ പത്രമാണത്.
കോഴിക്കോട് ബീച്ചില്‍ 40 മിനിട്ട് സംസാരിച്ച രാഹുല്‍ ഗാന്ധി 38 മിനിട്ടും ബി.ജെ.പിക്ക് എതിരെയാണ് സംസാരിച്ചത്. ആ പ്രസംഗത്തെ സി.പി.എം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. എന്നെ ഇ.ഡി 55 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നും അദാനിക്കെതിരെ സംസാരിച്ചതിന് പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയെന്നും വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. നിരന്തരമായി ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുന്ന തനിക്കെതിരെ കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറച്ചു സമയം മോദിക്കെതിരെ പറയാനും മുഖ്യമന്ത്രി തയാറാകണം. മോദിക്കെതിരെ നിലപാടെടുത്ത എല്ലാ രാഷ്ട്രീയക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലുമാണ്. എന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇതുവരെ ഒരു സമന്‍സ് പോലും നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് സംഘപരിവാര്‍ നിലപാടാണോ അതോ അവര്‍ക്കൊപ്പമാണോ എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നാണ് സി.പി.എം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നോയെന്ന് സംശയമുണ്ട്. പക്ഷെ ബി.ജെ.പിക്ക് അവിടെ ഒരു നേട്ടവും ഉണ്ടാകില്ല. തൃശൂരില്‍ യു.ഡി.എഫ് വിജയിക്കും. രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് വൃത്തികേടുകളൊക്കെ നടന്നത്. പൂരം തൃശൂരിന്റെ മാത്രമല്ല കേരളത്തിന്റെ മതേതര ഉത്സവമാണ്. ഹൈകോടതി എല്ലാ തര്‍ക്കങ്ങളും തീര്‍ത്തതുമാണ്. എന്നിട്ടാണ് മനപൂര്‍വം അലങ്കോലപ്പെടുത്തിയത്. ഇപ്പോള്‍ കമ്മിഷണര്‍ മാത്രമാണ് കുറ്റക്കാരന്‍. കമീഷണറെന്നാല്‍ സര്‍ക്കാരാണ്. രണ്ട് മന്ത്രിമാര്‍ക്കും മുകളിലാണോ കമീഷണര്‍? ഇതുവരെ ചെയ്യാത്ത രീതിയിലാണ് പൊലീസ് പ്രശ്‌നമുണ്ടാക്കിയത്. രണ്ട് മാസം മുന്‍പ് തന്നെ പൂരം അലങ്കോലമാക്കാനാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചത്. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന സംഭവത്തില്‍ കമീഷണര്‍ മാത്രം എങ്ങനെയാണ് കുറ്റക്കാരനാകുന്നത്?
ബി.ജെ.പി ഭീതിയിലാണ് മുഖ്യമന്ത്രി എല്ലാം ചെയ്യുന്നത്. കരുവന്നൂരില്‍ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിലാണ് സി.പി.എം. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണോ കരുവന്നൂരില്‍ പാവങ്ങളുടെ പണം നഷ്ടപ്പെട്ട വിവരം പ്രധാനമന്ത്രി ഇപ്പോഴാണോ അറിയുന്നത്? എല്ലാം നോര്‍മല്‍ ആയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി.പി.എം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണ് കരുവന്നൂരില്‍ പാവങ്ങളുടെ പണം തട്ടിയെടുത്തത്. തട്ടിപ്പിനെ കുറിച്ച് 2017 മുതല്‍ പിണറായി വിജയന് അറിയാം.
300 കോടി കൊള്ളയടിച്ചതിനെ കുറിച്ച് പാര്‍ട്ടി കമ്മിറ്റിയാണോ അന്വേഷിക്കേണ്ടത്. പാവങ്ങളുടെ പണം തട്ടിയെടുത്ത് വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. അതാണ് പുറത്ത് വരേണ്ടത്. ഇ.ഡി അന്വേഷണം എന്ന പേരില്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. വിജിലന്‍സ് എന്ത് അന്വേഷണമാണ് നടത്തിയത്? തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് ജപ്തി ചെയ്ത് പാവങ്ങള്‍ക്ക് നഷ്ടമായ പണം നല്‍കിയോ? നികുതി പണത്തില്‍ നിന്നാണ് ഇപ്പോള്‍ നല്‍കുന്നതെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.