തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തന വിലയിരുത്തലാകുമെന്ന് യു.ഡി.എഫ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ വേങ്ങരയിലെ ജനം വിധിയെഴുതുമെന്ന് മുന്നണിയോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യോഗം രൂപംനൽകിയെന്നും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷം നേടാൻ തക്കവിധം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലിം ലീഗ് നേതൃത്വം 20നകം വേങ്ങരയിെല സ്ഥാനാർഥിയെ പ്രഖ്യാപിക്കും. 20ന് നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തും. 22ന് പഞ്ചായത്തുതലത്തിലും 23ന് ബൂത്തുതലത്തിലും കൺവെൻഷനുകൾ നടക്കും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല യു.ഡി.എഫ് നേതൃയോഗം 20ന് രാവിലെ മലപ്പുറം ഡി.സി.സി ഒാഫിസിൽ ചേരും. ഉപതെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ് പിന്തുണനൽകിയാൽ സ്വീകരിക്കുമെന്നും െചന്നിത്തല വ്യക്തമാക്കി.
വേങ്ങരയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് പാർട്ടി ഉടൻ തീരുമാനമെടുത്ത് പ്രഖ്യാപിക്കുമെന്നും പ്രചാരണത്തിനുൾപ്പെടെ എല്ലാവരും സഹകരിക്കണമെന്നും മുസ്ലിം ലീഗ് നേതാക്കൾ മുന്നണിയോഗത്തിൽ അറിയിച്ചു. വ്യാഴാഴ്ചയിലെ മുന്നണിയോഗത്തിൽ പ്രതിപക്ഷ നേതൃവിവാദം ചർച്ചയായില്ലെങ്കിലും കൺവീനർ പി.പി. തങ്കച്ചൻ പരോക്ഷമായി ചില പരാമർശങ്ങൾ നടത്തി. ചില വർത്തമാനങ്ങൾ മാധ്യമങ്ങളിലൂടെ ചിലർ നടത്തിയിട്ടുണ്ടെന്നും അത് എന്താണെന്ന് താൻ വിശദീകരിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ മുന്നണിയോഗത്തിലാണ് അത് പറയേണ്ടതെന്ന് വ്യക്തമാക്കി. യോഗത്തിൽ സംസാരിച്ച മറ്റാരും ആ വിവാദത്തിലേക്ക് കടന്നതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.