കോഴിക്കോട്: ഇടതുപക്ഷത്ത് ഇടംതേടുന്ന എം.പി. വീരേന്ദ്രകുമാറിനും വെള്ളാപ്പള്ളി നടേശനും മുന്നിൽ കടമ്പകളേറെ. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേരാൻ ഇരുവർക്കും ആഗ്രഹമുണ്ടെങ്കിലും അവരുടെ പാർട്ടികൾ അതിനു പാകമായിട്ടില്ല. യു.ഡി.എഫ് വിടുന്നതിനോട് കേരള ജെ.ഡി.യുവിലും എൻ.ഡി.എ ബന്ധം ഉപേക്ഷിക്കുന്നതിനോട് ബി.ഡി.ജെ.എസിലും കടുത്ത എതിർപ്പുണ്ട്. വീരേന്ദ്രകുമാർ വരുകയാണെങ്കിൽ കൈനീട്ടി സ്വീകരിക്കാൻ സി.പി.എം ഒരുക്കമാണ്. എന്നാൽ, ജെ.ഡി.യു പിളർത്തിവരുന്നതിനോട് യോജിപ്പില്ല. വെള്ളാപ്പള്ളിയുടെ എൽ.ഡി.എഫ് അനുകൂല പ്രസ്താവനകൾ ബി.ജെ.പിയെ സമ്മർദത്തിലാക്കാനുള്ള തന്ത്രമായാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
നിതീഷ് കുമാർ ബി.ജെ.പിയോടൊപ്പം ചേർന്നതോടെ ജെ.ഡി.യു ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച കേരള ഘടകത്തിനു മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുകയാണ്. ശരദ് യാദവിനോടൊപ്പം അഖിലേന്ത്യ പാർട്ടിയായി നിൽക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. എന്നാൽ, പഴയ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കണമെന്ന ആഗ്രഹം ഉള്ളവരുമുണ്ട്. ശരദ് യാദവിെൻറ പാർട്ടിയിൽ ചേർന്നാൽ കൂറുമാറ്റ നിയമത്തിൽപെട്ട് വീരേന്ദ്രകുമാറിന് രാജ്യസഭ അംഗത്വം നഷ്ടപ്പെട്ടേക്കാം. നേരേമറിച്ചു ജെ.ഡി.യുവിൽനിന്ന് പുറത്താക്കൽ ഉണ്ടായാൽ എം.പി സ്ഥാനം നഷ്ടപ്പെടില്ല.
അതേസമയം, എസ്.ജെ.ഡി വീണ്ടും രൂപവത്കരിച്ച് എൽ.ഡി.എഫിൽ ചേരാൻ ശ്രമിച്ചാൽ പാർട്ടി പിളരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തുതന്നെ എസ്.ജെ.ഡിയെ ഇടതുപക്ഷത്തേക്ക് സി.പി.എം ക്ഷണിക്കുകയും അതിനനുകൂലമായ നീക്കങ്ങൾ പാർട്ടിയിൽ ഉരുത്തിരിഞ്ഞു വന്നതുമാണ്. എന്നാൽ, മുൻ മന്ത്രി കെ.പി. മോഹനെൻറ നേതൃത്വത്തിൽ ഒരു വിഭാഗം കടുത്ത എതിർപ്പ് ഉയർത്തിയതോടെ പാർട്ടിയെ ഒറ്റക്കെട്ടായി എൽ.ഡി.എഫിലേക്കു കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായി. മുന്നണിമാറ്റ നീക്കം ഉപേക്ഷിച്ചത് അത്തരമൊരു സാഹചര്യത്തിലാണ്. ഈ രാഷ്ട്രീയ സാഹചര്യം തെല്ലും മാറിയിട്ടില്ല.
വീരേന്ദ്രകുമാറിന് എപ്പോൾ വേണമെങ്കിലും ഇടതുപക്ഷത്തേക്ക് വരാമെന്നും വരുമ്പോൾ ഒറ്റക്കെട്ടായി വരണമെന്നുമാണ് സി.പി.എം നൽകിയിരിക്കുന്ന സന്ദേശം. നിലവിൽ ഇടതുപക്ഷത്തുള്ള ജെ.ഡി.എസുമായി യോജിച്ചു പഴയതുപോലെ ഒരു പാർട്ടിയാകണമെന്ന് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും മൂപ്പിളമ തർക്കത്തിൽ അതൊന്നും പ്രായോഗികമാകാൻ ഇടയില്ല. വെള്ളാപ്പള്ളി നടേശെൻറ പൊടുന്നനെയുള്ള ഇടതു പ്രേമത്തിന് സി.പി.എം വലിയ ശ്രദ്ധ കൊടുത്തിട്ടില്ല. ബി.ജെ.പിയുടെ കൂടെനിന്നിട്ടു വലിയ കാര്യമില്ലെന്ന വെളിപാടിൽനിന്നാണ് അദ്ദേഹത്തിെൻറ പുതിയ പ്രസ്താവനകൾ എന്നാണ് കരുതപ്പെടുന്നത്.
മൈക്രോ ഫിനാൻസ് കേസുകൾ വെള്ളാപ്പള്ളിയുടെ തലക്കു മുകളിൽ തൂങ്ങുന്നുമുണ്ട്. അതിൽനിന്ന് തലയൂരണമെന്നു വെള്ളാപ്പള്ളിക്ക് ആഗ്രഹമുണ്ട്. സി.പി.എം അനുകൂലമായി പ്രതികരിച്ചാൽ ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാൻ വെള്ളാപ്പള്ളി ശ്രമിച്ചേക്കാം. എന്നാൽ, വീരേന്ദ്രകുമാറിെൻറ കാര്യത്തിലെ താൽപര്യം വെള്ളാപ്പള്ളിയുടെ കാര്യത്തിൽ സി.പി.എം കാട്ടാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.