മലപ്പുറം: അസ്തമയച്ചോപ്പിനൊപ്പം ചെങ്കൊടികൾ പാറിപ്പറന്ന വേങ്ങര താഴെ അങ്ങാടിയിൽ ആയിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെത്തി. പി.പി. ബഷീറിന് വോട്ടഭ്യർഥിച്ചുള്ള എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് വേദിയൊരുക്കിയ മൈതാനം നിറഞ്ഞ് റോഡിലേക്ക് കവിഞ്ഞ ജനക്കൂട്ടം പ്രിയ സഖാവിനെ ഒരു നോക്കുകാണാൻ കടകളുടെ മുകളിലുൾപ്പെടെ നിലയുറപ്പിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.എസ് പങ്കെടുത്ത ഏക പരിപാടിയായിരുന്നു ഞായറാഴ്ചത്തേത്. എഴുതിത്തയാറാക്കിയ 20 മിനിറ്റ് പ്രസംഗത്തിൽ ഇടതുമുന്നണിയുടെ ആവശ്യകത എടുത്തുപറഞ്ഞ വി.എസ്, മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും സംഘ്പരിവാറിനെയും കണക്കിന് കൊട്ടി. ലീഗ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണിത്. ലോക്സഭയിലേക്ക് മറ്റാരെയെങ്കിലും മത്സരിപ്പിക്കാമായിരുന്നിട്ടും ഒരു വിദ്വാനുണ്ടായ അതിമോഹമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി അതിമോഹം പാഴായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർഥിയെ ലീഗ് നേതൃത്വം ദൂരെയെറിഞ്ഞു. ആളുകളെ ബോധ്യപ്പെടുത്താൻ ഷോയുമായി റോഡിലിറങ്ങിയിരിക്കുകയാണ്. ലീഗിന് മറ്റൊരു സ്ഥാനാർഥി കൂടി ഇവിടെയുണ്ട്. ഒറിജിനലിന് വേണ്ടിയാണോ ഡ്യൂപ്ലിക്കേറ്റിന് വേണ്ടിയാണോ ഷോയെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗും കോൺഗ്രസും ആർ.എസ്.എസും ഒരമ്മ പെറ്റ മക്കളാണ്. പഴയ കോ-ലീ-ബി സഖ്യത്തിെൻറ ഓർമകൾ തികട്ടി വരുന്നുണ്ട്. തൊട്ടടുത്ത വള്ളിക്കുന്നിൽപോലും ഇവർ തോളോട് തോൾ ചേർന്നാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട്ട് ആർ.എസ്.എസ് നേതാക്കളെ ലീഗ് ഓഫിസിൽ വിളിച്ച് സൽക്കരിച്ചു. ബി.ജെ.പിക്ക് ഫണ്ട് കൊടുത്ത വനിത നേതാവിനെ പുറത്താക്കിയെന്ന് ലീഗ് പറഞ്ഞെങ്കിലും അവരും വോട്ട് പിടിക്കുന്നുണ്ട്. ആർ.എസ്.എസുകാരനെതിരെ വോട്ട് ചെയ്യാൻ വയ്യാത്തതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് കുഞ്ഞാലിക്കുട്ടിയും വഹാബും വിട്ടുനിന്നത്. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരെന്ന് പറയുന്നപോലെ ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിക്കാരെന്നതാണ് അവസ്ഥ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈത്തണ്ടയിൽ കാവിച്ചരട് കെട്ടുന്നതെന്നെന്ന് മാത്രമേ ഇനി അറിയാനുള്ളൂവെന്നും വി.എസ് പരിഹസിച്ചു.
സി.പി.എമ്മിനെ ചീത്തപറയാൻ മാത്രമാണ് ‘കുമ്മനംജി’യുടെ യാത്ര. നോട്ട് നിരോധിച്ചും ജി.എസ്.ടി ഏർപ്പെടുത്തിയും ആളുകളെ ദ്രോഹിക്കുന്നവരാണ് ജനരക്ഷായാത്ര നടത്തുന്നത്. മലപോലെ വന്ന അമിത് ഷാ എലി പോലെ ഓടി. ഇവിടെ ക്ലച്ച് പിടിക്കില്ലെന്ന് മനസ്സിലായത് കൊണ്ടാണിത്. മെഷീൻ ഗണ്ണുപയോഗിച്ച് യാത്ര നടത്തുന്ന വേറൊരു നേതാവ് ലോകത്തില്ല. ബി.ഡി.ജെ.എസ് കുമ്മനത്തെ മൊഴിചൊല്ലാൻ പോവുന്നു. മിസ്ഡ് കോളടിച്ച് ബി.ജെ.പിയിൽ ചേർത്തവരെയെല്ലാം പാർട്ടിക്ക് താമസിയാതെ മിസ്സാവും. അതിനുള്ള വഴി അലവലാതി വർത്തമാനം പറയുന്ന കണ്ണന്താനത്തെപ്പോലുള്ളവർ ഉണ്ടാക്കുന്നുണ്ടെന്നും വി.എസ് കൂട്ടിച്ചേർത്തു. എം.എൽ.എമാരായ ടി.വി. രാജേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.