കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടികളും നേതാക്കളും നവ മാധ്യമങ്ങളിലൂടെ പോരാട്ടം കനപ്പിച്ചു. പതിവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കോവിഡ് നിയന്ത്രണം വെല്ലുവിളിയായതാണ് സമൂഹ മാധ്യമങ്ങളിലേക്ക് മാറ്റിപ്പിടക്കാൻ കാരണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ട ഈ സമയം നിശ്ശബ്ദമായി കടന്നുപോകുകയാണ്. ഡിസംബറിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമുണ്ടെങ്കിലും പ്രചാരണത്തിനു കടുത്ത നിയന്ത്രണങ്ങളാണുള്ളത്. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും മുന്നണി രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ പാർട്ടികളെ വലക്കുന്നുണ്ട്.
പാർട്ടികളിൽനിന്ന് പാർട്ടി കളിലേക്കുള്ള കാലുമാറ്റവും പ്രകടമാണ്. കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസിലേക്കും കോൺഗ്രസിൽനിന്നടക്കം കേരള കോൺഗ്രസിലേക്കും അടിയൊഴുക്കാണ്. മാണിയിൽനിന്ന് ജോസഫിലേക്കും തിരിച്ചും നേതാക്കൾ മാറുന്നതിനു പിന്നിൽ വലിയ ചരടുവലികളാണ് നടക്കുന്നത്. നവമാധ്യമങ്ങളിലാണ് ചർച്ചകൾ മൊത്തം.
പുതുതലമുറ വോട്ടുകളില്‍ സ്വാധീനം ചെലുത്താന്‍ സൈബര്‍ പോരാട്ടത്തിനു കഴിയുമെന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. സി.പി.എം മുേമ്പ സൈബര്‍ പോരാട്ടത്തിനു തുടക്കമിട്ടു. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും ആരംഭിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാട്സ്ആപ് ഗ്രൂപ്പുകളും സജീവമാണ്.
ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ഇത്തവണ സി.പി.എമ്മിെൻറ മുഖ്യതെരഞ്ഞെടുപ്പ് യുദ്ധം. കോണ്‍ഗ്രസും മറ്റു പാർട്ടികളും ഇത്തരത്തിൽ മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. പല പാര്‍ട്ടികളുടെയും എം.പി, -എം.എല്‍.എമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.
ഇടുക്കി ഉൾപ്പെടെ ജില്ലകളില്‍ കോണ്‍ഗ്രസിന് വാര്‍ഡുതലത്തില്‍ സൈബര്‍ പോര്‍മുഖങ്ങള്‍ തുറക്കുന്നതില്‍ താമസം വന്നിട്ടുണ്ട്. ഓരോ പാർട്ടികളും എതിര്പക്ഷത്തിെൻറ ആരോപണങ്ങള്‍ക്ക് കമൻറുകളായും ചിത്രങ്ങളായും മറുപടി നൽകുന്നുണ്ട്. ചിലപ്പോൾ ചില പോസ്റ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുമെന്നതിനാല്‍ കൈകാര്യം ചെയ്യുന്നവര്‍ അതിജാഗ്രതയിലാണ്.
ജില്ലയിൽ ഭൂപ്രശ്നങ്ങളും പട്ടയവും ഇപ്പോൾ തന്നെ നവമാധ്യമങ്ങളിൽ നിറയുകയാണ്. പ്രാദേശികമായി മൂന്നുചെയിൻ പട്ടയം തെരഞ്ഞെടുപ്പ് വിഷയമാകാൻ കോൺഗ്രസ് നവമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.