മമത ബാനർജി സ്വന്തം കോട്ടയാക്കി മാറ്റിയ പശ്ചിമ ബംഗാൾ പിടിക്കാൻ ബി.ജെ.പിയൊരുക്കിയ ഭൂരിപക്ഷ വർഗീയ ധ്രുവീകരണത്തിന് ഇക്കുറി കാര്യമായി വിലയൊടുക്കേണ്ടിവരുക സി.പി. എമ്മായിരിക്കുമെന്ന് റായ്ഗഞ്ചിൽ ചെന്നാലറിയാം. കഴിഞ്ഞ ലോക്സഭയിൽ ബംഗാളിൽനിന് ന് സി.പി.എമ്മിന് ആകെ കിട്ടിയ രണ്ടു മണ്ഡലങ്ങളിലൊന്നായ റായ്ഗഞ്ചിൽ വിയർക്കുകയാ ണ് സി.പി.എമ്മിെൻറ സിറ്റിങ് എം.പി മുഹമ്മദ് സലീം.
ഒരു കാലത്ത് കോൺഗ്രസ് കോട്ടയ ായിരുന്ന റായ്ഗഞ്ച് ലോക്സഭ സീറ്റ് കേവലം 1634 വോട്ടിന് പിടിച്ചെടുത്തത് നിലനിർത ്താൻ സലീമിന് പ്രധാന തടസ്സം വർഗീയ ധ്രുവീകരണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സലീമിന് 3,17,515 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളി ദീപാദാസ് മുൻഷി 3,15,881 വോട്ട് നേടി. 2,03,131 വോട ്ട് നേടി ബി.ജെ.പി മൂന്നാം സ്ഥാനത്തും 1,92,698 വോട്ട് നേടി തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തും എത്തി.
എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഏറെ മാറിയ മണ്ഡലത്തിൽ സലീമിന് ഭീഷണിയുയർത്തുന്ന എതിരാളിയായി ബി.ജെ.പി സ്ഥാനാർഥി ദേബശ്രീ ചൗധരി മാറിക്കഴിഞ്ഞു. കഴിഞ്ഞ തവണ കഷ്ടിച്ച് രക്ഷപ്പെട്ട് ലോക്സഭയിൽ സി.പി.എമ്മിെൻറ മുഖമായി മാറിയ മുഹമ്മദ് സലീം മണ്ഡലത്തിലെ ഭൂരിപക്ഷ വോട്ടുകളിൽ ബി.ജെ.പിക്ക് അനുകൂലമായ ധ്രുവീകരണം മുൻകൂട്ടി കണ്ടാണ് അവസാന നിമിഷം വരെ കോൺഗ്രസുമായി ധാരണക്ക് ശ്രമിച്ചത്.
എന്നാൽ, പരേതനായ കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യ ദീപദാസ് മുൻഷി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലം സലീമിന് വിട്ടുകൊടുക്കാൻ തയാറായില്ല. അതിലാണ് ബംഗാളിലെതന്നെ സി.പി.എം-കോൺഗ്രസ് ധാരണ പൊളിഞ്ഞത്. ദീപദാസ് വാശിപിടിച്ച് വാങ്ങിയ മണ്ഡലത്തിലെ ഏക മുസ്ലിം സ്ഥാനാർഥിയായി മുഹമ്മദ് സലീം മാറിയതോടെ സിറ്റിങ് എം.പിയെ തോൽപിച്ച് മണ്ഡലം പിടിക്കാൻ ബി.ജെ.പി ഇതാണ് പ്രധാന പ്രചാരണായുധമാക്കിയിരിക്കുന്നത്.
ബി.ജെ.പിക്ക് വളംവെച്ച് തൃണമൂൽ
ജനസംഖ്യയുടെ പകുതി വരുന്ന മുസ്ലിംകളുടെ വോട്ട് സലീമിനായിരിക്കുമെന്ന് കാണിച്ച് ഹിന്ദുവോട്ട് ബി.െജ.പിക്ക് അനുകൂലമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ബി.ജെ.പിയുടെ ആ പ്രചാരണത്തിന് വളംവെച്ചുകൊടുക്കുന്ന തരത്തിൽ ബംഗാളിലെ അവരുടെ പ്രധാന എതിരാളിയായ തൃണമൂൽ കോൺഗ്രസ് തന്നെ പ്രചാരണം നടത്തുന്ന വിചിത്ര കാഴ്ചയും റായ്ഗഞ്ചിൽ കാണാം.
വർഗീയ പ്രചാരണം ശക്തിപ്പെട്ട മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിെൻറ സ്ഥാനാർഥി തനിക്ക് വോട്ടു ചെയ്തില്ലെങ്കിലും സലീമിന് ചെയ്യരുതെന്നും ബി.ജെ.പിക്ക് ചെയ്താൽ മതിയെന്നും പറയുന്നതിെൻറ വിഡിയോ മണ്ഡലത്തിൽ വൈറലാണ്. കോൺഗ്രസിൽനിന്ന് ചാടി റായ്ഗഞ്ചിൽ തൃണമൂൽ സ്ഥാനാർഥിയായ കനയ്യലാൽ അഗർവാളാണ് സലീമിനെ തോൽപിക്കാൻ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടു ചെയ്താലും വേണ്ടില്ല എന്ന് പരസ്യമായി പറഞ്ഞത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സലീമിന് വോട്ട് ചെയ്ത റായ്ഗഞ്ചിലെ സി.പി.എം പ്രവർത്തകനും സ്വകാര്യ കമ്പനിയിൽ എക്സിക്യൂട്ടിവുമായ സംഗീത് താൻ ഇത്തവണ മോദിക്കൊപ്പമാണെന്ന് തുറന്നുപറഞ്ഞു. റായ്ഗഞ്ചിൽ ഇക്കുറി സലീമിന് മുസ്ലിംകളേ വോട്ടുചെയ്യൂ എന്നും ഹിന്ദുക്കൾ ഭൂരിഭാഗവും ബി.ജെ.പിക്കായിരിക്കും വോട്ടു ചെയ്യുകയെന്നും സംഗീത് തുടർന്നു.
ധ്രുവീകരണമില്ലെന്ന് സി.പി.എം
അതേസമയം, റായ്ഗഞ്ചിലെ സി.പി.എം ഒാഫിസിലുള്ളവർ ഇത്തരമൊരു ധ്രുവീകരണം തന്നെയില്ലെന്ന് ആണയിടുന്നു. സലീം വിജയിക്കുമെന്നും അവർ പറയുന്നു. സലീം തോൽക്കുമെന്ന് റായ്ഗഞ്ചിലെ കോൺഗ്രസ് ജില്ല ആസ്ഥാനത്തുള്ള കോൺഗ്രസുകാർ പറയുന്നത് സി.പി.എം കേഡറുകളുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് ചൂണ്ടിക്കാണിച്ചാണ്. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് സി.പി.എമ്മിൽനിന്നും കോൺഗ്രസുകാരുടെ പോക്ക് തൃണമൂലിലേക്കും ആയിരുന്നു. റായ്ഗഞ്ച് മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകരിൽ 80 ശതമാനവും സി.പി.എമ്മുകാരാണ്.
ദീപാദാസ് മുൻഷി ജയിക്കില്ലെങ്കിൽ പിന്നെ റായ്ഗഞ്ചിൽ ബി.ജെ.പിയേ ജയിക്കൂ എന്ന് ജില്ല കോൺഗ്രസ് ഒാഫിസിൽവെച്ച് കണ്ട മുനിസിപ്പൽ നേതാവ് മൊഹൻ സാഹ പറയുന്നു.
പ്രിയരഞ്ജൻ ദാസ് മുൻഷി ജീവിച്ചിരുന്ന കാലത്ത് പ്രവർത്തിച്ച പ്രാദേശിക നേതാക്കളും പ്രവർത്തകരും വലിയൊരു പങ്കും തൃണമൂലിലേക്ക് പോയെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് തൃണമൂലിൽനിന്ന് വരുമാനവും ഉണ്ടാക്കാൻ കഴിയുന്നുണ്ട്. കോൺഗ്രസിൽതന്നെ തുടർന്നാൽ അവർക്ക് അതിന് കഴിയില്ലല്ലോയെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.