കൊല്ലം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം കേരള ഭരണത്തിന്റെ കൂടി വിലയിരുത്തലാകും എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. കേരള ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതും മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ഇല്ലാത്തതും ഖജനാവ് കാലിയാക്കിയതും കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരെ കുറിച്ചും ഗൗരവതരമായി തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. ഒരു സീറ്റില്‍ പോലും എല്‍.ഡി.എഫ് വിജയിക്കില്ല.
എന്നെ മാത്രം വിമര്‍ശിക്കാതെ മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയെ വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയിട്ടും നിങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും തന്നില്ലല്ലോയെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അത് സത്യമല്ലേ? ലൈഫ് മിഷന്‍ അഴിമതിയില്‍ പിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ലല്ലോ? ആറര കൊല്ലമായിട്ടും ലാവലിന്‍ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്? രാഹുല്‍ ഗാന്ധിയെ പത്ത് വര്‍ഷം മുന്‍പ് ബി.ജെ.പി അപമാനിച്ചത് ഇപ്പോള്‍ പിണറായിയും കൂട്ടരും ഏറ്റെടുത്തിരിക്കുകയാണ്.
പൗരത്വത്തെ കുറിച്ച് പറഞ്ഞും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിനെതിരായ അമര്‍ഷവും രോഷവും തെരഞ്ഞെടുപ്പ് അജണ്ടയില്‍ വരാതിരിക്കാനുള്ള കൗശലവും ചുളുവില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള ശ്രമമവുമാണ് പിണറായി വിജയന്‍ നടത്തിയത്. അത് തുറന്നുകാട്ടപ്പെട്ടു. രാഹുല്‍ ഗാന്ധി വടക്കേ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേ ദിവസം അതേ വാചകം പിണറായിയും പറഞ്ഞു. രണ്ടു പേരുടെയും പ്രസ്താവനകള്‍ ഒരിടത്താണോ തയാറാക്കുന്നതെന്നു പോലും സംശയമുണ്ട്.
സ്മൃതി ഇറാനിയുടെ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയും പിറ്റേ ദിവസം പിണറായി ആവര്‍ത്തിച്ചു. ലീഗ് പതാക അഞ്ച് വര്‍ഷം മുന്‍പ് വിവാദമാക്കിയത് ബി.ജെ.പി. ഇപ്പോള്‍ വിവാദമാക്കിയത് പിണറായി. അപ്പോള്‍ ബി.ജെ.പിയും പിണറായി വിജയനും തമ്മില്‍ ദൂരമില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ എത്ര വിധേയനായും ഭയന്നുമാണ് പിണറായി വിജയന്‍ നിന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ പ്രചാരണം നടത്തിയത് സി.പി.എമ്മാണ്. ഇൻഡ്യ മുന്നണിയേക്കാള്‍ സി.പി.എമ്മിന് നല്ലത് എന്‍.ഡി.എയാണ്. ആ ഘട്ടത്തിലേക്ക് സി.പി.എം എത്തിയിരിക്കുന്നു. പിണറായിയും ഗോവിന്ദനും സുരേന്ദ്രനും മുരളീധരനും ഒന്നിച്ച് പത്രസമ്മേളനം നടത്തുന്ന കാഴ്ച മാത്രമെ ഇനി കേരളം കാണാനുള്ളൂ. ഒരേ വാചകങ്ങളാണ് ഇവര്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം നടത്തിയവര്‍ തീവ്രവാദികളാണെന്ന് കേരളം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ദേശാഭിമാനി പത്രത്തില്‍ വികാരി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ തീവ്രവാദികളാണെന്ന് അവരുടെ പടങ്ങള്‍ നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഗൂഢാലോചന നടത്തിയാണ് രൂപതയുടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കേരള മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അത് ചെയ്തതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.