കരട് രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസ് മാറ്റം വരുത്തുന്നതിന് ബംഗാൾ പ്രതിനിധികൾ സമ്മർദം ചെലുത്തണമെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനത്തിൽ യെച്ചൂരി
ന്യൂഡൽഹി: ത്രിപുരയിൽ സി.പി.എം തോറ്റ സാഹചര്യംകൂടി കണക്കിലെടുത്ത് കോൺഗ്രസുമായുള്ള ബന്ധം പാർട്ടി പുനരാലോചിക്കണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസുമായുള്ള ബന്ധവും സഖ്യവും നിരാകരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസ് മാറ്റം വരുത്തുന്നതിന് സഖാക്കൾ സമ്മർദം ചെലുത്തണമെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനത്തിൽ പെങ്കടുത്ത യെച്ചൂരി ആവശ്യപ്പെട്ടു. ‘‘കോൺഗ്രസിനു വേണ്ടി വാതിൽ തുറന്നുവെക്കാനുള്ള നിർദേശം കേന്ദ്രകമ്മിറ്റി ജനുവരിയിൽ തള്ളി. പക്ഷേ സഖാക്കളേ, നിങ്ങൾക്ക് സ്വന്തം കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ എല്ലാ അവകാശവുമുണ്ട്. അതനുസരിച്ച് ഭേദഗതി സമർപ്പിക്കുകയും ചെയ്യാം’’ -കൊൽക്കത്ത സമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി.
ഇന്ത്യയിലെവിടെയും വിപ്ലവകരമായ മുന്നേറ്റങ്ങളിൽ ബംഗാൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബദൽ ചിന്താധാരയുടെ പേരിൽ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ സി.പി.എമ്മിനെ ആക്രമിക്കുന്ന ഇൗ ഘട്ടത്തിൽ, ഇത്തരം ശക്തികളെ നേരിടുന്നതിന് ബംഗാളിന് കൂടുതൽ ഉത്തരവാദിത്തമുണ്ട് -അദ്ദേഹം പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസുമായി ഒൗപചാരികമോ അനൗപചാരികമോ ആയ ധാരണക്ക് വേണ്ടിയാണ് യെച്ചൂരി വാദിച്ചുപോരുന്നത്. എന്നാൽ, പ്രകാശ് കാരാട്ടിെൻറ നേതൃത്വത്തിൽ മറുവിഭാഗം ഇൗ വാദം അട്ടിമറിച്ചു. വിഷയം വീണ്ടുമൊരിക്കൽക്കൂടി ഇഴ കീറി പരിശോധിക്കാൻ യെച്ചൂരിക്ക് അവസരം നൽകുന്നതാണ് ത്രിപുര ഫലമെന്ന് സി.പി.എമ്മിലുള്ളവർതന്നെ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് ബന്ധത്തെ അനുകൂലിക്കുന്നവർ കരട് രാഷ്ട്രീയ പ്രമേയത്തിെൻറ 2.115(2) ഖണ്ഡികയിൽ ഭേദഗതി കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. ‘‘എല്ലാ മതേതര, ജനാധിപത്യ ശക്തികളെയും അണിനിരത്തി ബി.ജെ.പിയെയും അതിെൻറ സഖ്യകക്ഷികളെയും തോൽപിക്കുകയാണ് പ്രധാന ദൗത്യം. എന്നാൽ, കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമോ ധാരണയോ കൂടാതെ വേണം ഇതു ചെയ്യാൻ’’ എന്നാണ് ഇൗ ഖണ്ഡികയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.